‘ഗുഡ് നൈറ്റ്. മലേഷ്യൻ ത്രീ സെവൻ സീറോ’... 10 വർഷം മുമ്പ് ആറ് വാക്കുകളിലവസാനിച്ച ആ സന്ദേശം

പത്ത് വർഷത്തിന്റെ ദൂരമുണ്ട് 239 യാത്രികരുമായി അപ്രത്യക്ഷമായ വിമാനമെവിടെ എന്ന ചോദ്യത്തിന്

Update: 2024-02-24 03:00 GMT

ഗുഡ് നൈറ്റ്, മലേഷ്യൻ ത്രീ സെവൻ സീറോ..... 35,000 അടി ഉയരത്തിൽ നിന്നുള്ള ആറ് വാക്കുകളിലവസാനിച്ച ആ സന്ദേശമായിരുന്നു മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ്-777 എംഎച്ച് 370 എന്ന വിമാനത്തിൽ നിന്ന് അവസാനമായി ലോകം കേട്ടത്. 2014 മാർച്ച് എട്ടിന് പുലർച്ചെ 12.41 ന് മലേഷ്യയിലെ ക്വാലലംപൂരിൽ നിന്ന് ബീജിങ്ങിലേക്ക് പുറപ്പെട്ടതായിരുന്നു ആ വിമാനം.

പത്ത് വർഷത്തിന്റെ ദൈർഘ്യമുണ്ട് വൈമാനികർ ഉൾപ്പടെ 239 യാത്രികരുമായി ആകാശത്ത് നിന്ന് അപ്രത്യക്ഷമായ വിമാനമെവിടെ എന്ന ചോദ്യത്തിന്. ഇ​പ്പോഴും ലോകം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് അപ്രത്യക്ഷമായ മനുഷ്യർക്കും ആ വിമാനത്തിനുമായി. ആറ് മണിക്കൂർ ദൂരമായിരുന്നു ആ വിമാനത്തിന് താണ്ടാനുണ്ടായിരുന്നത്.

Advertising
Advertising

എന്നാൽ യാത്ര തുടങ്ങി മുക്കാൽ മണിക്കൂറിനകം എയർ ട്രാഫിക് സംവിധാനവുമായുള്ള ബന്ധം മുറിഞ്ഞ് വിമാനം അപ്രത്യക്ഷമായി. ശാന്തമായ കാലാവസ്ഥയിലായിരുന്നു വിമാനത്തിന്റെ അപ്രത്യക്ഷമാകൽ എന്നതാണ് വൈമാനിക ലോകത്തെ ആശങ്കയിലാക്കുന്നത്. പലതരം കഥകൾ അന്തരീക്ഷത്തിൽ പിന്നീട് തെളിഞ്ഞു വന്നു. റാഞ്ചിയാതാണെന്നും, തകർന്ന് വീണതാണെന്നും, തകർത്തതാണെന്നുമെല്ലാമായിരുന്നു അത്. എന്നാൽ ഒന്നിനും ആധികാരികമായ തെളിവൊന്നും നൽകാനില്ലായിരുന്നു.

വിമാനത്തിന് എന്ത് പറ്റി, ആരേലും റാഞ്ചിയതാണോ, എന്തിനാകും റാഞ്ചിയത്. അതോ തകർന്നുവീണതാണോ, എന്നാൽ എവിടെയാണ് തകർന്ന് വീണത്. അവശിഷ്ടങ്ങൾ എവിടെ. വിമാനത്തിലുണ്ടായിരുന്ന 239 പേർക്ക് എന്ത്സംഭവിച്ചു. ഒരു പതിറ്റാണ്ടായി ലോകം ചോദിച്ചുകൊണ്ടിരിക്കുന്ന ഈ ചോദ്യത്തിന് ഇന്നും ഉത്തരമില്ല. പതിനഞ്ച് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് ആ വിമാനത്തിലുണ്ടായിരുന്നത്. അതിൽ 153 പേരും ചൈനയിൽ നിന്നുള്ളവർ.​മലേഷ്യയിൽ നിന്ന് 38 പേരും. അഞ്ച് ഇന്ത്യക്കാരുമുണ്ടായിരുന്നു.

