Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബൺ നഗരത്തിൽ യഹൂദ ദേവാലയത്തിന് തീവെച്ച് അജ്ഞാതൻ. അതേസമയം തന്നെ ഇസ്രായേൽ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റിന് നേരെയും ആക്രമണം നടന്നതായി റിപ്പോർട്ട്. ജൂലൈ 4, 2025 വെള്ളിയാഴ്ച രാത്രി നടന്ന ഈ സംഭവങ്ങൾ, രാജ്യത്തെ യഹൂദ വിരുദ്ധ (ആന്റിസെമിറ്റിക്) ആക്രമണങ്ങളുടെ ഒരു പുതിയ തരംഗത്തിന്റെ ഭാഗമാണെന്ന് അധികൃതർ ആരോപിച്ചു.
വെള്ളിയാഴ്ച രാത്രി 8 മണിയോടെ മെൽബണിലെ ഈസ്റ്റ് മെൽബൺ ഡൗൺടൗൺ പ്രദേശത്തുള്ള ആൽബർട്ട് സ്ട്രീറ്റിലെ ഒരു യഹൂദ ദേവാലയത്തിന്റെ മുൻവാതിലിൽ ഒരു അജ്ഞാതൻ തീയിട്ടു. ഈ സമയം ദേവാലയത്തിനുള്ളിൽ ഏകദേശം 20 പേർ സാബത്ത് അത്താഴത്തിനായി ഒത്തുകൂടിയിരുന്നു. വിക്ടോറിയ സ്റ്റേറ്റ് പൊലീസിന്റെ റിപ്പോർട്ട് പ്രകാരം തീവയ്‌പ്പിൽ ആർക്കും പരിക്കേറ്റിട്ടില്ല. പ്രതി സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടതായും ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ഇതേ രാത്രിയിൽ യഹൂദ ദേവാലയത്തിന് തീവെപ്പ് നടന്നതിന് ഏതാനും മിനിറ്റുകൾക്കകം മെൽബണിലെ ഹാർഡ്‌വെയർ ലെയിനിലുള്ള ഒരു ഇസ്രായേൽ റെസ്റ്റോറന്റായ മിസ്‌നോണിന് നേരെ ഏകദേശം 20 പ്രതിഷേധക്കാർ ആക്രമണം നടത്തിയാതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. 2011-ൽ ഇസ്രായേലിലെ തെൽ അവിവിൽ ആരംഭിച്ച ഈ റെസ്റ്റോറന്റിന്റെ മെൽബൺ ശാഖയിൽ പ്രതിഷേധക്കാർ 'ഡെത്ത് ടു ദി ഐഡിഎഫ്' (ഇസ്രായേൽ സേനയ്ക്ക് മരണം) എന്ന മുദ്രാവാക്യം വിളിച്ചും ഫർണിച്ചറുകൾ ജനാലയിലൂടെ എറിഞ്ഞും ആക്രമണം അഴിച്ചുവിട്ടതായും റിപ്പോർട്ടിൽ പറയുന്നു.