സാൻഡ്‍വിച്ച് രണ്ടായി മുറിക്കാൻ 180 രൂപ!; ബില്ല് കണ്ട് ഞെട്ടി യുവാവ്

സംഭവം സോഷ്യൽമീഡിയയിൽ ചര്‍ച്ചയായതോടെ വിശദീകരണവുമായി കഫേ ഉടമ രംഗത്തെത്തി

Update: 2023-08-11 05:19 GMT
Editor : Lissy P | By : Web Desk
Advertising

മിലാൻ: ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയാൽ പലപ്പോഴും അധിക സർവീസ് ചാർജൊക്കെ ഈടാക്കാറുണ്ട്. ഹോട്ടൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനും ബ്രാൻഡിനുമൊക്കെ അനുസരിച്ചായിരിക്കും അധിക ചാർജ് പലപ്പോഴും ഈടാക്കാറുള്ളത്. ഇറ്റലിയിലെ ഒരു റെസ്റ്റോറന്‍റില്‍ ഇതുപോലെ ഈടാക്കിയ അധിക സർവീസ് ചാർജ് കണ്ടു ഞെട്ടിയിരിക്കുകയാണ് ഭക്ഷണം കഴിക്കാനെത്തിയവർ. സാൻഡ്‍വിച്ച് രണ്ടായി മുറിച്ച് നൽകിയതിനാണ് സർവീസ് ചാർജ് ഈടാക്കിയത്. അഞ്ചോ പത്തോ രൂപയല്ല, 180 രൂപയാണ് സാൻവിച്ച് മുറിച്ച് നൽകിയതിന് മാത്രം റെസ്റ്റോറന്റ് ഈടാക്കിയത്.

ഇറ്റലിയിലെ ലേക്ക് കോമോയ്ക്ക് സമീപമുള്ള ടൂറിസ്റ്റ് കേന്ദ്രമായ ഗേരാ ലാരിയോയിലെ ബാർ പേസിൽ എന്ന ബാർ കം റെസ്റ്റോറന്റാണ് ഇത്തരത്തിൽ ഒരു ബില്ല് നൽകിയത്. ബില്ല് കണ്ട് പ്രകോപിതരായ ഉപഭോക്താക്കളിൽ ഒരാളാണ് ബില്ലിന്റെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കിട്ടത്.

സാൻഡ്‍വിച്ച് പകുതിയായി മുറിച്ചുതന്നിട്ടുണ്ടെങ്കിൽ സൂക്ഷിക്കണം. അതിന് നിങ്ങൾ അധികം പണം നൽകേണ്ടി വരുമെന്നായിരുന്നു യുവാവിന്റെ പരിഹാസം. 7.50 ഇറ്റാലിയൻ യൂറോയാണ് സാൻഡ്‍വിച്ചിന് നൽകേണ്ടിയിരുന്നത്. എന്നാൽ രണ്ടുകഷ്ണമാക്കി മുറിച്ചതോടെ ഇതിന് 9.50 യൂറോയായി. സംഭവം സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായി. പകൽകൊള്ളയാണ് ഇതെന്നായിരുന്നു പലരുടെയും അഭിപ്രായം. ഇങ്ങനൊന്ന് ആദ്യമായി കേൾക്കുകയാണെന്നും ചിലർ അഭിപ്രായപ്പെട്ടു.

ഇതോടെ വിശദീകരണവുമായി കഫേ ഉടമ രംഗത്തെത്തി. അധികമായി ചെയ്തുകൊടുക്കുന്ന കാര്യങ്ങൾക്ക് അധിക പണം ഈടാക്കുമെന്ന്കഫേ ഉടമ ക്രിസ്റ്റീന ബിയാച്ചി പറഞ്ഞതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാൻഡ്‍വിച്ച് രണ്ടുകഷ്ണമാക്കുമ്പോൾ രണ്ടു പ്ലേറ്റ് എടുക്കേണ്ടി വരും. അത് മുറിക്കാനും പ്ലേറ്റ് കഴികാനും അധിക സമയം വേണം. സാൻഡ്‍വിച്ചിൽ ഫ്രഞ്ച് ഫ്രൈസ് ഉൾപ്പെട്ടിട്ടുണ്ട്. അത് മറിയാതെ ബ്രഡ് മുറിക്കാൻ അധികം സമയം ആവശ്യമായി വന്നിട്ടുണ്ട്. ഇതിനൊക്കെക്കൂടിയാണ് സർവീസ് ചാർജ് ഈടാക്കിയതെന്നാണ് ഉടമയുടെ വാദം. ആ സമയത്ത് ഉപഭോക്താവ് പരാതി ഉന്നയിച്ചിരുന്നെങ്കിൽ ബില്ലിൽ നിന്ന് ചാർജ് നീക്കം ചെയ്യുമായിരുന്നുവെന്നും ബിയാച്ചി കൂട്ടിച്ചേർത്തു. ഇറ്റലിയിൽ വിനോദസഞ്ചാരികളിൽ നിന്ന് ഭക്ഷണത്തിന് അധിക തുക ഈടാക്കുന്നത് ആദ്യത്തെ സംഭവമല്ല.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News