ഇറാൻ- ഇസ്രായേൽ സംഘർഷം: മധ്യസ്ഥ ചർച്ചക്കുള്ള റഷ്യയുടെ സന്നദ്ധത തള്ളി യുഎസ്
ആദ്യം യുക്രൈൻ പ്രശ്‌നം പരിഹരിക്കൂ എന്നായിരുന്നു ട്രംപിന്റെ മറുപടി.
വാഷിങ്ടൺ: ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ മധ്യസ്ഥ ചർച്ചക്കുള്ള റഷ്യയുടെ സന്നദ്ധത തള്ളി യുഎസ് പ്രസിഡന്റ് ട്രംപ്. ആദ്യം യുക്രൈൻ പ്രശ്‌നം പരിഹരിക്കൂ എന്നായിരുന്നു ട്രംപിന്റെ മറുപടി. ഇസ്രായേൽ- ഇറാൻ സംഘർഷം രൂക്ഷമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ പറഞ്ഞിരുന്നു. സംഘർഷം ഒഴിവാക്കാൻ മധ്യസ്ഥതക്ക് തയ്യാറാണെന്നും പുടിൻ വ്യക്തമാക്കിയിരുന്നു.
ഇറാനെതിരെ ഇസ്രായേലിനൊപ്പം നിൽക്കുന്ന യുഎസ് നിലപാടിനെയും റഷ്യ വിമർശിച്ചിരുന്നു. ഇറാനെതിരെ ആയുധം പ്രയോഗിക്കരുതെന്നും അത്തരത്തിലുള്ള നീക്കം പശ്ചിമേഷ്യയെ പാടെ തകർക്കുമെന്നും ട്രംപിനെ ധരിപ്പിച്ചതായി റഷ്യയുടെ വിദേശകാര്യ സഹമന്ത്രി സെർഗി റിബ്‌കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രായേൽ ആക്രമണം ആണവദുരന്തത്തിന് കാരണമായേക്കാമെന്നും റഷ്യ പറഞ്ഞു.
അതിനിടെ ഇറാൻ വിമാനങ്ങൾ ഒമാനിൽ എത്തിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. രണ്ട് വിമാനങ്ങളാണ് എത്തിയതെന്ന് ഫ്‌ളൈറ്റ് ട്രാക് രേഖ. മറ്റൊരു സ്വകാര്യ വിമാനവും ഒമാനിയെത്തിയെന്നാണ് റിപ്പോർട്ട്. സംഘർഷം ലഘൂകരിക്കാൻ ചർച്ചകൾക്ക് സാധ്യതയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.