വില്യം രാജകുമാരനുമായുള്ള വിവാഹത്തിനു മുന്‍പ് കേറ്റ് മിഡില്‍ടണ്‍ ഫെര്‍ട്ടിലിറ്റി ടെസ്റ്റ് നടത്തി;വെളിപ്പെടുത്തലുമായി പുസ്തകം

നിരവധി അതിശയിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ഈ പുസ്തകത്തിലുണ്ടെന്ന് ഹലോ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

Update: 2023-03-16 05:07 GMT
Editor : Jaisy Thomas | By : Web Desk

കേറ്റ് മിഡില്‍ടണും വില്യമും വിവാഹദിവസം

Advertising

ലണ്ടന്‍: ചാള്‍സ് രാജാവിന്‍റെയും ഡയാന രാജകുമാരിയുടെയും മൂത്ത മകന്‍ വില്യം രാജകുമാരനുമായുള്ള വിവാഹത്തിനു മുന്‍പ് കേറ്റ് മിഡില്‍ടണ്‍ ഫെര്‍ട്ടിലിറ്റി ടെസ്റ്റിന് വിധേയായതായി വെളിപ്പെടുത്തല്‍. ടോം ക്വിന്നിന്‍റെ ' ഗില്‍ഡഡ് യൂത്ത്: ആന്‍ ഇന്‍റിമേറ്റ് ഹിസ്റ്ററി ഓഫ് ഗ്രോയിംഗ് അപ് ഇന്‍ ദ റോയല്‍ ഫാമിലി' എന്ന പുസ്തകത്തിലാണ് ബ്രിട്ടീഷ് രാജകുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്.


നിരവധി അതിശയിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ഈ പുസ്തകത്തിലുണ്ടെന്ന് ഹലോ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാവി രാജ്ഞിക്ക് കുട്ടികളുണ്ടാകുമോ എന്ന കാര്യം ഉറപ്പാക്കാന്‍ ഇത് എല്ലായ്പ്പോഴും നടത്താറുണ്ടെന്നും കേറ്റിന് വന്ധ്യത ഉണ്ടായിരുന്നെങ്കില്‍ വിവാഹം മുടങ്ങുമായിരുന്നെന്നും ടോമിന്‍റെ പുസ്തകത്തില്‍ പറയുന്നു. 1981-ൽ ചാൾസുമായുള്ള വിവാഹത്തിന് മുമ്പ് ഡയാന രാജകുമാരിക്ക് പോലും ഇതേ മെഡിക്കൽ പരിശോധനകൾ നേരിടേണ്ടി വന്നുവെന്നും പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നു. വിവാഹത്തിനു മുമ്പുള്ള പരിശോധനകൾ പൊതുവായ ആരോഗ്യവുമായി ബന്ധപ്പെട്ടതാണെന്ന് തന്‍റെ അന്നത്തെ നിഷ്ക്കളങ്കതയില്‍ കരുതിയിരുന്നതായി ഡയാന പറഞ്ഞിട്ടുണ്ടെന്ന് ടോം വ്യക്തമാക്കുന്നു. ''നിഷ്ക്കളങ്കയായിരുന്നു ഞാന്‍..ആ ഘട്ടത്തില്‍ എല്ലാത്തിനും സമ്മതിച്ച് ഞാനും ഒപ്പം പോയി...ഡയാന പറഞ്ഞു'' ടോം പറയുന്നു. എന്നാല്‍ കേറ്റ് എല്ലാം അറിഞ്ഞിട്ടുണ്ടാകുമെന്നും അവള്‍ക്കൊരിക്കലും വിമതയാകാന്‍ സാധിക്കില്ലെന്നും ടോം ക്വിന്‍ കൂട്ടിച്ചേര്‍ത്തു.



2011 ഏപ്രിൽ 29ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ വച്ചായിരുന്നു വില്യമിന്‍റെയും കേറ്റിന്‍റെയും വിവാഹം. 1,900-ലധികം അതിഥികളാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന് പ്രത്യേക എട്ട് തട്ടുകളുള്ള കേക്കാണ് ഓര്‍ഡര്‍ ചെയ്തിരുന്നത്. രാജ്യത്ത് പൊതു അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ജോര്‍ജ്,ഷാര്‍ലെറ്റ്, ലൂയിസ് എന്നീ മൂന്നു മക്കളാണ് വില്യമിനും കേറ്റിനുമുള്ളത്. 2013ലാണ് ആദ്യത്തെ കുഞ്ഞ് പിറന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News