അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇറാൻ; പ്രസിഡന്റ് അംഗീകാരം നല്‍കി
അന്താരാഷ്ട്ര ആണവോർജ ഏജൻസി അധികൃതരുടെ പരിശോധനകളും പ്രവേശനവും നിരോധിച്ചുകൊണ്ടുള്ള ബില്ല്, ഇറാൻ പാർലമെന്റ് നേരത്തെ പാസാക്കിയിരുന്നു
തെഹ്റാന്‍: അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള(ഐഎഇഎ) സഹകരണം അവസാനിപ്പിക്കുന്ന ബില്ലിന് അംഗീകാരം നല്‍കി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍.
ഐഎഇഎയുമായുള്ള സഹകരണം നിർത്തിവയ്ക്കുന്നതിനുള്ള ബില്‍, ഇറാൻ പാർലമെന്റ് കഴിഞ്ഞ ആഴ്ച പാസാക്കിയിരുന്നു. ഈ ബില്ലിനാണ് പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍ അംഗീകാരം നല്‍കിയത്.
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അധികൃതരുടെ പരിശോധനകളും പ്രവേശനവും നിരോധിച്ചുകൊണ്ടുള്ള ബില്ലാണ് ഇറാന്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നത്. ഇതോടെ ഐഎഇഎ നിരീക്ഷകര്‍ക്ക് ഇനി രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ വിലക്കുണ്ടാകും. ഐഎഇഎയുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് ഇസ്രായേലുമായുള്ള സംഘര്‍ഷത്തിനിടെ ഇറാന്‍ വ്യക്തമാക്കിയിരുന്നു.
അതിന്റെ തുടര്‍ ചര്‍ച്ചകളിലായിരുന്നു ഇറാന്‍. ഇന്നാണ് ബില്ലിന് ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍ അംഗീകാരം നല്‍കുന്നത്. ജൂൺ 13 ന് ഇറാനിയൻ സൈനിക, ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതോടെയാണ് ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന് തുടക്കമായത്. 12 ദിവസത്തോളം നീണ്ട സംഘര്‍ഷത്തിന് ശേഷമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
ഇതിനിടെ യുഎസ് മൂന്ന് ഇറാനിയൻ ആണവ കേന്ദ്രങ്ങളില്‍ ബോംബിടുകയും ഇതിന് പ്രതികാരമെന്നോണം ഖത്തറിലെ യുഎസ് സൈനിക താവളം ഇറാന്‍ ആക്രമിക്കുകയും ചെയ്തിരുന്നു. ജൂൺ 24നാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.