വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ ആക്രമണം; ഗസ്സയിൽ 11 പേരടങ്ങുന്ന കുടുംബത്തെ കൂട്ടക്കൊല ചെയ്തു

ഗസ്സ സിറ്റിയിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങാനിരിക്കവേയാണ് 11 പേരടങ്ങുന്ന കുടുംബം സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തിനുനേരെ ഇസ്രായേൽ നിറയൊഴിച്ചത്

Update: 2025-10-18 08:47 GMT

Photo: Special arrangement

ഗസ്സ സിറ്റി: ഗസ്സയിൽ വെടിനിർത്തൽ കരാറിലെത്തിയിട്ടും സമാധാനമില്ലാതെ ​ഗസ്സ. ഇന്നലെ നടന്ന ആക്രമണത്തിൽ ​ഗസ്സയിൽ 11 പേരടങ്ങുന്ന ഒരു കുടുംബത്തെ പൂർണമായി ഇസ്രായേൽ കൂട്ടക്കൊല ചെയ്തു. ഇതോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇസ്രായേൽ വധിച്ചവരുടെ എണ്ണം 28 ആയി. നിലവിലെ സാ​ഹചര്യത്തിൽ ആയുധങ്ങൾ ഉപേക്ഷിക്കാൻ പൂർണമായും തങ്ങൾ ഒരുക്കമല്ലെന്നും ഫലസ്തീനിലെ മറ്റു സായുധ വിഭാ​ഗങ്ങളുമായി ചർച്ച ചെയ്തതിന് ശേഷം മാത്രമേ തീരുമാനമെടുക്കാനാകൂ എന്ന് ​ഹമാസ് അറിയിച്ചു.

ഗസ്സ സിറ്റിയിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങാനിരിക്കവേയാണ് 11 പേരടങ്ങുന്ന കുടുംബം സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തിനുനേരെ ഇസ്രായേൽ നിറയൊഴിച്ചത്. സൈതൂൺ പ്രദേശത്ത് വെച്ച് നടന്ന ആക്രമണത്തിൽ മുഴുവൻ പേരും തൽക്ഷണം കൊല്ലപ്പെട്ടു. ​വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും ഇസ്രായേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ പൂർണമായും ആയുധം താഴെവെക്കാൻ തങ്ങൾ തയ്യാറാണോ എന്നത് നിലവിൽ പറയാനാവില്ലെന്ന് ഹമാസ് നേതാവ് മുഹമ്മദ് നസ്സാൽ പറഞ്ഞു. നിരായുധീകരണം മറ്റു ഫലസ്തീൻ സായുധ വിഭാ​ഗങ്ങളെ ഉൾപ്പെടുത്തി ചർച്ച ചെയ്ത് തീരുമാനിക്കേണ്ട വിശാലമായ വിഷയമാണെന്നും ​ഗസ്സയിലെ ക്രിമിനൽ സംഘങ്ങളെ അമർച്ച ചെയ്യാൻ തങ്ങളുടെ സാന്നിധ്യം അനിവാര്യമാണെന്നും ഹമാസ് കൂട്ടിച്ചേർത്തു.

Advertising
Advertising

ഇന്നലെ ഗസ്സയിൽ നിന്ന് ഹമാസ് കൈമാറിയ ഒരു മൃത​ദേഹം കൂടി ഇസ്രയേൽ തിരിച്ചറിഞ്ഞു. ഇതോടെ കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം പത്തായി. അവശേഷിച്ച 18 മൃതദേഹങ്ങൾ എത്രയും പെട്ടെന്ന്​ കൈമാറിയില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്നാണ്​ ഇസ്രായേൽ മുന്നറിയിപ്പ്​. യുഎസ്​ പ്രസിഡൻറ് ​ഡോണാൾഡ്​ ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ഫോണിൽ ഇതു സംബന്​ധിച്ച്​ ചർച്ച നടന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. മധ്യസ്ഥ രാജ്യങ്ങൾ മുഖേന ഹമാസിനുമേൽ പരമാവധി സമ്മർദം ചെലുത്തി മൃതദേഹങ്ങളുടെ കൈമാറ്റം ത്വരിതഗതിയിലാക്കാനാണ്​ യുഎസ്​ നീക്കം. എന്നാൽ അവശേഷിച്ച ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെത്താനും വീണ്ടെടുക്കാനും ചില പ്രയോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും വൈകാതെ കരാർലക്ഷ്യം പൂർത്തീകരിക്കുമെന്ന്​ ഹമാസ്​ സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്​ നേരത്തെ അറിയിച്ചിരുന്നു.

ആകെ 360 മൃതദേഹങ്ങളാണ് ഇസ്രായേൽ കൈമാറേണ്ടത്. എന്നാൽ 120 മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ കൈമാറിയത്. റഫ അടഞ്ഞുകിടക്കുന്ന സാഹചര്യം മാനുഷിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് സഹായ ഏജൻസികൾ വ്യക്തമാക്കി.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News