ഇസ്രായേലിന്‍റെ ആണവ രഹസ്യങ്ങൾ പുറത്തുവിടും; ഭീഷണിയുമായി ഇറാൻ

എന്നാല്‍ ഇത് സംബന്ധിച്ച തെളിവുകളൊന്നും ഇറാന്‍ പുറത്തുവിട്ടിട്ടില്ല

Update: 2025-06-10 04:43 GMT
Editor : Jaisy Thomas | By : Web Desk

തെഹ്റാൻ: ഇസ്രയേലിന്‍റെ ആണവ പദ്ധതി രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്തുവെന്നും വൈകാതെ പുറത്തുവിടുമെന്നും ഇറാന്‍. ഇന്‍റലിജൻസ് മന്ത്രി ഇസ്മായില്‍ ഖത്തീബ് ഞായറാഴ്ച സ്റ്റേറ്റ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭീഷണി. എന്നാല്‍ ഇത് സംബന്ധിച്ച തെളിവുകളൊന്നും ഇറാന്‍ പുറത്തുവിട്ടിട്ടില്ല.

"ആണവ സൗകര്യങ്ങളെക്കുറിച്ചുള്ള പദ്ധതികളും ഡാറ്റയും ഉൾപ്പെടെ തന്ത്രപരവും സെൻസിറ്റീവുമായ ഇസ്രായേൽ രേഖകളുടെ ഒരു വലിയ ശേഖരം തെഹ്റാന്‍റെ പക്കലുണ്ടെന്ന്'' ഖത്തീബ് അവകാശപ്പെട്ടു. ഇറാനു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ രണ്ട് ഇസ്രായേലി പൗരന്മാരായ റോയി മിസ്രാഹി, അൽമോഗ് ആറ്റിയാസിനും ഇക്കാര്യത്തിൽ പങ്കുണ്ടെന്നും ഇറാൻ സൂചിപ്പിച്ചു. ആണവ പദ്ധതി ആരോപിച്ച് ഇറാനുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ യുഎന്നില്‍ നീക്കം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഇറാന്‍റെ വെളിപ്പെടുത്തല്‍.

Advertising
Advertising

തങ്ങളുടെ ആണവായുധ ശേഖരത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ലാത്ത, ഗണ്യമായ അളവിൽ ആണവായുധങ്ങൾ അടങ്ങിയിട്ടുണ്ടെന്നും മിഡിൽ ഈസ്റ്റിൽ ആണവ ബോംബുകളുള്ള ഏക രാജ്യമാണിതെന്നും പറയപ്പെടുന്ന ഇസ്രായേൽ ചോർന്ന രേഖകളുടെ റിപ്പോർട്ടിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.''വിവരങ്ങളുടെ കൈമാറ്റം സമയമെടുക്കുന്നതും സുരക്ഷാ നടപടികൾ ആവശ്യമായിരുന്നു. സ്വാഭാവികമായും, കൈമാറ്റ രീതികൾ രഹസ്യമായി തുടരും, പക്ഷേ രേഖകൾ ഉടൻ വെളിപ്പെടുത്തണം," ഖത്തീബ് വ്യക്തമാക്കി.

ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയാൽ ഇസ്രായേൽ ഖേദിക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. 'സമാധാനപരമായ ആണവ സ്ഥാപനങ്ങൾക്കെതിരായ ഏതൊരു ഭീഷണിയും അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. ഇസ്രായേൽ അത്തരമൊരു തെറ്റ് ചെയ്താൽ അവർ ഖേദിക്കേണ്ടിവരും.' ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചി പത്രസമ്മേളനത്തിൽ പറഞ്ഞു. പശ്ചിമേഷ്യൻ മേഖലയിലെ ആണവ വിഷയങ്ങളിൽ പാശ്ചാത്യ ശക്തികൾ ഇരട്ടത്താപ്പ് നിലപാട് സ്വീകരിക്കുന്നുവെന്നും അരഘ്ചി ആരോപിച്ചിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News