ഇസ്രായേൽ ചരക്കുകപ്പൽ പിടിച്ചെടുത്ത് ഇറാൻ; വലിയ വില കൊടുക്കേണ്ടിവരുമെന്ന് ഇസ്രായേൽ

കപ്പൽ പിടിച്ചെടുത്തത് ഇറാൻ നാവികസേനയും റെവല്യൂഷനറി ഗാർഡും ചേർന്ന്

Update: 2024-04-13 13:27 GMT
Editor : ശരത് പി | By : Web Desk

തെഹ്‌റാൻ: ഇസ്രായേലിനെതിരായ പ്രത്യാക്രമണത്തിന്റെ ഭാഗമായി ഇസ്രായേൽ ചരക്കുകപ്പൽ പിടിച്ചെടുത്ത് ഇറാൻ. ഹോർമൂസ് കടലിടുക്കിനോട് ചേർന്ന് സഞ്ചരിച്ചിരുന്ന എം.സി.എസ് ഏരീസ് എന്ന കപ്പലാണ് പിടിച്ചെടുത്തത്. കപ്പൽ ഇറാൻ സമുദ്രാതിർത്തിയിലേക്ക് നീക്കിയതായി തെഹ്‌റാനിൽ നിന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.

ഇറാൻ നാവികസേനയും റെവല്യൂഷനറി ഗാർഡും ചേർന്നാണ് കപ്പൽ പിടിച്ചെടുത്തത്. ഏത് സാഹചര്യത്തിലാണ് കപ്പൽ പിടിച്ചെടുത്തതെന്നും എന്താണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. നിലവിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കപ്പൽ പിടിച്ചെടുത്തതിൽ ഇറാൻ വലിയ വിലകൊടുക്കേണ്ടിവരുമെന്ന് ഇസ്രായേൽ സൈനിക വക്താവ് വ്യക്തമാക്കി.

Advertising
Advertising

ഇസ്രായേലിനെതിരായ പ്രത്യാക്രമണത്തിന് നൂറിലധികം ക്രൂയിസ് മിസൈലുകൾ ഇറാൻ വിന്യസിച്ചതായും റിപ്പോർട്ടുകളുണ്ട്. മേഖലയിൽ സംഘർഷം മൂർച്ഛിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അമേരിക്കയും കൂടുതൽ യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. കിഴക്കൻ മെഡിറ്റേറിയൻ കടലിൽ രണ്ട് യു.എസ് നേവി ഡിസ്‌ട്രോയറുകളെയാണ് വിന്യസിച്ചത്. ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള സൗകര്യങ്ങൾ ഈ യുദ്ധക്കപ്പലുകളിലുണ്ട്.

ഇസ്രയേലിനെതിരായ ആക്രമണത്തിന് ഉപയോഗിക്കാനായി ഇറാൻ നൂറിലധികം ക്രൂയിസ് മിസൈലുകൾ തയ്യാറാക്കിയിട്ടുണ്ടെന്ന് യു.എസ് പ്രതിരോധ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിലെ നയതന്ത്ര കേന്ദ്രത്തിൽ ഏപ്രിൽ ഒന്നിന് നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി ഇസ്രായേലി ലക്ഷ്യങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ പരസ്യ പ്രതിജ്ഞയെടുത്തിരുന്നു. ഇതിനാൽ തന്നെ ഇസ്രായേൽ അതീവ ജാഗ്രതയിലാണ്. ഡമാസ്‌കസിലെ ആക്രമണത്തിൽ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിലെ രണ്ട് ഉന്നത ജനറൽമാരുൾപ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്.

ആക്രമണം നടത്തിയത് ഇസ്രയേലാണെന്ന് ഇറാൻ ആരോപിക്കുകയും പ്രതികരിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല.

അതേസമയം, കഴിഞ്ഞ മാസങ്ങളിലെല്ലാം സിറിയയിലുടനീളമുള്ള ഇറാനിയൻ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നിരവധി ആക്രമണങ്ങളാണ് നടത്തിയത്. ഈ ആക്രമണങ്ങൾ തീർച്ചയായും തിരിച്ചടി നൽകുമെന്ന് ഇറാനും ലെബനനിലെ പ്രധാന സഖ്യകക്ഷിയായ ഹിസ്ബുള്ളയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇറാന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്ത്യ, ഫ്രാൻസ്, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരൻമാരോട് ഇസ്രായേലിലേക്കും ഇറാനിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News