വാഷിങ്ടൺ: തന്‍റെ ഇന്ത്യൻ വംശജയായ ഭാര്യ ഉഷ ക്രിസ്തുമതം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് വൈസ് പ്രസിഡന്‍റ് ജെഡി വാൻസ്. മിസിസിപ്പിയിൽ നടന്ന ടേണിങ് പോയിന്‍റ് യുഎസ്എ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യ ഉഷയുടെ വിശ്വാസത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അവർ ഒരു ദിവസം ക്രിസ്തുമതം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എന്നാൽ അത്തരം കാര്യങ്ങൾ തികച്ചും വ്യക്തിപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ക്രിസ്ത്യാനിയായിട്ടല്ല എന്‍റെ ഭാര്യ വളര്‍ന്നത്. അവൾ ഒരു ഹിന്ദു കുടുംബത്തിലാണ് ജനിച്ചത്. ഞങ്ങൾ കണ്ടുമുട്ടുമ്പോൾ അവിശ്വാസികളോ നിരീശ്വരവാദികളോ ആണെന്നാണ് സ്വയം കരുതിയിരുന്നത്. മിക്ക ഞായറാഴ്ചകളിലും ഉഷ എന്നോടൊപ്പം പള്ളിയിൽ വരാറുണ്ട്. ഞാൻ അവളോട് പറഞ്ഞത് പോലെ, പരസ്യമായി പറഞ്ഞത് പോലെ, ഇപ്പോൾ എന്‍റെ ഏറ്റവും അടുത്ത 10,000 സുഹൃത്തുക്കളുടെ മുന്നിൽ ഞാൻ പറയും: പള്ളി എന്നെ ആകർഷിച്ച അതേ കാര്യം അവളെ എങ്ങനെയെങ്കിലും സ്വാധീനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ടോ? അതെ, ഞാൻ അത് സത്യസന്ധമായി ചെയ്യുന്നു. കാരണം ഞാൻ ക്രിസ്തീയ സുവിശേഷത്തിൽ വിശ്വസിക്കുന്നു, ഒടുവിൽ എന്‍റെ ഭാര്യയും അതേ രീതിയിൽ അതിനെ കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" വാൻസ് കൂട്ടിച്ചേര്‍ത്തു.
2019 ൽ കത്തോലിക്കാ മതത്തിലേക്ക് പരിവർത്തനം ചെയ്ത വൈസ് പ്രസിഡന്‍റ് താനും ഉഷയും തങ്ങളുടെ ദാമ്പത്യം കെട്ടിപ്പെടുത്തത് തുറന്ന ആശയവിനിമയത്തിലും പരസ്പര വിശ്വാസങ്ങളോടുള്ള ബഹുമാനത്തിലുമാണെന്ന് പറഞ്ഞു. ഭാര്യ തന്‍റെ ഉറ്റ സുഹൃത്താണെന്നും പരസ്പരം തുറന്നു സംസാരിക്കാറുണ്ടെന്നും അതിനാൽ തങ്ങളുടെ കുട്ടികളെ ക്രിസ്ത്യാനികളായി വളര്‍ത്താൻ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മൂത്ത രണ്ട് കുട്ടികൾ ക്രിസ്ത്യൻ സ്കൂളിലാണ് പഠിക്കുന്നത്. എട്ടു വയസുള്ള കുട്ടി ഒരു വര്‍ഷം മുൻപാണ് ആദ്യ കുര്‍ബാന സ്വീകരിച്ചത്.
അതേസമയം ഒരാളുടെ വിശ്വാസം എന്നത് സ്വതന്ത്രമായി തെരഞ്ഞെടുക്കപ്പെടേണ്ട കാര്യമാണെന്നും വാൻസ് ഊന്നിപ്പറഞ്ഞു. അതുകൊണ്ട് ഉഷ അങ്ങനെ ചെയ്തില്ലെങ്കിൽ എല്ലാവർക്കും സ്വതന്ത്ര ഇച്ഛാശക്തിയുണ്ടെന്ന് ദൈവം പറയുന്നു. അതുകൊണ്ട് തനിക്കൊരു പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ സ്നാനപ്പെടുത്തിയ പുരോഹിതൻമാരോട് വളരെയധികം അടുപ്പമുള്ള ഉഷ അവരോട് പലപ്പോഴും മതത്തെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും പറയുന്നു. ഒരു കുടുംബമെന്ന നിലയിൽ ദൈവത്തിൽ വിശ്വസിക്കുകയും കഴിയുന്നത്ര മികച്ച രീതിയില്‍ അത് പിന്തുടരാന്‍ ശ്രമിക്കുകയും ചെയ്യുക എന്നതാണ് തന്‍റെ നിലപാടെന്നും വാൻസ് പറഞ്ഞു.
അഭിഭാഷകയും ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ രണ്ടാമത്തെ പ്രഥമ വനിതയുമായ ഉഷ വാൻസ് മുമ്പ് മതം മാറാൻ പദ്ധതിയില്ലെന്ന് പറഞ്ഞിരുന്നു. നേരത്തെ ഒരു അഭിമുഖത്തിൽ, അവരുടെ മൂന്ന് മക്കളായ ഇവാൻ, വിവേക്, മിറാബെൽ എന്നിവർക്ക് അവരുടെ മതപരമായ പാത സ്വയം തീരുമാനിക്കാനുള്ള അവസരം നൽകിയിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തിയിരുന്നു. "കത്തോലിക്ക സമൂഹത്തിലേക്ക് മാറുന്നതിനായി മാമോദീസ സ്വീകരിക്കണോ വേണ്ടയോ എന്ന് അവർക്ക് തെരഞ്ഞെടുക്കാം, തുടർന്ന് സ്കൂളിലെ ക്ലാസുകളിലൂടെ ഘട്ടം ഘട്ടമായുള്ള മുഴുവൻ പ്രക്രിയയിലൂടെയും കടന്നുപോകാം" എന്നായിരുന്നു ഉഷയുടെ പ്രതികരണം.
"എന്‍റെ മുത്തശ്ശി ഒരു ഹൈന്ദവ മതവിശ്വാസിയും കടുത്ത ഭക്തയുമാണ്. . അവർ എല്ലാ ദിവസവും പ്രാർത്ഥിക്കുന്നു, പതിവായി ക്ഷേത്രത്തിൽ പോകുന്നു, പൂജ നടത്തുന്നു. ഞങ്ങൾ അവരോടൊപ്പം ധാരാളം സമയം ചെലവഴിക്കുന്നു" അടുത്ത വർഷം ഒരു ഹോളി ആഘോഷം നടത്താൻ ആഗ്രഹിക്കുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.
അതേസമയം ഭാര്യ ക്രിസ്തുമതം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായുള്ള വാൻസിന്‍റെ വാക്കുകൾക്കെതിരെ സോഷ്യൽമീഡിയ രംഗത്തുവന്നു. നിരവധി ഇന്ത്യൻ വംശജരായ ഉപയോക്താക്കൾ ഇതിനെ അപമാനകരമെന്നും കപടമെന്നും വിശേഷിപ്പിച്ചു. മതം മാറാൻ ഉദ്ദേശ്യമില്ലാത്ത ഒരു ഹിന്ദുവായി ഉഷ എപ്പോഴും തന്നെ വിശേഷിപ്പിച്ചിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.