‘തലയിൽ 50 തവണ ചുറ്റിക കൊണ്ട് അടിച്ചു’; ഇന്ത്യൻ വിദ്യാർഥി അമേരിക്കയിൽ കൊല്ലപ്പെട്ടത് അതിക്രൂരമായി
വിവേകിന്റെ മൃതദേഹത്തിന് മുകളിൽ നിൽക്കുന്ന ജൂലിയനെയാണ് പൊലീസെത്തുമ്പോൾ കണ്ടത്
ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യക്കാരനായ എം.ബി.എ വിദ്യാർഥി കൊല്ലപ്പെട്ടത് അതിക്രൂരമായെന്ന് റിപ്പോർട്ട്. ഭവന രഹിതനും ലഹരിക്കടിമയുമായ ജൂലിയൻ ഫോക്ക്നറാണ് ഹരിയാനയിലെ പഞ്ച്കുളയിലെ ഭഗവാൻപൂർ ഗ്രാമത്തിൽ നിന്നുള്ള വിവേക് സൈനിയെന്ന എംബിഎ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയത്. ജോർജിയയിലെ ലിത്തോനിയയിൽ വെച്ച് ജൂലിയൻ 50 ലേറെ തവണയാണ് ചുറ്റികകൊണ്ട് വിവേക് സൈനിയുടെ തലക്കടിച്ചത്. ജനുവരി 16ന് നടന്ന കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.
25കാരനായ വിവേക് ജോർജ്ജിയയിലെ ലിത്തോനിയയിലെ ഒരു സ്റ്റോറിൽ പാർട് ടൈം ക്ലർക്കായിരുന്നു. ഭവന രഹിതനായി അലഞ്ഞു നടന്നിരുന്ന ജൂലിയൻ സ്റ്റോറിനുള്ളിലായിരുന്നു കഴിഞ്ഞിരുന്നത്. പുറത്തു കനത്ത തണുപ്പായതിനാൽ ജൂലിയനെ സ്റ്റോറിൽ നിന്ന് പുറത്താക്കിയിരുന്നില്ല. ഭക്ഷണവും താമസിക്കാൻ ഇടവും വസ്ത്രങ്ങളും ജീവനക്കാർ നൽകിയിരുന്നുവെന്ന് പൊലീസ് റിപ്പോർട്ട് ചെയ്യുന്നു.
പെരുമാറ്റത്തിൽ അസ്വഭാവികതയും ഭയവും തോന്നിയതിനെ തുടർന്ന് വിവേക് ജൂലിയനോട് പുറത്തുപോകാൻ ആവശ്യപ്പെട്ടിരുന്നു. പൊലീസിനോട് ഇത് സംബന്ധിച്ച് പരാതിയും ഫോണിൽ നൽകിയിരുന്നു. തുടർന്ന് പൊലീസ് എത്തുമ്പോൾ വിവേക് സൈനി മരിച്ച് കിടക്കുന്നതും അതിന് മുകളിൽ ജൂലിയൻ കയറി നിൽക്കുന്നതുമാണ് കാണുന്നത്. കസ്റ്റഡിയിലെടുത്ത ജൂലിയൻ ഫോക്ക്നനിനെ ജോർജിയയിലെ ഡികാൽബ് കൗണ്ടി ജയിലിൽ അടച്ചിരിക്കുകയാണ്.