തിരച്ചിലുകൾക്കൊടുവിൽ ഒന്നേകാൽ വർഷത്തിന് ശേഷമാണ് മലേഷ്യൻ വിമാനത്തിന്റെതെന്ന് കരുതുന്ന അവശിഷ്ടം ഇന്ത്യാസമുദ്രത്തിൽ കണ്ടെത്തിയത്. എന്നാൽ അതിനെ പിന്തുടർന്ന് വ്യാപകമായ തെരച്ചിൽ നടന്നെങ്കിലും ബ്ലാക് ബോക്സ് കണ്ടെത്താനായില്ല. പ്രതീക്ഷകൾ വീണ്ടും അണഞ്ഞു. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും തിരച്ചിൽ തുടർന്ന് കൊണ്ടേയിരുന്നു, അപ്രത്യക്ഷരായവരുടെ തിരിച്ചുവരവിനായി ബന്ധുക്കൾക്കൊപ്പം ലോകവും പ്രാർഥനയോടെ കാത്തിരുന്നു. മലേഷ്യക്ക് പുറമെ ഓസ്ട്രേലിയയും തിരച്ചിലിൽ പങ്കാളി.കൂടുതൽ യാത്രക്കാ​ർ ചൈനയിൽ നിന്നായതിനാൽ ചൈനയും ഇന്ത്യയടക്കമുള്ള മറ്റുള്ള രാജ്യങ്ങളും ഒപ്പം ചേർന്നു. ഒട്ടേറെ രാജ്യങ്ങളും വിമാനങ്ങളും കപ്പലുകളും തിരിച്ചിലിനായി വിട്ട് നൽകി സഹകരിച്ചു. ഏകദേശം 16 കോടി ഡോളർ തിരച്ചിലിനായി ചെലവഴിച്ചിട്ടുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. വിമാന യാത്ര ചരിത്രത്തിൽ തന്നെയും ഇത്രയും  ചെലവേറിയ തിരച്ചിൽ മുൻപുണ്ടായിട്ടില്ലെന്നാണ് വിലയിരുത്തുന്നത്. മൂന്ന് വർഷത്തിന് ശേഷം ഇനിയും അത് തുടരുന്നതിൽ അർഥമില്ലെന്നുകണ്ട് 2017 ൽ തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചു.

വിമാനത്തിന്റെ പ്രധാനഭാഗങ്ങൾ കിട്ടിയാൽമാത്രം പ്രതിഫലം നൽകിയാൽ മതിയെന്ന കരാറിൽ ഓഷ്യൻ ഇൻഫിനിറ്റ് എന്ന അമേരിക്കൻ കമ്പനി പിന്നീട് തിരച്ചിൽ ഏറ്റെടുത്തെങ്കിലും ശുഭവാർത്തകളൊന്നും നൽകാനായിട്ടില്ല. കരാർ അവസാനിച്ചെങ്കിലും കാണാതായവരുടെ ബന്ധുക്കൾ നൽകിയ അപേക്ഷ പരിഗണിച്ച് വീണ്ടും അവരെ തന്നെ തിരച്ചിൽ ചുമതല ഏൽപ്പിച്ചു.

കാണാതായ വിമാനംവീണ്ടും തിരച്ചിൽ നടത്തിയാൽ ഉടൻ കണ്ടെത്താനാകുമെന്ന് അവകാശപ്പെട്ട് 2023 ഡിസംബറിൽ​ ഒരു വിഭാഗം വ്യോമയാന വിദഗ്ധർ രംഗത്തെത്തിയിരുന്നു. എയ്‌റോസ്‌പേസ് വിദഗ്ധരായ ജീൻ-ലൂക്ക് മർചന്റ്, പൈലറ്റ് പാട്രിക് ബ്ലെല്ലി എന്നിവരാണ് വീണ്ടും തിരച്ചിലാരംഭിച്ചാൽ വിമാനം കണ്ടെത്താനാകുമെന്ന് പറഞ്ഞത്. വിദഗ്ദ്ധനായ വൈമാനികന്റെ നേതൃത്വത്തിലാണ് വിമാനം റാഞ്ചിയതെന്നും ഇവർ പറഞ്ഞു..

വിമാനത്തിന്റെ ട്രാൻസ്‌പോണ്ടർ ബോധപൂർവം ആരോ ഓഫാക്കിയതാണ്. വിമാനം‘നോ മാൻസ് ലാൻ‍ഡിൽ’ ആയിരിക്കുമ്പോഴാണ് പെട്ടെന്ന് ദിശാമാറ്റം സംഭവിച്ചത്, വിമാനം തട്ടിക്കൊണ്ടുപോയി ആഴക്കടലിൽ വീഴ്ത്തിയതാണെന്നും ഇവർ വിലയിരുത്തുന്നുണ്ട്. മലേഷ്യൻ വിമാനദുരന്തത്തിന് പിന്നാലെ വിമാനത്തിലെ സാ​ങ്കേതിക സംവിധാനങ്ങൾ മെ​ച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള സംവാദങ്ങൾ ലോകത്ത് നടന്നിരുന്നു. പത്ത് വർഷത്തിന്റെ ദുരമുണ്ട് ആ വൈമാനിക ദുരന്തത്തിന്, മറ്റൊരു മാർച്ച് എട്ടിന് മുമ്പ് ലോകത്തിന് പ്രതീക്ഷ നൽകുന്ന വാർത്തക്ക് കാതോർക്കുകയാണ് ലോകം. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News