വാഷിങ്ടൺ: ഇറാനുമായി ചർച്ചയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ജനതയോട് പ്രക്ഷോഭം തുടരാനും പ്രക്ഷോഭകരെ പിന്തുണക്കുമെന്നും ട്രംപ് വ്യക്തമാക്കി. പ്രക്ഷോഭകരെ കൊലപ്പെടുത്തുന്നത് നിർത്തുംവരെ ചർച്ചയില്ലെന്നും ട്രംപ് വ്യക്തമാക്കി.
ട്രൂത്ത് സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ ആവശ്യപ്രകാരം അവരുമായി ചര്‍ച്ച നടത്താനുള്ള സാധ്യതകള്‍ പരിഗണിക്കുന്നുണ്ടെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
"ഇറാനിയൻ ദേശസ്നേഹികളേ, പ്രതിഷേധം തുടരുക, നിങ്ങളുടെ സ്ഥാപനങ്ങൾ ഏറ്റെടുക്കുക, സഹായം വരുന്നുണ്ട്, കൊലപാതകികളുടെയും അതിക്രമം ചെയ്യുന്നവരുടെയും പേരുകൾ ഓർത്തുവെക്കുക. അവർ വലിയ വില നൽകേണ്ടിവരും. പ്രതിഷേധക്കാരെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കുന്നത് വരെ ഇറാനിയൻ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും ഞാൻ റദ്ദാക്കിയിട്ടുണ്ട്. നിങ്ങള്‍ക്കുള്ള സഹായം(പ്രക്ഷോഭകര്‍ക്ക്) ഉടനുണ്ടാകും''- ട്രംപ് പറഞ്ഞു. അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ എന്ന അദ്ദേഹത്തിന്റെ ക്യാമ്പയിന് സമാനമായയി ഇറാനെ വീണ്ടും മഹത്തരമാക്കൂ എന്നും അദ്ദേഹം കുറിക്കുന്നു. സഹായം വരുന്നു എന്നതുകൊണ്ട് എന്താണ് ട്രംപ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല.
അതേസമയം ട്രംപിന്റെ പുതിയ പ്രസ്താവനയിൽ ഇറാന്റെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും ഇതുവരെ വന്നിട്ടില്ല. ട്രംപിന്റെ ഭീഷണിക്കു വഴങ്ങില്ലെന്നും യുഎസിന്റെ ഏത് ആക്രമണത്തെയും നേരിടാൻ തയ്യാറാണെന്നുമാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി നേരത്തെ വ്യക്തമാക്കിയിരുന്നത്.
ഇതിനിടെ ഇറാനിലെ പ്രക്ഷോഭങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതായി ഒരു ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തുന്നില്ല. പ്രതിഷേധക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും മരണത്തിന് പിന്നിൽ തീവ്രവാദികളാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വ്യക്തമാക്കുന്നില്ല.
ഇറാനിയൻ റിയാലിന്റെ മൂല്യം ഇടിഞ്ഞതിൽ പ്രതിഷേധിച്ച് ഡിസംബർ 28 ന് തലസ്ഥാനമായ തെഹ്റാനിലെ ഗ്രാൻഡ് ബസാറിലെ വ്യാപാരികൾ കടകൾ അടച്ചിട്ടതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. പിന്നാലെ പ്രതിഷേധം വ്യാപിക്കുകയായിരുന്നു. ജീവിതച്ചെലവ് കുതിച്ചുയരുകയാണെന്നും എല്ലാത്തിനും വിലക്കയറ്റമാണെന്നും ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികളുള്‍പ്പെടെ തെരുവുകളിലേക്ക് ഇറങ്ങിയതോടെ പ്രക്ഷോഭമായി. സുരക്ഷാ സേനയുമായുള്ള വെടിവെപ്പില്‍ വരെ കാര്യങ്ങളെത്തി. പിന്നാലെ ഇന്റര്‍നെറ്റും നിരോധിച്ചു.