'അധിനിവിഷ്ട വെസ്റ്റ് ബാങ്കിലേത് ഇസ്രായേലിന്റെ രാഷ്ട്രീയ പദ്ധതി'; വിമർശനവുമായി ഇമ്മാനുവൽ മാക്രോൺ
വ്യാപകമായ ദുരിതത്തിനും നാശത്തിനും കാരണമാകുന്ന ഇസ്രായേലിന്റെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ലംഘിക്കുന്നതാണെന്നും മാക്രോണ്‍
പാരിസ്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഇസ്രായേലിന്റെ കുടിയേറ്റ പദ്ധതികളെ രൂക്ഷമായി വിമര്‍ശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.
ഇസ്രായേലിന്റെത് രാഷ്ട്രീയ പദ്ധതിയാണെന്ന് കുറ്റപ്പെടുത്തിയ മാക്രോണ്‍, ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതയെ ദുർബലപ്പെടുത്തുന്നതും ഫലസ്തീനികളുടെ സമാധാനത്തിനുള്ള അവകാശം നിഷേധിക്കുന്നതാണെന്നും വ്യക്തമാക്കി. ഇസ്രായേലിന്റെ ചാനൽ 12 ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
''ഹമാസും വെസ്റ്റ്ബാങ്കും തമ്മില്‍ യാതൊരു ബന്ധവുമില്ല, ഹമാസിനെ ഇല്ലാതാക്കുക എന്നതല്ല, മറിച്ച് ദ്വിരാഷ്ട്ര ഫോര്‍മുല എന്ന സാധ്യത ഇല്ലാതാക്കുകയും മേഖലയിൽ സമാധാനത്തോടെ ജീവിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശം നിഷേധിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു രാഷ്ട്രീയ പദ്ധതിയാണിത്''- അദ്ദേഹം പറഞ്ഞു.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ വിവാദ കുടിയേറ്റ പദ്ധതികള്‍ ഈ മാസം ആദ്യത്തില്‍ തന്നെ ഇസ്രായേൽ പ്രധാനമന്ത്രി ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ഈ പശ്ചാതലത്തിലാണ് മാക്രോണിന്റെ വിമർശനം. ഗസ്സയിലെ ഇസ്രായേലിന്റെ സൈനിക നടപടികളെയും ഫ്രഞ്ച് പ്രസിഡന്റ് അപലപിച്ചു. ഇത്തരം നീക്കങ്ങള്‍ മേഖലയിൽ മാത്രമല്ല, എല്ലായിടത്തും ഇസ്രായേലിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
''സാധാരണക്കാരെ കൊല്ലുന്നതിനാൽ ഇസ്രായേലിന്റെ പ്രതിച്ഛായയും വിശ്വാസ്യതയും പൂർണ്ണമായും നശിപ്പിക്കുകയാണ് - ഈ മേഖലയിൽ മാത്രമല്ല, എല്ലായിടത്തും''- അദ്ദേഹം വ്യക്തമാക്കി. വ്യാപകമായ ദുരിതത്തിനും നാശത്തിനും കാരണമാകുന്ന പ്രവർത്തനങ്ങൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ലംഘിക്കുന്നതാണെന്നും ആഗോളതലത്തിൽ തന്നെ ഇസ്രായേലിന് ഹാനികരമാണെന്നും മാക്രോൺ പറഞ്ഞു.