തെഹ്‌റാൻ: 1979ലെ വിപ്ലവത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിനാണ് ഇറാൻ വേദിയാവുന്നത്. പണപ്പെരുപ്പം, ഭക്ഷ്യവിലയിലെ വർധനവ്, കറൻസി മൂല്യത്തകർച്ച എന്നിവയെ തുടർന്നുണ്ടായ പ്രതിഷേധങ്ങളാണ് 2025 ഡിസംബറിൽ ബഹുജന പ്രക്ഷോഭങ്ങളായി രൂപപ്പെട്ടത്. പ്രതിഷേധങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ നൂറിലധികം സുരക്ഷാ ഉദ്യോഗസ്ഥരും 500ലധികം പ്രതിഷേധക്കാരും കൊല്ലപ്പെട്ടതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ വിപ്ലവത്തിന് ശേഷം അധികാരത്തിലിരിക്കുന്ന പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഖാംനഇയുടെ കീഴിലുള്ള പുരോഹിത ഭരണം അവസാനിപ്പിക്കണം എന്ന ആവശ്യത്തിലേക്ക് ബഹുജന പ്രക്ഷോഭത്തിന്റെ സ്വഭാവം മാറിയിട്ടുണ്ട്. ഭരണവിരുദ്ധ വികാരം ശക്തമായി നിലനിൽക്കുമ്പോഴും ഇതിനെ ഏകീകരിക്കുന്ന ഒരു പ്രതിപക്ഷ നീക്കത്തിന്റെ അഭാവം രാജ്യത്തുണ്ട്. എങ്കിലും ഇടത് പാർട്ടികൾ മുതൽ രാജവാഴ്ചക്കാർ വരെയുള്ള നീണ്ട പ്രതിപക്ഷ നിരയാണ് രാജ്യത്തിനകത്തും പുറത്തുമുള്ളത്.
ഇറാനിലെ പ്രധാന പ്രതിപക്ഷ ഗ്രൂപ്പുകൾ
ഇറാനിലെ പ്രതിപക്ഷം ചിതറിക്കിടക്കുന്ന പ്രസ്ഥാനങ്ങളായാണ് പ്രവർത്തിക്കുന്നത്. ചില ഗ്രൂപ്പുകളും വ്യക്തികളും ഇറാനിനുള്ളിൽ പ്രവർത്തിക്കുമ്പോൾ മറ്റ് ചിലർ പ്രവാസികളായി രാജ്യത്തെ രാഷ്ട്രീയത്തിൽ ഇടപെടുന്നു. ഇറാനിലെ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുണൈറ്റഡ് കിംഗ്ഡം, ജർമനി തുടങ്ങിയ രാജ്യങ്ങളിലുണ്ടായ റാലികൾ ഇത്തരത്തിലുള്ളവർ നയിക്കുന്നതാണ്. എങ്കിലും ഇറാനിൽ നിലവിൽ ഒരു സർക്കാർ രൂപീകരിക്കാൻ കഴിയുന്ന ഒരു ഏകീകൃത പ്രതിപക്ഷ ഗ്രൂപ്പിന്റെ അഭാവമുണ്ട്. രാജ്യത്തും പുറത്തുമുള്ള പ്രതിപക്ഷ ഗ്രൂപ്പുകൾ പരസ്പരം വേർപിരിഞ്ഞ് വ്യത്യസ്ത ലക്ഷ്യങ്ങളുള്ളവരാണ് എന്നതാണ് അതിന്റെ പ്രധാന കാരണം. മാത്രമല്ല പ്രതിപക്ഷ അംഗങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്ന നേതാക്കൾ ഉണ്ടെങ്കിൽ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് പ്രതികാര നടപടികൾ നേരിടേണ്ടിവരുമെന്നും അവർ ഭയപ്പെടുന്നു.
ലോകമെമ്പാടുമുള്ള പ്രതിഷേധ പ്രസ്ഥാനങ്ങളെപ്പോലെ ഇറാനിലെ പ്രതിഷേധക്കാരും നെറ്റ്‌വർക്ക് ഓർഗനൈസേഷനെ കൂടുതലായി ആശ്രയിക്കുന്നു. വിദ്യാർഥി ഗ്രൂപ്പുകൾ, ഡിസ്കോർഡ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചാണ് ഇവർ സംഘടിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു നേതാവ് എന്നതിൽ നിന്ന് വ്യത്യസ്തമായി നിരവധി പ്രാദേശിക നേതാക്കൾ ഇതിന്റെ ഭാഗമായി രൂപപ്പെട്ടുവന്നു. 2024 ജൂലൈയിൽ ബംഗ്ലാദേശിൽ നടന്ന പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്ഥാനഭ്രഷ്ടതയിൽ കലാശിച്ച പ്രതിഷേധങ്ങളിലും സെപ്റ്റംബറിൽ നേപ്പാളിൽ നടന്ന 'ജൻ സി' പ്രക്ഷോഭത്തിലും സ്വീകരിച്ച രീതികൾ ഇറാനിലും ആവർത്തിക്കുന്നു.
