ആക്രമണം തെക്കൻ ഗസ്സയിലേക്ക് കൂടി വ്യാപിപ്പിക്കാൻ ഇസ്രായേൽ; യുദ്ധം മാസങ്ങൾ നീളുമെന്ന് സൈന്യം

താൽക്കാലിക വെടിനിർത്തൽ നിർദേശം​ ഫലസ്​തീൻ ജനതക്ക്​ സ്വീകാര്യമ​ല്ലെന്ന നിലപാടിലാണ്​ ഹമാസ്

Update: 2023-12-27 00:50 GMT

തെല്‍ അവിവ്: തെക്കൻ ഗസ്സയിലേക്ക്​ കടന്നുകയറാൻ ആക്രമണം കൂടുതൽ കടുപ്പിക്കുമെന്ന്​ ഇസ്രായേൽ. ഗസ്സയിൽ ആകെ മരണം 20,915 ആയി. യുദ്ധം മാസങ്ങൾ നീളുമെന്ന് ഇസ്രായേൽ പ്രതിരോധ സേന മേധാവി ഹെർസി ഹലേവി വ്യക്തമാക്കി . താൽക്കാലിക വെടിനിർത്തൽ നിർദേശം​ ഫലസ്​തീൻ ജനതക്ക്​ സ്വീകാര്യമ​ല്ലെന്ന നിലപാടിലാണ്​ ഹമാസ്​. സിറിയയിൽ സൈനിക ഉപദേശകനെ വധിച്ച ഇസ്രായേലിനെ കാത്തിരിക്കുന്നത്​ കനത്ത തിരിച്ചടിയെന്ന്​ ഇറാൻ അറിയിച്ചു. ഇസ്രായേലിലേക്ക്​ പുറപ്പെട്ട ഒരു കപ്പലിനെ കൂടി ആക്രമിച്ചതായി ഹൂത്തികൾ.

തെക്കൻ, മധ്യ ഗസ്സയിൽ ആക്രമണം കൂടുതൽ വ്യാപിപ്പിച്ചിരിക്കുകയാണ്​ ഇസ്രായേൽ. സിവിലിയൻ കേന്ദ്രങ്ങളിലെ നിരന്തര ബോംബ്​ വർഷം തുടരുകയാണ്​. ഇന്നലെ മാത്രം 241 പേർ കൊല്ലപ്പെടുകയും 382 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. 9 ഇസ്രായേൽ സൈനികർ കൊല്ലപ്പെടുകയും അമ്പതിലേറെ സൈനികർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ഹിസ്​‍‌ബുല്ല ആക്രമണത്തിൽ 9 ഇസ്രായേൽ സൈനികർക്കും പരിക്കുണ്ട്​.

Advertising
Advertising

ഇതുവരെയുള്ളതിൽ ഏറ്റവും സങ്കീർണയുദ്ധത്തെ അഭിമുഖീകരിക്കുകയാണെന്ന്​ ഇസ്രായേൽ പ്രതിരോധ സേനാ മേധാവി അറിയിച്ചു. യുദ്ധം മാസങ്ങൾ നീണ്ടാൽ തന്നെയും ആത്യന്തിക വിജയം ഇ​സ്രായേലിനായിരിക്കുമെന്ന്​ നെതന്യാഹു പറഞ്ഞു. ഹമാസ്​ നേതാക്കളെ ഉടൻ കണ്ടെത്തി വധിക്കുമെന്നുമാണ് നെതന്യാഹുവി​ന്‍റെ താക്കീത്​. പ്രഖ്യാപിത ലക്ഷ്യങ്ങൾ നേടാനാകാതെ പരാജയത്തിൽ നിന്ന്​ പരാജയത്തിലേക്കാണ്​ നെതന്യാഹുവും ഇസ്രായേലും നീങ്ങുന്നതെന്ന്​ ഹമാസ്​ നേതാവ്​ ഒസാമ ഹംദാൻ പറഞ്ഞു. കടന്നുകയറ്റം പൂർണമായി അവസാനിപ്പിക്കാതെയുള്ള വെടിനിർദേശത്തിൽ കാര്യമില്ലെന്നുമുള്ള നിലപാടിലാണ് ഹമാസ്​.

സിറിയയിൽ ഇറാൻ സൈനിക ഉപദേശകൻ റാസി മൂസവിയെ കൊലപ്പെടുത്തിയ ഇസ്രായേൽ നടപടിക്കെതിരെ ഇറാനിൽ പ്രതിഷേധം ശക്​തമാണ്. തക്ക സമയത്തും സ്​ഥലത്തും തിരിച്ചടി ഉറപ്പാണെന്ന്​ ഇറാൻ പ്രതിരോധ സേനയുടെ മുന്നറിയിപ്പ്. ഇറാ​ന്‍റെ ഇടപെടൽ ഇല്ലാതെ തന്നെ ഏതു കടന്നാക്രമണവും തടയാൻ പോരാളികൾ സജ്​ജമാണെന്ന്​ ഖുദ്​സ്​ ഫോഴ്​സ്​ കമാണ്ടറുടെ ഉപദേശകൻ അറിയിച്ചു . ഇറാഖിലെ മൂന്നുകേന്ദ്രങ്ങളിൽ യു.എസ് നടത്തിയ ആക്രമണത്തിന്​ തിരിച്ചടി ഉണ്ടാകുമെന്ന്​ ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല ഗ്രൂപ്പ്​ വ്യക്​തമാക്കി.

യു.എസ് സൈനികരെ ലക്ഷ്യമിട്ട് ഇറാഖിലെ ഇർബിൽ എയർബേസിലും സിറിയയിലും നടന്ന ആക്രമണ പരമ്പരകൾക്ക് മറുപടിയെന്ന നിലക്കാണ്​ പ്രത്യാക്രമണമെന്ന്​ യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ പറഞ്ഞു. ചെങ്കടലിൽ ഒരു കപ്പലിനു നേർക്ക്​ കൂടി ഇന്നലെ ഹൂത്തികൾ ആക്രമണം നടത്തി. മുന്നറിയിപ്പ്​ അവഗണിച്ച്​ ഇസ്രായേലിലേക്ക്​ പോകാൻ ശ്രമിച്ച എം.എസ്​.സി കപ്പലാണ്​ അക്രമിക്കപ്പെട്ടത്​.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News