ഇസ്രായേൽ- ഇറാൻ സംഘർഷം അപ്രഖ്യാപിത യുദ്ധത്തിലേക്ക്; ഇറാന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം തുടരുന്നു
ഇറാനിലെ തബ്രിസ്, ശിറാസ് എന്നിവിടങ്ങളിലാണ് ഉച്ചക്ക് ശേഷം ഇസ്രായേൽ ബോംബിട്ടത്.
തെഹ്റാൻ: ഇസ്രായേൽ- ഇറാൻ സംഘർഷം അപ്രഖ്യാപിത യുദ്ധത്തിലേക്ക് നീങ്ങുന്നു. ആക്രമണം ദിവസങ്ങൾ നീളുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. എല്ലാം ഇല്ലാതാകുന്നതിന്റെ മുമ്പ് ആണവകരാറിൽ ഒപ്പിടുന്നതാണ് ഇറാന് നല്ലതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി. ഇറാനിലെ വിവിധ നഗരങ്ങളിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. തബ്രിസ്, ശിറാസ് എന്നിവിടങ്ങളിലാണ് ഉച്ചക്ക് ശേഷം ഇസ്രായേൽ ബോംബിട്ടത്.
അതേസമയം ഇസ്രായേലിന് കനത്ത ശിക്ഷ നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഈ പറഞ്ഞു. ആണവകരാറിൽ ഒപ്പിടുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപും ഭീഷണി മുഴക്കി. വർഷങ്ങൾ നീണ്ട മൊസാദിന്റെ ആസൂത്രണത്തിനൊടുവിലായിരുന്നു പുലർച്ചെ ഇറാനിൽ ഇസ്രായേലിന്റെ ആദ്യത്തെ വലിയ ആക്രമണം. തലസ്ഥാനമായ തെഹ്റാനക്കം പതിനഞ്ചിലധികം കേന്ദ്രങ്ങളിൽ ഇസ്രായേലിന്റെ ബോംബ് വീണു.
നത്വൻസ് ആണവ കേന്ദ്രമടക്കം ആറ് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടു. ഐആർജിസി തലവൻ ഹുസൈൻ സലാമിയും ഇറാൻ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഖരിയും കൊല്ലപ്പെട്ടു. ഇറാന്റെ ആണവബുദ്ധികേ ന്ദ്രങ്ങളായ ശാസ്ത്രജ്ഞർ മുഹമ്മദ് മഹ്ദിയെയും ഫരീദൂൻ അബ്ബാസിയെയും ഇസ്രായേൽ വധിച്ചു. പ്രമുഖ അക്കാദമിക് വിദഗ്ധരും നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടു.
ഇസ്രായേലിലേക്ക് നൂറിലേറെ ഡ്രോണുകൾ അയച്ച് ഇറാനും തിരിച്ചടി തുടങ്ങി. ഡ്രോണുകൾ തടഞ്ഞിട്ടെന്നാണ് ഇസ്രായേൽ വാദം. ഇസ്രായേലിലെ പ്രമുഖരെല്ലാം ബങ്കറുകളിലാണ് കഴിയുന്നത്. തിരിച്ചടി നേരിടാൻ സൈനികരെയും ആശുപത്രികളെയും സജ്ജമാക്കിയിട്ടുണ്ട്. ഇറാഖിലെ അടക്കം എംബസികളിൽ നിന്ന് യുഎസ് ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചു. ഇറാനും ജോർദാനും വ്യോമപാത അടച്ചു. ഇതോടെ രാജ്യാന്തര വിമാന സർവീസുകൾ താളംതെറ്റി.
ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ വഴിതിരിച്ചുവിടുകയാണ്. യുദ്ധഭീതിയിൽ എണ്ണവിലയും കുതിച്ചുയരുകയാണ്. ആഗോളവിപണിൽ ക്രൂഡ് ഓയിൽ വില അഞ്ച് ഡോളർ കൂടി. സ്വർണവിലയും കുതിക്കുകയാണ്. കേരളത്തിൽ സ്വർണവില പവന് 1,560 രൂപ ഉയർന്ന് 74,360 രൂപയുമായി.