'സൈനികമായി ഗസ്സയെ കീഴടക്കും'; യുദ്ധാനന്തരം ഭരണം മൂന്നാം കക്ഷിക്ക് കൈമാറുമെന്ന് നെതന്യാഹു

പിന്നിട്ട 24 മണിക്കൂറിനിടെ, ഗസ്സയിൽ നൂറിലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു

Update: 2025-08-08 02:12 GMT
Editor : Jaisy Thomas | By : Web Desk

തെൽ അവിവ്: ഗസ്സ സൈനികമായി കീഴടക്കുമെന്നും യുദ്ധാനന്തര ഗസ്സയുടെ ഭരണം മൂന്നാം കക്ഷിക്ക് കൈമാറുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. എന്നാൽ ഇതിന്​ രണ്ടു വർഷം വരെ സമയം വേണ്ടി വരുമെന്നും ബന്ദികളുടെയും നിരവധി സൈനികരുടെയും ജീവൻ​ വില നൽകേണ്ടി വരുമെന്നും സൈനികമേധാവി ഇയാൽ സമീർ മുന്നറിയിപ്പ്​ നൽകിയതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.

ഗസ്സ യുദ്ധത്തിന്‍റെ അടുത്ത ഘട്ടത്തെക്കുറിച്ചുള്ള പ്രധാന മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി വ്യാഴാഴ്ച ഫോക്സ് ന്യൂസിനോട് സംസാരിക്കവെ, പ്രദേശത്ത് സിവിലിയൻ ഭരണം നിലനിർത്താൻ ഇസ്രായേൽ പദ്ധതിയിടുന്നില്ലെന്ന് നെതന്യാഹു ഊന്നിപ്പറഞ്ഞു. ഗസ്സയിൽ വിശദമായ പദ്ധതി തയ്യാറാക്കുമെന്നും ഫലസ്തീൻ അതോറിറ്റിക്ക് അതിൽ പങ്കുമുണ്ടാകില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗസ്സക്കാര്‍ക്ക് നല്ലൊരു ജീവിതം നൽകാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിലവിൽ എൻക്ലേവിന്റെ 75 ശതമാനവും ഇസ്രായേൽ നിയന്ത്രിക്കുന്നുണ്ടെന്നും എന്നാൽ ഹമാസ് ബന്ദികളാക്കുന്നുണ്ടെന്ന് കരുതുന്ന പ്രദേശങ്ങൾ ഒഴിവാക്കിയിട്ടുണ്ടെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി.

അതേസമയം പുതുതായി നാല്​ പേർ കൂടി പട്ടിണി മൂലം മരിച്ചു. പിന്നിട്ട 24 മണിക്കൂറിനിടെ, ഗസ്സയിൽ നൂറിലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ കാത്തുനിന്നവർക്ക് നേരെയുള്ള കൂട്ടക്കുരുതിയും തുടരുകയാണ്​. അതിനിടെ, ഗസ്സയിൽ കൂടുതൽ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ തുറക്കുമെന്ന്​ അമേരിക്ക അറിയിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News