ഇറാനിൽ ഇസ്രായേലിന്റെ കനത്ത ആക്രമണം; അഞ്ച് സൈനികർ കൊല്ലപ്പെട്ടു
30 ഫൈറ്റർ ജെറ്റുകൾ ആക്രമണത്തിൽ പങ്കെടുത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
തെഹ്‌റാൻ: ഇറാനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ഒമ്പതുപേർക്ക് പരിക്കേറ്റു. 30 ഫൈറ്റർ ജെറ്റുകൾ ആക്രമണത്തിൽ പങ്കെടുത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇറാനിലെ നാവികസേനാ ആസ്ഥാനം ഇസ്രായേൽ ആക്രമിച്ചതായി ഐഡിഎഫ് അവകാശപ്പെട്ടു.
ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഇറാൻ നഗരമായ അഹ്‌വാസിൽ പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേസമയം ഇറാനെതിരായ ആക്രമണത്തിൽ ഇതുവരെ കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്ന് ഇസ്രായേലി എയർഫോഴ്‌സ് കമാൻഡർ പറഞ്ഞു. പക്ഷേ നിരവധി ആക്രമണങ്ങൾ തടയാൻ കഴിഞ്ഞെന്നും കമാൻഡർ അവകാശപ്പെട്ടു.
ഇറാൻ വിദേശകാര്യ മന്ത്രിയുമായി ജിസിസി വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി. സൈപ്രസിൽ ഇസ്രായേലികളെ ലക്ഷ്യമിട്ടുള്ള ആക്രമണം തകർത്തതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു.
ഇറാൻ- ഇസ്രായേൽ സംഘർഷം നീളുന്നത് ഗൾഫ് മേഖലക്ക് തിരിച്ചടിയാകുമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. സംഘർഷം ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും പോരാട്ടം ഉടൻ അവസാനിപ്പിച്ച് ഉടൻ സമാധാനം പുനഃസ്ഥാപിക്കണമെന്നും ഗർഗാഷ് ആവശ്യപ്പെട്ടു.