ഇസ്രായേൽ ആക്രമണം: യുഎൻ രക്ഷാസമിതി ചേരണമെന്ന് ഇറാൻ

ലബനാനിൽ ഹിസ്ബുല്ല നടത്തിയ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായും 61 പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ സ്ഥിരീകരിച്ചു.

Update: 2024-10-27 00:44 GMT

തെഹ്‌റാൻ: ഇസ്രായേൽ ആക്രമണത്തിന് ഉചിതമായ തിരിച്ചടി നൽകാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് ഇറാൻ. അടിയന്തര യുഎൻ രക്ഷാസമിതി വിളിച്ചുചേർക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഇറാൻ തിരിച്ചടിച്ചാൽ ഇസ്രായേൽ സുരക്ഷക്കായി രംഗത്തിറങ്ങാൻ യുഎസ് പ്രസിഡന്റ ജോ ബൈഡൻ സൈന്യത്തിന് അനുമതി നൽകി. ലബനാനിൽ ഹിസ്ബുല്ല നടത്തിയ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായും 61 പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ സ്ഥിരീകരിച്ചു. വെടിനിർത്തൽ ചർച്ചക്കായി മൊസാദ് മേധാവി ഇന്ന് ദോഹയിലെത്തും.

അതേസമയം ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം നാലായി. തങ്ങളുടെ റഡാർ സംവിധാനങ്ങൾക്ക് തകരാർ സംഭവിച്ചതായി വ്യക്തമാക്കിയ ഇറാൻ മിസൈൽ പ്രതിരോധ സംവിധാനത്തിലൂടെ ശത്രുവിന്റെ ആക്രമണം പ്രതിരോധിച്ചതായും ചൂണ്ടിക്കാട്ടി. കുറഞ്ഞ സ്‌ഫോടകവസ്തു വഹിച്ച ദീർഘദൂര മിസൈലുകളാണ് ഇസ്രായേൽ ഉപയോഗിച്ചതെന്ന് ഇറാൻ സൈനിക മേധാവി പറഞ്ഞു. തെഹ്‌റാൻ, ഖുസെസ്ഥാൻ, ഇലാം പ്രവിശ്യകളിലായിരുന്നു ആക്രമണം. ശത്രുവിന്റെ കടന്നുകയറ്റത്തിന് തിരിച്ചടി നൽകാൻ ഇറാന് അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു. അന്തർദേശീയ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഇസ്രായേൽ മേഖലയിൽ തുടരുന്നതെന്നും ലോകസമാധാനത്തിന് നേരെയുള്ള വെല്ലുവിളി ചർച്ച ചെയ്യാൻ അടിയന്തരമായി യുഎൻ രക്ഷാസമിതി ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertising
Advertising

സൈനിക കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടുള്ള ആക്രമണത്തോടെ ഇറാനും ഇസ്രായേലും തമ്മിലെ നേരിട്ടുള്ള ഏറ്റുമുട്ടലിന് വിരാമമായെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. യുഎസ് സുരക്ഷാ സമിതി ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം ബൈഡന്റെ അധ്യക്ഷതയിൽ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഇറാൻ തിരിച്ചടിച്ചാൽ ഇസ്രായേലിന് പിന്തുണ നൽകാൻ ബൈഡൻ സൈന്യത്തോട് ആവശ്യപ്പെട്ടു. സംയമനം കൈക്കൊള്ളണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ഇരുപക്ഷത്തോടും ആവശ്യപ്പെട്ടു. പശ്ചിമേഷ്യൻ സംഘർഷം അമർച്ച ചെയ്തില്ലെങ്കിൽ സ്ഥിതി ഗുരുതരമായി മാറുമെന്ന് റഷ്യയും ചൈനയും പ്രതികരിച്ചു. ഇസ്രായേലിന്റെ ഇറാൻ ആക്രമണത്തെ എല്ലാ ഗൾഫ് രാജ്യങ്ങളും അപലപിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News