കഴിഞ്ഞ ദശകങ്ങളായി ഇറാനിയൻ സർക്കാർ സ്വന്തം നാട്ടിൽ സംഘടിത പ്രതിപക്ഷത്തിനുള്ള ഏതൊരു ശ്രമത്തെയും സജീവമായും ഫലപ്രദമായും അടിച്ചമർത്തുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും നിശബ്ദരാക്കുകയും ചെയ്തിട്ടുണ്ടെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ ഇറാന്റെ ചരിത്രത്തിലും രാഷ്ട്രീയത്തിലും അസോസിയേറ്റ് പ്രഫസറായ മറിയം ആലംസാദെ ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയേതര എൻജിഒകൾ, വിദ്യാർഥി ഗ്രൂപ്പുകൾ എന്നിവ പോലും റദ്ദാക്കിയിട്ടുള്ളതായി അദ്ദേഹം കൂട്ടിച്ചേർത്തു.
റെസ പെഹ്‌ലവിയും രാജവാഴ്ചക്കാരും
ഇറാനിൽ ഇപ്പോൾ നടക്കുന്ന ബഹുജന സംഘടിത പ്രസ്ഥാനങ്ങൾക്ക് പുറമേ രാജ്യത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന മറ്റ് ചില പ്രതിപക്ഷ ഗ്രൂപ്പുകളുമുണ്ട്. അതിൽ പ്രധാനികളാണ് റെസ പെഹ്‌ലവിയും രാജവാഴ്ചക്കാരും. 65 കാരനായ റെസ പെഹ്‌ലവി ഇറാൻ വിപ്ലവത്തിലൂടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഇറാനിലെ ഷാ മുഹമ്മദ് റെസ പെഹ്‌ലവിയുടെ മകനാണ്. യുഎസിൽ പ്രവാസിയായി താമസിക്കുന്ന റെസ പെഹ്‌ലവി ഇറാൻ നാഷണൽ കൗൺസിൽ എന്നറിയപ്പെടുന്ന ഒരു പ്രമുഖ രാജവാഴ്ച പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്നു. എന്നാൽ നാല് പതിറ്റാണ്ടുകളായി ഇറാനിൽ കാലുകുത്തിയിട്ടിലാത്ത റെസ പെഹ്‌ലവിക്ക് രാജ്യത്ത് പിന്തുണ കുറവാണ്. റിപ്പബ്ലിക്കൻമാരും ഇടതുപക്ഷക്കാരും ഉൾപ്പെടെയുള്ള മറ്റ് പ്രതിപക്ഷ ഗ്രൂപ്പുകൾ അദ്ദേഹത്തെ ശക്തമായി എതിർക്കുകയും ചെയ്യുന്നു. ഇസ്രായേലിന് നൽകുന്ന പിന്തുണയും അദ്ദേഹത്തെ ഇറാനിൽ അനഭിമതനാക്കുന്നു. ഇറാനിലെ പുതുതലമുറക്ക് രാജവാഴ്ചയുടെ കാലഘട്ടം ഓർമയിൽ ഇല്ലെങ്കിലും വിപ്ലവത്തിനു മുമ്പുള്ള കാലഘട്ടത്തെ ഗൃഹാതുരത്വത്തോടെ വീക്ഷിക്കുന്ന ചില പഴയകാല ഇറാനികൾ അസമത്വത്തിന്റെയും അടിച്ചമർത്തലിന്റെയും പേരിലാണ് അതിനെ ഓർമിക്കുന്നത്.
