ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണം: അറബ് ഇസ്‌ലാമിക രാജ്യങ്ങളുടെ ഉച്ചകോടി

പ്രമേയം പാസാക്കിയത് 57 രാജ്യങ്ങൾ

Update: 2023-11-11 18:08 GMT
Advertising

ഗസ്സയിലെ ഇസ്രായേൽ ഉപരോധവും ആക്രമണവും അവസാനിപ്പിക്കണമെന്ന് അറബ് ഇസ്‌ലാമിക രാജ്യങ്ങളുടെ ഉച്ചകോടി. ഇസ്രായേലിന് കൂടുതൽ ആയുധം കൈമാറാനുള്ള നീക്കം അവസനിപ്പിക്കണമെന്നും ഗസ്സയിലേക്ക് കൂടുതൽ സഹായത്തിന് വഴിയൊരുക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. ഇന്ന് സൗദി അറേബ്യയിലെ റിയാദിൽ ചേർന്ന ഉച്ചകോടിയിൽ 57 രാജ്യങ്ങളുടെ പ്രതിനിധികളാണ് പ്രമേയം പാസാക്കിയത്. ഇസ്രായേലിനെതിരെ ശക്തമായ നിലപാടെടുക്കുന്ന ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. ഇസ്രയേലിനെതിരെ സംയുക്തമായി നിൽക്കുകയെന്ന ലക്ഷ്യത്തോടെയാണ് യോഗം വിളിച്ചതെന്നും യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സൗദി അറേബ്യൻ അധികൃതർ ഉച്ചകോടിയിൽ പറഞ്ഞു.

ഇസ്രയേൽ നടത്തിയ യുദ്ധക്കുറ്റങ്ങൾ യുഎൻ പ്രോസിക്യൂട്ടർ അന്വേഷിക്കണമെന്നും യുദ്ധക്കുറ്റങ്ങൾ തടയുന്നതിൽ സുരക്ഷാ കൗൺസിൽ പരാജയപ്പെട്ടുവെന്നും സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു. സമ്മേളനത്തിന്റെ വികാരം അതേ തീവ്രതയോടെ ബന്ധപ്പെട്ട കക്ഷികളെ അറിയിക്കുമെന്നും വ്യക്തമാക്കി.

ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കണമെന്ന് 57 രാജ്യങ്ങൾ പ്രമേയം പാസാക്കിയെന്നും ഇതു വഴി ഇസ്രയേലിനും പിന്തുണക്കുന്നവർക്കുമെതിരെ സമ്മർദ്ദം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബ്ദുൽ ഗൈത് പറഞ്ഞു.

ഈ യോഗത്തിനും തീരുമാനമെടുക്കാനാകില്ലെങ്കിൽ ഇസ്ലാമിക ലോകത്തിന് വിശ്വാസം നഷ്ടപ്പെടുമെന്നും ഫലസ്തീന്റെ ഭാവി ഫലസ്തീനിലെ പോരാളികൾക്കൊപ്പമെന്ന് ഇറാൻ പ്രസിഡണ്ട് ഇബ്രാഹിം റഈസി പറഞ്ഞു. ജറുസലേം നമ്മുടേതാണെന്നും വിജയം നമുക്കൊപ്പമെന്നും ഇസ്രയേലിനെ നേരിടണമെന്നും പ്രതിരോധമാണ് പരിഹാരമെന്നും ഇറാൻ പ്രസിഡണ്ട് വ്യക്തമാക്കി. ഗസ്സയിൽ ഇപ്പോൾ അനിവാര്യം വെടിനിർത്തലെന്നും ഈ ഘട്ടത്തിൽ ഒന്നിച്ചിരിക്കാൻ അവസരമൊരുക്കിയതിന് സൗദിക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീനിലെ ജനങ്ങൾക്ക് ഇസ്‌ലാമിക രാജ്യങ്ങൾ ആയുധങ്ങൾ കൈമാറണമെന്നും ഇറാൻ പ്രസിഡണ്ട് ആവശ്യപ്പെട്ടു. ഫലസ്തീന് സ്വന്തം രാജ്യം പിറക്കും വരെ ശാശ്വത പരിഹാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗസ്സയിൽ നടക്കുന്നതിന് നാം ദൈവത്തിന് മുന്നിൽ മറുപടി പറയേണ്ടി വരമെന്നും ഇബ്‌റാഹീം റഈസി പറഞ്ഞു. റഫ അതിർത്തിയിലെ എല്ലാ നിയന്ത്രണങ്ങളും നീക്കണമെന്നും ഫലസ്തീന് ആവശ്യമായ പ്രതിരോധം ഒരുക്കണമെന്നും ഓർമിപ്പിച്ചു. അമേരിക്കൻ ഇടപെടലാണ് യുദ്ധത്തെ രൂക്ഷമാക്കുന്നതെന്നും റഈസി ചൂണ്ടിക്കാട്ടി. അതിനിടെ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഇറാൻ പ്രസിഡണ്ട് ഇബ്രാഹിം റഈസിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. തുർക്കി, ഖത്തർ രാഷ്ട്രത്തലവന്മാരുമായും സൗദി കിരീടാവകാശി ചർച്ച നടത്തി.

അതേസമയം, ഗസ്സയിൽ ഇസ്രായേൽ കൊന്നവരുടെ എണ്ണം 11,100 കവിഞ്ഞു. ഇവരിൽ എണ്ണായിരം പേർ കുട്ടികളും സ്ത്രീകളുമാണ്. അതിനിടെ, തങ്ങളുടെ അഞ്ച് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു. ഇതോടെ കരയുദ്ധത്തിൽ കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണം 43 ആയി. 


Full View


Israel's offensive on Gaza must end: Arab-Islamic summit

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News