ദമാസ്കസിലെ സിറിയൻ സൈനിക ആസ്ഥാനത്തിന് നേരെ ഇസ്രായേൽ ആക്രമണം
പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിന് നേരെയും സൈന്യം വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്
ദമാസ്കസ്: ദമാസ്കസിലെ സിറിയൻ സൈനിക ആസ്ഥാനത്തിന് നേരെ ഇസ്രായേലിന്‍റെ ബോംബാക്രമണം. സിറിയൻ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിന് സമീപം ഇസ്രായേൽ ആക്രമണം ഉണ്ടായതായി ഒരു ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സിറിയൻ പ്രതിരോധ മന്ത്രാലയത്തിലേക്കുള്ള പ്രവേശന കവാടത്തിന് സമീപമാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം തെക്കൻ സിറിയയിൽ സർക്കാർ സേനയുടെ വാഹനവ്യൂഹങ്ങൾക്ക് നേരെ ഇസ്രായേൽ തുടർച്ചയായി വ്യോമാക്രമണം നടത്തുകയും അതിർത്തിയിൽ സൈന്യത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. "സിറിയയിലെ ദമാസ്കസ് പ്രദേശത്തുള്ള സിറിയൻ ഭരണകൂടത്തിന്‍റെ സൈനിക ആസ്ഥാനത്തിന്‍റെ പ്രവേശന കവാടത്തിൽ ഐഡിഎഫ് ആക്രമണം നടത്തി" എന്ന് ഇസ്രായേൽ പ്രതിരോധ സേന എക്സിൽ കുറിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് സൈന്യം കൂട്ടിച്ചേർത്തു. മധ്യ ദമാസ്കസിനെ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ വ്യോമാക്രമണത്തിൽ കുറഞ്ഞത് ഒമ്പത് പേർക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സിറിയൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ സന റിപ്പോർട്ട് ചെയ്തു. ദമാസ്കസിനു നേരെയുള്ള ഇസ്രായേൽ ആക്രമണങ്ങൾ സമാധാനം ഉറപ്പാക്കാനുള്ള സിറിയയുടെ ശ്രമങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് തുർക്കി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.