ഇറാൻ മിസൈൽ ആക്രമണം: ഇസ്രായേലിലെ മൈക്രോസോഫ്റ്റ് ഓഫീസിന് സമീപം വന്‍ തീപിടിത്തം
പ്രദേശത്ത് തീ ആളിപ്പടരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു
തെല്‍ അവിവ്: ഇറാന്‍ മിസൈല്‍ പതിച്ചതിന് പിന്നാലെ ഇസ്രായേലിലെ മൈക്രോസോഫ്റ്റ് ഓഫീസിന് സമീപം വന്‍ തീപിടിത്തം. തെക്കന്‍ നഗരമായ ബീർഷെബയിലെ ഓഫീസിന് സമീപമാണ് തീ പിടിത്തമുണ്ടായതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഇവിടേക്ക് വന്ന മിസൈല്‍ തടഞ്ഞുവെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. പ്രദേശത്ത് തീ ആളിപ്പടരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നേയുള്ളൂ. രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിലെ തുറസ്സായ പ്രദേശങ്ങളിൽ വെടിക്കോപ്പുകള്‍ വീണതായുള്ള റിപ്പോർട്ടുകൾ ലഭിച്ചതായി ഇസ്രായേൽ പൊലീസ് പറഞ്ഞു.
നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം തെക്കന്‍ നഗരങ്ങളിലുടനീളം സൈറണുകള്‍ മുഴങ്ങുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ബീർഷെബയിലെ പ്രധാന സൈനിക ആശുപത്രിയായ സൊറോക്ക മെഡിക്കൽ സെന്റർ ഇറാനിയൻ ആക്രമണത്തിൽ തകർന്നത്. ഇസ്രായേലിന്റെ നെവാറ്റിം വ്യോമതാവളം സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണ് ബീർഷെബ. സംഘർഷം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ, മിസൈല്‍ ആക്രമണം അയവില്ലാതെ തുടരുകയാണ്.
അതേസമയം ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചും ഇസ്രായേലിന്റെ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുമുള്ള ചർച്ചകൾക്കായി ഫ്രാൻസ്, ജർമ്മനി, യുകെ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ചര്‍ച്ച നടത്തും. ജനീവയില്‍ ഇന്നാണ് ചര്‍ച്ച. യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ ആവശ്യപ്രകാരമാണ് ചര്‍ച്ചയെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്.