Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തെൽ അവീവ്: ഇറാനുമായുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകന്റെ വിവാഹം മാറ്റിവച്ചതായി റിപ്പോർട്ട്. നെതന്യാഹുവിന്റെ മകൻ അവ്‌നർ നെതന്യാഹു തിങ്കളാഴ്ച തന്റെ പങ്കാളിയായ അമിത് യാർദേനിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായി ദി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലി ബന്ദികൾ ഇപ്പോഴും ഗസ്സയിൽ തടവിലായിരിക്കുമ്പോൾ നെതന്യാഹു കുടുംബം ആഘോഷിക്കുകയാണെന്ന് ചില സർക്കാർ വിരുദ്ധ പ്രതിഷേധക്കാർ വിമർശിച്ചതിനെ തുടർന്നാണ് വിവാഹം മാറ്റിവെച്ചതെന്നും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു.
മാത്രമല്ല, നെതന്യാഹു കുടുംബം മെഗാ ആഘോഷങ്ങൾക്ക് തയ്യാറെടുക്കുന്നതിനിടെ വെള്ളിയാഴ്ച ഇസ്രായേൽ ഇറാനെതിരെ ആണവ കേന്ദ്രങ്ങൾ, സൈനിക സൗകര്യങ്ങൾ, മിസൈൽ താവളങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഒരു വലിയ ആക്രമണം അഴിച്ചുവിട്ടു. ഇതിനോടുള്ള പ്രതികരണമായി ഇറാൻ ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈലുകളുടെ ആക്രമണം നടത്തി. ഇത് രാജ്യവ്യാപകമായ സംഘർഷത്തിന് വഴിവെക്കുകയും ഭൂരിഭാഗം ജനങ്ങളും ബങ്കറുകളിലേക്ക് മാറുകയും ചെയ്തു.
ഇന്ന് രാവിലെ ഇസ്രായേലിൽ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെട്ടതായും 180 പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ പൊലീസ് സ്ഥിരീകരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുറഞ്ഞത് 7 പേരെയെങ്കിലും കാണാതായിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.