ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇസ്രായേൽ ആലോചിക്കുന്നുവെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നതിനെതിരെ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു
വാഷിങ്ടൺ: ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇസ്രായേൽ ആലോചിക്കുന്നതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള സാധ്യത ഇസ്രായേൽ പരിഗണിക്കുന്നതായി അമേരിക്കൻ ഇന്‍റലിജൻസ് വെളിപ്പെടുത്തുന്നു. മിഡിൽ ഈസ്റ്റിലുടനീളം ഇറാന്‍റെ സൈനിക സംവിധാനത്തിന്‍റെ ‘ദുർബലമായ’ അവസ്ഥ മേഖലയിൽ കൂടുതൽ സൈനിക പ്രവർത്തനങ്ങളുടെ സാധ്യതകൾ ഗണ്യമായി വർധിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍റെ ഭരണത്തിന്‍റെ അവസാന നാളുകളിൽ നടത്തിയ ഇന്‍റലിജൻസ് വിലയിരുത്തലിൽ, ഇത്തരമൊരു ആക്രമണം നടത്താൻ ഇസ്രായേൽ യുഎസ് പിന്തുണ തേടുമെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ആ സമയത്ത് ബൈഡൻ സൈനിക നടപടിയെ പിന്തുണച്ചിരുന്നതിനേക്കാൾ കൂടുതൽ നിലവിലെ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് പിന്തുണയ്ക്കുമെന്ന് ഇസ്രായേലികൾ വിശ്വസിക്കുന്നതായും റിപ്പോർട്ടിലുണ്ട്.
ട്രംപ് ഭരണകൂടത്തിന്‍റെ ആദ്യ നാളുകളിൽ ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ഇസ്രായേൽ പരിഗണിക്കുന്നതായി ഇന്‍റലിജൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ പറയുന്നു. ‘ബോംബുകൾ പൊട്ടിക്കുകയോ അല്ലെങ്കിൽ ഒരു കടലാസ് കഷണം എഴുതി വക്കുകയോ’ ചെയ്യുന്നത് ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നത് തടയാൻ സഹായിക്കുമെന്ന് ട്രംപ് തിങ്കളാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടത്താനുള്ള ഇസ്രായേലിന്‍റെ പദ്ധതി സംബന്ധിച്ച വെളിപ്പെടുത്തൽ വരുന്നത്.
ഇത്തരം ഭീഷണികളെ സ്വയം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി സൈനിക ശേഷി കൂടുതൽ വികസിപ്പിക്കാൻ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനാഇ കഴിഞ്ഞദിവസം രാജ്യത്തോട് ആവശ്യപ്പെട്ടിരുന്നു.