ഇസ്രായേലിലെ അൽജസീറ ഓഫിസുകൾ ഉടൻ അടച്ചുപൂട്ടും; പുതിയ നിയമത്തിന് മന്ത്രാലയത്തിന്റെ അംഗീകാരം

ചാനൽ ഓഫിസുകൾ അടച്ചുപൂട്ടി സാധനസാമഗ്രികൾ പിടിച്ചെടുക്കാനും വെബ്‌സൈറ്റ് നിരോധിക്കാനുമുള്ള അധികാരം പുതിയ നിയമം ഇസ്രായേൽ വാർത്താ വിനിമയ മന്ത്രാലയത്തിനു നല്‍കുന്നുണ്ട്

Update: 2023-10-20 11:25 GMT
Editor : Shaheer | By : Web Desk
Advertising

തെൽഅവീവ്: അൽജസീറ ബ്യൂറോ ഓഫിസുകൾ അടച്ചുപൂട്ടാൻ അധികാരം നൽകുന്ന ഉത്തരവിൽ ഒപ്പിട്ട് ഇസ്രായേൽ ഭരണകൂടം. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിന്റെ റിപ്പോർട്ടിങ് ചൂണ്ടിക്കാട്ടിയാണു നടപടി. ചാനൽ ഹമാസിനെ സഹായിക്കുകയാണെന്നും ഇസ്രായേലിന്റെ ദേശസുരക്ഷയ്ക്കു ഭീഷണിയാണെന്നുമാണു കാരണമായി ഭരണകൂടം പറയുന്നത്.

അൽജസീറയ്ക്കു താൽക്കാലികമായി പൂട്ടിടാനാണു നീക്കം നടക്കുന്നത്. ഇസ്രായേൽ വാർത്താ വിനിമയ മന്ത്രി ഷ്‌ലോമോ കാർഹിയാണു പുതിയ ഉത്തരവിന് മന്ത്രിസഭ അംഗീകാരം നൽകിയ വിവരം പുറത്തുവിട്ടത്. പൊതുനയതന്ത്ര മുന്നണിയിൽ കര, വ്യോമ, കടൽ യുദ്ധത്തിലാണ് ഇസ്രായേലെന്നും ഇതിനിടയിൽ ദേശസുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന ഒരു ചാനലുകളെയും അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. അൽജസീറയുടെ റിപ്പോർട്ടുകൾ ഇസ്രായേലിനെതിരെ ആക്രമണത്തിനു പ്രേരിപ്പിക്കുകയും ഹമാസ്-ഐ.എസ്-ഭീകര സംഘടനകളെ സഹായിക്കുകയും ചെയ്യുകയാണെന്നും ഷ്‌ലോമോ ആരോപിച്ചു.

പുതിയ നിയമപ്രകാരം പ്രതിരോധ മന്ത്രിയുടെ അംഗീകാരത്തോടെ സംശയമുനയിലുള്ള ചാനൽ അടച്ചുപൂട്ടാൻ വാർത്താ വിനിമയ മന്ത്രിക്കാകും. ഇസ്രായേലിലെ ഓഫിസുകൾ അടച്ചുപൂട്ടി സാധനസാമഗ്രികൾ പിടിച്ചെടുക്കാനുമുള്ള അധികാരവും മന്ത്രാലയത്തിനു നൽകുന്നുണ്ട്. ഇതോടൊപ്പം ചാനലിന്റെ വെബ്‌സൈറ്റിനും രാജ്യത്ത് നിരോധനമുണ്ടാകുമെന്ന് 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്തു.

30 ദിവസത്തേക്കായിരിക്കും നടപടി. ഇതു പിന്നീട് ഒരു മാസത്തേക്കു കൂടി നീട്ടാനാകും.

Summary: Israel clears regulations to shut Al Jazeera offices over security concerns

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News