Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തെഹ്‌റാൻ: ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ബഹ്മാൻ ചൂബിയാസ്ൽ എന്ന വ്യക്തിയെ ഇറാൻ വധശിക്ഷക്ക് വിധേയനാക്കിയതായി ജുഡീഷ്യറിയുടെ വാർത്താ ഏജൻസിയായ മിസാൻ റിപ്പോർട്ട് ചെയ്യുന്നു. പ്രതി ഇറാനിൽ ഇസ്രായേലിന്റെ ഏറ്റവും പ്രധാനപ്പെട്ട ചാരന്മാരിൽ ഒരാളായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇറാൻ സർക്കാർ സ്ഥാപനങ്ങളുടെ ഡാറ്റാബേസ് നേടുകയായിരുന്നു ഇയാളിലൂടെ മൊസാദിന്റെ പ്രധാന ലക്ഷ്യം. അതോടൊപ്പം ഇലക്ട്രോണിക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്റെ വഴി അന്വേഷിക്കുന്നത് ഉൾപ്പെടെയുള്ള മറ്റ് ദ്വിതീയ ലക്ഷ്യങ്ങളും മൊസാദിന് ഉണ്ടായിരുന്നതായി മിസാൻ റിപ്പോർട്ടിൽ പറയുന്നു. ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദുമായി ബന്ധമുള്ളവരെയും അതിന്റെ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കിയെന്നും ആരോപിച്ച് നിരവധി വ്യക്തികളെ ഇറാൻ ഇതിനകം വധിച്ചിട്ടുണ്ട്.
ജൂണിൽ ഇറാൻ ഇസ്രായേൽ യുദ്ധത്തിന് ശേഷം ഇറാനിനുള്ളില്ലേ മൊസാദ് കമാൻഡോകളെ വിന്യസിച്ചുള്ള ആക്രമണങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. തത്ഫലമായി ഇസ്രായേലിനു വേണ്ടി ചാരവൃത്തി നടത്തിയതിന് ശിക്ഷിക്കപ്പെട്ട ഇറാനികളുടെ വധശിക്ഷ ഈ വർഷം ഗണ്യമായി വർധിച്ചു. സമീപ മാസങ്ങളിൽ കുറഞ്ഞത് 10 വധശിക്ഷകളെങ്കിലും ഇറാൻ നടപ്പിലാക്കിയിട്ടുണ്ട്.