ലോസ് ആഞ്ചൽസിൽ മൃതദേഹങ്ങൾക്കായി തിരച്ചിൽ; വരണ്ട കാറ്റിൽ തീപടരുമെന്ന് മുന്നറിയിപ്പ്

യഥാർത്ഥ മരണസംഖ്യ എത്രയാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനായി, പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചു തിരച്ചിൽ തുടരുകയാണ്...

Update: 2025-01-13 06:22 GMT
Editor : banuisahak | By : Web Desk

വാഷിങ്ടൺ: ലോസ് ആഞ്ചൽസിൽ ആളിപ്പടരുന്ന കാട്ടുതീയിൽ ഇതുവരെ 24 പേർ കൊല്ലപ്പെട്ടു. അപകടകരമാം വിധം കാറ്റ് വീശുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വേഗത്തിൽ കാറ്റ് വീശുന്നത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നാണ് ആശങ്ക. ആയിരക്കണക്കിന് വീടുകൾ കത്തിനശിച്ചു, നിരവധി കെട്ടിടങ്ങൾ വെറും അവശിഷ്‌ടങ്ങളായി മാറിയിരിക്കുകയാണ്. 

ആളിപ്പടർന്നുകൊണ്ടിരിക്കുന്ന തീ യുഎസിലെ രണ്ടാമത്തെ വലിയ നഗരത്തെ വിഴുങ്ങിയിട്ട് ആറുദിവസം പിന്നിടുന്നു. യുഎസ് ചരിത്രത്തിലെ ഏറ്റവും വിനാശകരമായ പ്രകൃതി ദുരന്തമെന്നാണ് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം പ്രസ്‌താവനയിൽ അറിയിച്ചിരിക്കുന്നത്. 100,000 ആളുകൾക്ക് നഗരത്തിൽ നിന്ന് ഒഴിഞ്ഞുപോകേണ്ടി വന്നു.

Advertising
Advertising

ബ്രെന്റ്‌വുഡിനും ജനസാന്ദ്രതയുള്ള സാൻ ഫെർണാണ്ടോ താഴ്‌വരയ്ക്കും സമീപം പടരുന്ന പാലിസേഡ്‌സ്‌ തീപിടുത്തത്തിന്റെ വ്യാപനം കുറയ്ക്കാൻ ആയിട്ടുണ്ടെങ്കിലും വരണ്ട കാറ്റ് വീശുന്നത് ഭീഷണിയാണെന്നാണ് അഗ്നിശമന സേന അറിയിക്കുന്നത്. വരും ദിവസങ്ങളിൽ അതിശക്തമായ തീപിടുത്തവും ജീവന് ഭീഷണിയായ സാഹചര്യങ്ങളും ഉണ്ടാകുമെന്ന് നാഷണൽ വെതർ സർവീസിലെ കാലാവസ്ഥാ നിരീക്ഷകൻ റോസ് ഷോൺഫെൽഡിന്റെ മുന്നറിയിപ്പും നിലനിൽക്കുന്നു. 

മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുന്നതിനാൽ ചൊവ്വാഴ്‌ച പുലർച്ചെ മുതൽ പ്രത്യേക അപകടകരമായ സാഹചര്യം പ്രഖ്യാപിക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. വീശിയടിക്കുന്ന കാറ്റ് തീജ്വാലകൾ കൂടുതൽ ആളിക്കത്താനും കൂടുതൽ പ്രദേശങ്ങളിലേക്ക് പടരാനും കാരണമാകുമെന്ന് അഗ്നിശമന സേനാംങ്ങളും മുന്നറിയിപ്പ് നൽകി. ദേശീയ കാലാവസ്ഥാ സർവീസ് ഇത് സംബന്ധിച്ച് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കാട്ടുതീയിൽ നാശനഷ്‌ടം കൂടാനുള്ള പ്രധാന കാരണം സാന്റാ അന എന്ന വരണ്ട കാറ്റായിരുന്നു. ഇത് പിന്നീട് ശാന്തമായത് കാരണം തീ കുറച്ചെങ്കിലും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിരുന്നു. 

എന്നാൽ, സാന്റാ അന വീണ്ടും തിരിച്ചുവരുമെന്നാണ് കരുതുന്നത്. അതിനാൽ തന്നെ മനുഷ്യസാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് തീയണക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമനാ സേനയും അധികൃതരും. ഡസൻ കണക്കിന് പുതിയ വാട്ടർ ട്രക്കുകളും വിദൂര സ്ഥലങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്ന് ലോസ് ആഞ്ചൽസ് കൗണ്ടി അഗ്നിശമന വകുപ്പ് റിപ്പോർട്ട് ചെയ്യുന്നു. 

യഥാർത്ഥ മരണസംഖ്യ എത്രയാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനായി, പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചു തിരച്ചിൽ തുടരുകയാണ്.ആളുകളെ ഒഴിപ്പിച്ച മേഖലകളിൽ രാത്രികാല കർഫ്യു നീട്ടി. കാട്ടുതീ ഭീഷണിയുള്ള സ്ഥലങ്ങളിൽനിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാൻ ജനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്.

കാലിഫോർണിയ സർവകലാശാലാ ക്യാമ്പസിലേക്കും കാട്ടുതീ വ്യാപിച്ചേക്കാമെന്ന് അധികൃതർ വിദ്യാർഥികളെ അറിയിച്ചു. .നഗരത്തിലെ പ്രധാന സ്‌മാരകങ്ങളടക്കം ഭീഷണിയിലാണ്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News