ഗസ്സയിൽ ആക്രമണം തുടര്‍ന്ന് ഇസ്രായേൽ; വടക്കൻ വെസ്റ്റ്​ ബാങ്കിനു നേരെ സൈനിക നടപടി

അധിനിവിഷ്ട വടക്കൻ വെസ്റ്റ്​ ബാങ്ക്​ പ്രദേശമായ തുബക്ക്​ നേരെയും​ ഇസ്രായേൽ സേനയുടെ വ്യാപക അതിക്രമം നടന്നു.

Update: 2025-11-27 02:02 GMT
Editor : Jaisy Thomas | By : Web Desk

Photo| AP

തെൽ അവിവ്: ഗസ്സയിൽ വെടിനിർത്തൽ ലംഘിച്ച്​ ആക്രമണം തുടരുന്നതിനിടെ, വടക്കൻ വെസ്റ്റ്​ ബാങ്കിനു നേർക്ക്​ സൈനിക നടപടിയുമായി ഇസ്രായേൽ. റഫ തുരങ്കത്തിൽ കഴിഞ്ഞ 5 ഹമാസ്​ പോരാളികളെ കൊലപ്പെടുത്തിയതായി ഇസ്രായേൽ സേന അവകാശപ്പെട്ടു.

അധിനിവിഷ്ട വടക്കൻ വെസ്റ്റ്​ ബാങ്ക്​ പ്രദേശമായ തുബക്ക്​ നേരെയും​ ഇസ്രായേൽ സേനയുടെ വ്യാപക അതിക്രമം നടന്നു. പത്തിലേറെ ഫലസ്​തീനികൾക്ക്​ പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരാണ്​. സൈന്യത്തിനു നേരെ ശക്​തി സംഭരിക്കുന്ന ഫലസ്തീൻ പോരാളികളെ അമർച്ച ചെയ്യാനാണ്​ സൈനിക നടപടി​യെന്ന്​ ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്​സ്​ പറഞു. ഡസൻകണക്കിന്​ സൈനിക വാഹനങ്ങളാണ്​ തുബ പ്രദേശത്ത്​ ക്യാമ്പ്​ ചെയ്യുന്നത്​. ഫലസ്തീനികളെ പുറന്തള്ളി വെസ്റ്റ്​ ബാങ്ക്​ പ്രദേശം പിടിച്ചെടുക്കാനുള്ള ആസൂത്രിത നീക്കമാണ്​ ഇസ്രായേൽ നടത്തുന്നതെന്ന്​ ഹമാസ്​ ആരോപിച്ചു. പ്രശ്നത്തിൽ അടിയന്തരമായി ഇടപെടാൻ യു.എന്നിനോടും അറബ്​ ലീഗിനോടും ഹമാസ്​ ആവശ്യപ്പെട്ടു.

Advertising
Advertising

ഗസ്സയിലേക്ക്​ കൂടുതൽ സഹായം ഉറപ്പാക്കണമെന്ന യുഎൻ അഭ്യർഥനയും ഫലം കണ്ടില്ല. ശൈത്യം ഉൾപ്പെടെ പ്രതികൂല കാലാവസ്ഥ കൂടിയായതോടെ ഗസ്സയിൽ ജനജീവിതം കൂടുതൽ ദുഷ്കരമാണ്​. ആവശ്യത്തിന്​ ടെന്‍റുകളും ഭക്ഷ്യവസ്തുക്കളും ഇന്​ധനവും ലഭ്യമാക്കാൻ നടപടി വേണമെന്ന്​ യുഎൻ ഏജൻസികൾ അഭ്യർഥിച്ചു. ചൊവ്വാഴ്ച രാത്രി കൈമാറിയ ഒരു ബന്ദിയുടെ മൃതദേഹത്തിനു പകരമായി 15 ഫലസ്തീൻ മൃതദേഹങ്ങൾ ഇസ്രായേൽ ഇന്നലെ വിട്ടുനൽകി. ഇനി രണ്ട്​ ബന്ദികളുടെ മൃതദേഹങ്ങൾ കൂടിയാണ്​ ഹമാസ്​ കൈമാറേണ്ടത്​.

അതിനിടെ, ഇസ്രായേലിൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്​സും സൈനിക മേധാവി ഇയാൽ സാമിറും തമ്മിലെ ഭിന്നത രൂക്ഷമായി. സൈന്യത്തിലെ പുതിയ നിയമനങ്ങളാണ്​ ഭിന്നതക്ക്​ കാരണം. പ്രതിരോധ മന്ത്രിയെ തൽസ്ഥാനത്തു നിന്ന്​ മാറ്റാൻ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു നീക്കം തുടങ്ങിയെന്ന വാർത്ത അദ്ദേഹത്തിന്‍റെ ഓഫീസ്​ നിഷേധിച്ചു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News