ഗസ്സ വംശഹത്യ: കൊല്ലപ്പെട്ടത് ഫലസ്തീൻ മാധ്യമപ്രവർത്തകരുടെ 706 കുടുംബാംഗങ്ങൾ

ഇസ്രായേൽ സൈന്യം മാധ്യമപ്രവർത്തകരുടെ കുടുംബങ്ങളെ ആസൂത്രിതമായി ലക്ഷ്യമിടുന്നുണ്ടെന്നും സിൻഡിക്കേറ്റിന്റെ ഫ്രീഡംസ് റിപ്പോർട്ടിൽ പറയുന്നു

Update: 2025-12-28 12:41 GMT

ഗസ്സ: 2023 ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ ഫലസ്തീൻ മാധ്യമപ്രവർത്തകരുടെ 706 കുടുംബാംഗങ്ങളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഫലസ്തീൻ ജേണലിസ്റ്റ് സിൻഡിക്കേറ്റ്. സിൻഡിക്കേറ്റിന്റെ ഫ്രീഡംസ് കമ്മിറ്റി ശനിയാഴ്ച വൈകുന്നേരം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. ഫലസ്തീൻ റിപ്പോർട്ടിങ്ങിനെ നിശബ്ദമാക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ആക്രമണത്തിന്റെ ഭാഗമായമാണിത്. ഇസ്രായേൽ സൈന്യം മാധ്യമപ്രവർത്തകരുടെ കുടുംബങ്ങളെ ആസൂത്രിതമായി ലക്ഷ്യമിടുന്നുണ്ടെന്നും സിൻഡിക്കേറ്റിന്റെ ഫ്രീഡംസ് റിപ്പോർട്ടിൽ പറയുന്നു.

Advertising
Advertising

യുദ്ധത്തിന്റെ ഫലമായുണ്ടാകുന്ന മരണങ്ങളായല്ല ഇത്തരം മരണങ്ങളെ കാണേണ്ടതെന്നും മറിച്ച് ആസൂത്രിതമായ ഒരു തന്ത്രമാണിതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പത്രപ്രവർത്തകർക്കെതിരായ ഇസ്രായേൽ അതിക്രമങ്ങൾ കൂടുതൽ അപകടകരവും ക്രൂരവുമായ ഒരു മാനം കൈവരിച്ചിരിക്കുന്നുവെന്ന് പത്രപ്രവർത്തക യൂണിയൻ വ്യക്തമാക്കി. ഇത് മാധ്യമപ്രവർത്തകരുടെ കുടുംബങ്ങളെയും ബന്ധുക്കളെയും ലക്ഷ്യംവച്ചുള്ളതാണ്. പത്രപ്രവർത്തനത്തെ ഭാരമാക്കി മാറ്റാനുള്ള വ്യക്തമായ ശ്രമമാണിതെന്ന് യൂണിയൻ പറഞ്ഞു.

2023 മുതൽ 2025 വരെയുള്ള ആക്രമണങ്ങളുടെ രീതി ഗസ്സയിലെ സ്വതന്ത്ര റിപ്പോർട്ടിങ്ങിനെ തകർക്കാനുള്ള ഇസ്രായേൽ ഉദ്ദേശ്യത്തെ തുറന്നുകാട്ടുന്നുവെന്ന് ഫ്രീഡംസ് കമ്മിറ്റി തലവൻ മുഹമ്മദ് അൽ-ലഹാം പറഞ്ഞു. സത്യത്തിനെതിരെ സമഗ്രമായ യുദ്ധം നടത്തുകയാണ് ഇസ്രായേൽ എന്നാണ് ഇത് വെളിപ്പെടുത്തുന്നത്. ക്യാമറയ്ക്കും കുഞ്ഞുങ്ങൾക്കും ഇടയിലോ, പേനയ്ക്കും വീടിനും ഇടയിലോ യാതൊരു വ്യത്യാസവും കാണിക്കുന്നില്ലെന്നും അൽ-ലഹാം കൂട്ടിച്ചേർത്തു. 2023-ൽ ഇസ്രായേൽ സൈന്യം 436 മാധ്യമപ്രവർത്തകരെയും 2024-ൽ 203 പേരെയും ഈ വർഷം കുറഞ്ഞത് 67 പേരെയും കൊലപ്പെടുത്തിയിട്ടുണ്ട്. നിരവധി കുടുംബങ്ങളെ നിർബന്ധമായി മാറ്റിപ്പാർപ്പിക്കുകയും ടെന്റുകളിലും താത്കാലിക ക്യാമ്പുകളിലും അഭയം തേടുകയും ചെയ്തതിനുശേഷവും കൊലപാതകങ്ങൾ തുടർന്നുവെന്നും കമ്മിറ്റി പറഞ്ഞു.

നഗരത്തിന് പടിഞ്ഞാറുള്ള വീട്ടിൽ ഇസ്രായേൽ വിമാനങ്ങൾ ബോംബ് വർഷിച്ചതിന് ഏകദേശം രണ്ട് വർഷത്തിന് ശേഷം മാധ്യമപ്രവർത്തക ഹിബ അൽ-അബാദ്ലയുടെയും അവരുടെ അമ്മയുടെയും അൽ-അസ്താൽ കുടുംബത്തിലെ 15 ഓളം അംഗങ്ങളുടെയും മൃതദേഹങ്ങൾ കണ്ടെടുത്ത, അടുത്തിടെ ഖാൻ യൂനിസിന് സമീപം നടന്ന ഒരു കേസ് ഉദ്ധരിച്ചുകൊണ്ടാണ് സിൻഡിക്കേറ്റിന്റെ വെളിപ്പെടുത്തൽ.

കുടുംബത്തിലെ ഒരംഗത്തിന് പത്രപ്രവർത്തനവുമായുള്ള പ്രൊഫഷണൽ ബന്ധം കാരണം നൂറുകണക്കിന് കുട്ടികളും സ്ത്രീകളും വൃദ്ധരും കൊല്ലപ്പെട്ടു. ഇത് മാനുഷികവും നിയമപരവുമായ എല്ലാ മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്നും കമ്മിറ്റി പറയുന്നു.

ഇസ്രായേൽ ആക്രമണങ്ങളിൽ മാധ്യമപ്രവർത്തകരുടെ വീടുകൾ, കുടിയിറക്കപ്പെട്ട സ്ഥലങ്ങൾ, മാധ്യമ പ്രവർത്തകരെയും അവരുടെ ബന്ധുക്കളെയും താമസിപ്പിച്ചിരുന്ന സ്ഥലങ്ങൾ എന്നിവ ആവർത്തിച്ച് ആക്രമിക്കപ്പെട്ടിട്ടതായി കണ്ടെത്തിയിട്ടുണ്ട്. ചില കേസുകളിൽ, മുഴുവൻ കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ടു. എന്നാൽ അത്തരം ഉന്മൂലനത്തിന് സാക്ഷ്യംവഹിക്കാൻ മാധ്യമപ്രവർത്തകരെ ജീവനോടെ അവശേഷിപ്പിച്ചതായും പറയുന്നു. വ്യക്തികളെ ലക്ഷ്യംവെക്കുന്നതിൽനിന്ന് കൂട്ടായ ശിക്ഷയിലേക്ക് നീങ്ങുകയാണ് ഇസ്രായേൽ. കുടുംബങ്ങളെ ലക്ഷ്യങ്ങളാക്കി മാറ്റുന്നതിലൂടെ മാധ്യമ സമൂഹത്തെ ഭയപ്പെടുത്താനും മാധ്യമപ്രവർത്തനത്തെ മുരടിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞു.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News