'കുടിച്ചു മദിക്കൂ'; യുവാക്കൾക്കിടയിൽ മദ്യപാനശീലം കൂട്ടാന്‍ പദ്ധതികളുമായി ജപ്പാൻ

'വിവ സാകെ' എന്ന പേരിൽ യുവാക്കൾക്കിടയിൽ മദ്യപാനശീലം കൂട്ടാനായി ജപ്പാൻ നാഷനൽ ടാക്‌സ് ഏജൻസി ഒരു മത്സരവും പ്രഖ്യാപിച്ചിട്ടുണ്ട്

Update: 2022-08-20 12:34 GMT
Editor : Shaheer | By : Web Desk
Advertising

ടോക്യോ: ജനസംഖ്യാ ഇടിവും കോവിഡും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വിചിത്രനീക്കവുമായി ജപ്പാൻ. യുവാക്കളെ കൂടുതൽ മദ്യപാനത്തിനു പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ് ജപ്പാൻ ഭരണകൂടം.

സർക്കാരിന്റെ വരുമാനം കൂട്ടാനുള്ള പദ്ധതിയുടെ ഭാഗമായി 'വിവ സാകെ' എന്ന പേരിൽ ജപ്പാൻ നാഷനൽ ടാക്‌സ് ഏജൻസി(എൻ.ടി.എ) യുവാക്കൾക്കിടയിൽ മദ്യപാനശീലം കൂട്ടാനായി മത്സരവും പ്രഖ്യാപിച്ചിട്ടുണ്ട്. സാകെ, സോച്ചു, അവാമോറി, അടക്കമുള്ള ജപ്പാൻ മദ്യങ്ങളെ കൂടുതൽ ജനപ്രിയമാക്കുന്ന തരത്തിലുള്ള ബിസിനസ് ആശയങ്ങളുമായി വരുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യത്തിന് കൂടുതൽ ആവശ്യക്കാരുണ്ടാക്കാനുള്ള ആശയങ്ങളാണ് നൽകേണ്ടത്.

രാജ്യത്ത മദ്യവ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനും സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനുമാണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് ജപ്പാൻ നികുതി വകുപ്പ് പറയുന്നത്. 20നും 39നും ഇടയിൽ പ്രായമുള്ളവരിൽനിന്നാണ് പുത്തൻ ആശയങ്ങൾ ക്ഷണിച്ചിരിക്കുന്നത്.

മത്സരത്തിൽ പങ്കെടുക്കാൻ എൻട്രി ഫീയൊന്നുമില്ല. മദ്യത്തിന്റെ കച്ചവടം കൂട്ടാനുള്ള പുത്തൻ ആശയങ്ങൾ അവതരിപ്പിക്കുകയാണ് വേണ്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെറ്റാവേഴ്‌സ് അടക്കമുള്ള സങ്കേതങ്ങൾ ഉപയോഗിച്ച് തദ്ദേശീയ മദ്യങ്ങൾക്ക് പ്രചാരമുണ്ടാക്കാനുള്ള വഴികൾ നിർദേശിക്കണം. മത്സരത്തിലെ വിജയികളെ സെപ്റ്റംബർ 27ന് പ്രഖ്യാപിക്കും. രണ്ടാംഘട്ടം ഒക്ടോബറിലും നടക്കും. നവംബർ പത്തിന് ടോക്യോയിലായിരിക്കും അന്തിമ ഫലപ്രഖ്യാപനമുണ്ടാകുക.

കോവിഡിനെ തുടർന്ന് ജപ്പാനിൽ മദ്യപാനം കുത്തനെ കുറഞ്ഞതായാണ് എൻ.ടി.എ റിപ്പോർട്ട്. 1995നുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്തവണ റിപ്പോർട്ട് ചെയ്തത്.

Summary: Japan asks its youth to drink more alcohol, launches campaign

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News