ആക്രമണം നേരിട്ട ഇറാൻ സ്റ്റേറ്റ് ടിവിയുടെ സംപ്രേഷണം പുനഃസ്ഥാപിച്ചു

ആക്രമണം നടക്കുമ്പോള്‍ വാര്‍ത്ത വായിച്ച അതേ അവതാരക തന്നെയാണ് പുനരാരംഭിച്ചപ്പോഴും വാര്‍ത്ത വായിച്ചത്

Update: 2025-06-17 01:22 GMT
Editor : rishad | By : Web Desk

തെഹ്റാന്‍: ആക്രമണം നേരിട്ട ഇറാൻ ടിവിയുടെ സംപ്രേഷണം പുനഃസ്ഥാപിച്ചു. ആസ്ഥാനത്ത് തീപടരുന്നതിനിടെയാണ് ചാനൽ സംപ്രേഷണം പുനരാരംഭിച്ചത്.

ആക്രമണം നടക്കുമ്പോള്‍ വാര്‍ത്ത വായിക്കുകയായിരുന്നു അതേ അവതാരക തന്നെയാണ് പുനരാരംഭിച്ചപ്പോഴും വാര്‍ത്ത വായിച്ചത്.  അതേസമയം മാധ്യമപ്രവർത്തകരടക്കം നിരവധി പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. 

ഇറാന്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ് (ഐആര്‍ഐബി) ആസ്ഥാനത്താണ് ഇസ്രയേല്‍ ബോംബിട്ടത്. തത്സമയ സംപ്രേഷണം നടക്കുന്നതിനിടെയായിരുന്നു ആക്രമണം.

ആക്രമണത്തെ തുടര്‍ന്ന് കെട്ടിടം ഇടിഞ്ഞുവീഴുന്നതും അവതാരക കസേരയില്‍നിന്ന് എഴുന്നേല്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ആക്രമണം നടന്നതായി ഇറാന്‍ സ്ഥിരീകരിക്കുകയും ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് ഐആര്‍ഐബി ന്യൂസ് നെറ്റ്‌വര്‍ക്കില്‍ തത്സമയ പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. 

ഇറാൻ തലസ്ഥാനായ തെഹ്റാൻ നഗരത്തിലെ നിവാസികൾ ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേലിന്‍റെ മുന്നറിയിപ്പ് വന്നതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ പ്രമുഖ വാർത്ത ചാനലിന് നേർക്ക് ആക്രമണം ഉണ്ടായത്. അതേസമയം, ഇസ്രായേലിനുള്ള ഇറാെന്റ മുന്നറിയിപ്പും വന്നിട്ടുണ്ട്. തെൽഅവീവിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞുപോകണമെന്നും ശക്തമായ ആക്രമണത്തിന് ഇറാൻ ഇറങ്ങുകയാണെന്നുമുള്ള മുന്നറിയിപ്പാണ് നൽകിയത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News