'ഗസ്സയിൽ കരയുദ്ധം തുടങ്ങിയാൽ സയണിസ്റ്റ് രാജ്യം അവിടെ കുഴിച്ചുമൂടപ്പെടും'; മുന്നറിയിപ്പുമായി ഇറാൻ

ഇസ്രായേലിനെ സംരക്ഷിച്ചു നിർത്താൻ മേഖലയ്ക്ക് തീ കൊളുത്തുകയാണ് അമേരിക്കയെന്ന് ഇറാൻ ചൂണ്ടിക്കാട്ടുന്നു.

Update: 2023-10-26 08:58 GMT
Advertising

ടെഹ്റാൻ: ഗസ്സയിൽ കരയുദ്ധം തുടങ്ങിയാൽ സയണിസ്റ്റ് രാജ്യം അവിടെ കുഴിച്ചുമൂടപ്പെടുമെന്ന് ഇറാൻ. ഇസ്രായേലിനെ സംരക്ഷിച്ചു നിർത്താൻ മേഖലയ്ക്ക് തീ കൊളുത്തുകയാണ് അമേരിക്ക. യു.എസ്, ഫ്രാൻസ്, ബ്രിട്ടൻ, എന്നീ രാജ്യങ്ങളെ കാത്തിരിക്കുന്നത് പരാജയമാണെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകുന്നത്. ഗസ്സയിൽ കുരുതി തുടർന്നാൽ സമവാക്യം മാറിമറിയുമെന്നും കൊളുത്തിയ തീ അവർക്ക് കെടുത്താനാകില്ലെന്നും ഇറാൻ സൈനിക മേധാവി വ്യക്തമാക്കി.

വടക്കൻ ഗസ്സയിൽ ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായാണ് ഇസ്രായേൽ സൈന്യം അറിയിച്ചത്. ഹമാസ് കേന്ദ്രങ്ങളെ ആക്രമിച്ചെന്നും ഹമാസ് പോരാളികളെ വധിച്ചെന്നും ഇസ്രായേൽ അവകാശപ്പെട്ടു. യുദ്ധം അടുത്ത ഘട്ടത്തിലേക്കെന്നാണ് സൂചനകള്‍. വ്യോമാക്രമണം നടത്തി വന്ന ഇസ്രയേൽ കഴിഞ്ഞ ദിവസങ്ങളിൽ കരമാർഗ്ഗം ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.

തെക്കൻ ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ വ്യോമാക്രമണവും തുടരുകയാണ്. ഖാൻ യൂനിസിലെ ആക്രമണത്തിൽ ഇന്ന് 18 പേർ കൊല്ലപ്പെട്ടു. തൽ അൽ ഹവയിലും ഇസ്രായേൽ വ്യോമാക്രമണം ഉണ്ടായി. 6500ലധികം പേരാണ് ഗസ്സയിൽ ഇത് വരെ കൊല്ലപ്പെട്ടത്. അതിനിടെ ഗസ്സ ആരോഗ്യമന്ത്രാലയം പറയുന്ന മരണസംഖ്യയിൽ വിശ്വാസമില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. എന്നാൽ ഗസ്സ ആരോഗ്യമന്ത്രാലയത്തിന്റെ മരണസംഖ്യ വിശ്വസനീയമാണെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് (എച്ച്ആർഡബ്ല്യു) ഇസ്രായേൽ ആൻഡ് ഫലസ്തീൻ ഡയറക്ടർ ഒമർ ഷാക്കിർ പറഞ്ഞു.

അതേസമയം തെക്കൻ ഗസ്സയിലെ നുസയ്റാത്തിൽ അഭയാർഥി ക്യാമ്പിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ അൽജസീറ അറബിക് ചാനലിന്റെ ഗസ്സ ബ്യൂറോചീഫ് വഈൽ അൽ ദഹ്ദൂദിന്റെ കുടുംബം കൊല്ലപ്പെട്ടു. വാഇലിന്റെ ഭാര്യയും, മകനും, ഏഴ് വയസുകാരി മകളുമാണ് മരിച്ചത്. അൽഅഖ്സ ടി.വി ചാനലിന്റെ റിപ്പോർട്ടർ സഈദ് അൽ ഹലബിയും ഇന്നലെ കൊല്ലപ്പെട്ടു. 25 മാധ്യമപ്രവർത്തകരാണ് ഇതുവരെ ഫലസ്തീനിൽ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ മരിച്ചത്. 


Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News