മറിയം റജാവിയും പീപ്പിൾസ് മുജാഹിദീനും
1970കളിൽ ഷായുടെ സർക്കാരിനും യുഎസ് ലക്ഷ്യങ്ങൾക്കുമെതിരെ ശക്തമായ സായുധ പോരാട്ടം നടത്തിയ ഒരു ഇടതുപക്ഷ ഗ്രൂപ്പാണ് പീപ്പിൾസ് മുജാഹിദീൻ. 1980-1988 ഇറാൻ-ഇറാഖ് യുദ്ധത്തിൽ ഇറാഖിനൊപ്പം നിന്നതിന് പീപ്പിൾസ് മുജാഹിദീനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം രൂപപ്പെട്ടിരുന്നു. 2002ൽ ഇറാൻ രഹസ്യമായി യുറേനിയം സമ്പുഷ്ടീകരണ പരിപാടി നടത്തുന്നുണ്ടെന്ന് വെളിപ്പെടുത്തിയതും പീപ്പിൾസ് മുജാഹിദീനാണ്. വർഷങ്ങളായി ഇറാനിൽ മുജാഹിദീനുകൾക്ക് സാന്നിധ്യമുണ്ടെന്നതിന്റെ സൂചനകളൊന്നുമില്ല. ആദ്യം ഫ്രാൻസിലും പിന്നീട് ഇറാഖിലും പ്രവാസത്തിലായിരുന്ന അവരുടെ നേതാവ് മസൂദ് റജാവിയെ കാണാതായതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ മറിയം രാജാവിയാണ് ഇപ്പോൾ പാർട്ടിയുടെ നിയന്ത്രണം. ഫ്രാൻസ്, അൽബേനിയ എന്നിവയുൾപ്പെടെ നിരവധി പാശ്ചാത്യ രാജ്യങ്ങളിൽ ഈ സംഘടനയ്ക്ക് സാന്നിധ്യമുണ്ട്.
ഇറാനിലെ മതേതര ജനാധിപത്യ സഖ്യം
ഇറാന് പുറത്ത് ആസ്ഥാനമാക്കി ഒരു ജനാധിപത്യ റിപ്പബ്ലിക്കിന് വേണ്ടി വാദിക്കുന്ന നിരവധി ഗ്രൂപ്പുകൾ 2023ൽ ഒന്നിച്ചു ചേർന്ന് ഇറാനിലെ മതേതര ജനാധിപത്യ റിപ്പബ്ലിക്കിനുള്ള സോളിഡാരിറ്റി (ഹംഗാമി) എന്ന രാഷ്ട്രീയ സഖ്യം രൂപീകരിച്ചു. 1979ലെ വിപ്ലവത്തിന് തൊട്ടുപിന്നാലെ നിർബന്ധിതമാക്കിയ കർശനമായ വസ്ത്രധാരണരീതിയുടെ ഭാഗമായി ഹിജാബ് ധരിക്കാത്തതിന് അറസ്റ്റ് വരിച്ച് കസ്റ്റഡിയിൽ മരിച്ച 22കാരിയായ മഹ്‌സ അമിനിയുടെ കൊലപാതകത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സഖ്യം പ്രവാസികൾക്കിടയിൽ പ്രചാരം നേടിയിരുന്നു.
കുർദിഷ്, ബലൂച് ന്യൂനപക്ഷങ്ങൾ
ഇറാനിലെ 92 ദശലക്ഷം ജനങ്ങളിൽ 61 ശതമാനവും പേർഷ്യക്കാരാണ്. അതേസമയം, ഗണ്യമായ ന്യൂനപക്ഷ വിഭാഗങ്ങളിൽ അസർബൈജാനികൾ (16%), കുർദുകൾ (10%) എന്നിവരും ഉൾപ്പെടുന്നു. മറ്റ് ന്യൂനപക്ഷങ്ങൾ ലൂർസ് (6%), അറബികൾ (2%), ബലൂചികൾ (2%), തുർക്കിക് ഗ്രൂപ്പുകൾ (2%) എന്നിവയാണ്. ഇറാനിൽ ജനസംഖ്യയുടെ 90 ശതമാനവും ഷിയ മുസ്‌ലിംകളാണ്. അതേസമയം, സുന്നി മുസ്‌ലിംകളും മറ്റ് മുസ്‌ലിം വിഭാഗങ്ങളുമായി ഏകദേശം 9 ശതമാനവും രാജ്യത്തുണ്ട്. ജനസംഘ്യയുടെ 1 ശതമാനത്തിൽ ബഹായ്, ക്രിസ്ത്യാനികൾ, സൗരാഷ്ട്രക്കാർ, ജൂതന്മാർ, സബിയൻ മണ്ടീനുകൾ എന്നിവ ഉൾപ്പെടുന്നുവെന്ന് ന്യൂനപക്ഷ അവകാശ ഗ്രൂപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.