ഇസ്രായേലിൽ ഇറാന്റെ ഡ്രോൺ ആക്രമണം; കെട്ടിടത്തിന് തീപിടിച്ചു, തടുക്കാനായില്ലെന്ന് ഐഡിഎഫ്
സംഘര്‍ഷം തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഒരു ഇറാൻ ഡ്രോൺ നേരിട്ട് ഇസ്രായേലില്‍ പതിക്കുന്നതും സ്ഫോടനമുണ്ടാകുന്നതും
തെല്‍ അവിവ്: ഇസ്രായേലിലെ വടക്കന്‍ നഗരമായ ബൈത്ത് ഷഅനിൽ ഇറാന്റെ ഡ്രോൺ നേരിട്ട് പതിച്ചു. ആക്രമണത്തിൽ കെട്ടിടത്തിന് തീപിടിച്ചു.
അകത്തു കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണ്. സ്ഥലം പാെലീസ് വളഞ്ഞതിന്റെയും ആംബുലന്‍സ് നിര്‍ത്തിയിട്ടതിന്റെയും ചിത്രങ്ങള്‍ ടൈംസ് ഓഫ് ഇസ്രായേല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യമായാണ് ഒരു ഇറാൻ ഡ്രോൺ നേരിട്ട് പതിച്ച് സ്ഫോടനമുണ്ടാക്കുന്നത്. എന്നാല്‍ ആര്‍ക്കും പരിക്കില്ലെന്നാണ് സൈന്യം അവകാശപ്പെടുന്നത്.
ഷഹിദ്-136 മോഡലായ ഡ്രോണിനെ വെടിവച്ചു വീഴ്ത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് ഐഡിഎഫ് പറഞ്ഞു. അതേസമയം ഗോലാൻ കുന്നുകൾക്ക് മുകളിലൂടെ പറന്ന ഒരു ഡ്രോണിനെ വെടിവെച്ചിട്ടതായും മറ്റൊന്നിനെ തടയാൻ ശ്രമിച്ചതായും ഐഡിഎഫ് വ്യക്തമാക്കുന്നു. പ്രദേശത്ത് സൈറണുകള്‍ അടിക്കടി മുഴങ്ങുന്നുണ്ട്.
ഇതിനിടെ ഇറാന്റെ അഞ്ച് മിസൈലുകൾ ഇസ്രായേലിൽ പതിച്ചതായി ഇസ്രായേൽ സമ്മതിച്ചു. നയതന്ത്ര ചർച്ചകൾ ഫലംകാണതെ പിരിഞ്ഞതിനു പിന്നാലെ ഇസ്രായേലും ഇറാനും കനത്ത ആക്രമണങ്ങൾ തുടരുകയാണ്. ഇറാനിലെ ഖുമ്മിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഐആർജിസി കമാൻഡർ അടക്കം കൊല്ലപ്പെട്ടു. അതേസമയം യൂറോപ്പിനോടല്ല, യുഎസിനോടാണ് ഇറാന് സംസാരിക്കാനുള്ളതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
എന്നാല്‍ ഇസ്രായേൽ ആക്രമണം നിർത്താതെ ആണവ ചർച്ച പുനരാരംഭിക്കില്ലെന്ന് ഇറാന്‍ പ്രതികരിച്ചു. യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇസ്രായേലിൽ നിന്നും 25,000 യുഎസ് പൗരന്മാർ രക്ഷപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് യുഎസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.