സൗന്ദര്യമത്സരത്തില്‍ ഭാര്യക്ക് രണ്ടാം സ്ഥാനം; കുപിതനായ ഭര്‍ത്താവ് വേദിയിലെത്തി കിരീടം വലിച്ചെറിഞ്ഞു: വീഡിയോ

ശനിയാഴ്ച ബ്രസീലിൽ നടന്ന LGBTQ+ സൗന്ദര്യമത്സരത്തിലാണ് സംഭവം നടന്നതെന്ന് പ്രാദേശിക വാർത്താ ഏജൻസിയായ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നു

Update: 2023-05-31 02:29 GMT
Editor : Jaisy Thomas | By : Web Desk
യുവാവ് കിരീടം വലിച്ചെറിയുന്നതിന്‍റെ ദൃശ്യം
Advertising

ബ്രസീലിയ: സൗന്ദര്യമത്സരത്തില്‍ തന്‍റെ ഭാര്യക്ക് രണ്ടാം സ്ഥാനം ലഭിച്ചതില്‍ കുപിതനായ ഭര്‍ത്താവ് വേദിയിലേക്ക് കയറി വിജയിയുടെ കിരീടം തട്ടിയെടുത്തു നിലത്തെറിഞ്ഞു തകര്‍ത്തു.ശനിയാഴ്ച ബ്രസീലിൽ നടന്ന LGBTQ+ സൗന്ദര്യമത്സരത്തിലാണ് സംഭവം നടന്നതെന്ന് പ്രാദേശിക വാർത്താ ഏജൻസിയായ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നു.


സൗന്ദര്യമത്സരം കണ്ടുകൊണ്ടിരുന്ന ഒരാള്‍ ഇയാളുടെ പ്രവൃത്തി റെക്കോഡ് ചെയ്യുകയും സോഷ്യല്‍മീഡിയയില്‍ അപ്‍ലോഡ് ചെയ്യുകയുമായിരുന്നു. നിമിഷനേരം കൊണ്ട് വീഡിയോ വൈറലാവുകയും ചെയ്തു. മിസ് ഗേ മാറ്റോ ഗ്രോസോ 2023 മത്സരത്തിൽ വിജയിയെ പ്രഖ്യാപിക്കുന്നതിനിടെയാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. നതാലി ബെക്കര്‍,ഇമാനുവല്ലി ബെലിനി എന്നിവരായിരുന്നു ഫൈനല്‍ റൗണ്ടിലെത്തിയ മത്സരാര്‍ഥികള്‍. ഇവരില്‍ ആരാണ് വിജയിയെന്ന് പ്രഖ്യാപിക്കാന്‍ ഒരു സ്ത്രീ വേദിയിലേക്ക് വരുന്നത് വീഡിയോയില്‍ കാണാം. ആവേശഭരിതമായ മുഹൂര്‍ത്തത്തിനൊടുവില്‍ ബെലിനിയെ വിജയിയായി തെരഞ്ഞെടുത്തു. വിജയ കിരീടം അണിയിക്കാനായി തുടങ്ങുമ്പോഴാണ് പെട്ടെന്ന് മറ്റൊരു മത്സരാര്‍ഥിയുടെ ഭര്‍ത്താവ് വേദിയിലേക്ക് ഓടിക്കയറി കിരീടം വലിച്ചെറിഞ്ഞത്.



ഞെട്ടിത്തരിച്ച സദസിനു നേരെ ആക്രോശിക്കുകയും ഭാര്യയെ വേദിയില്‍ നിന്നും പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. വീണ്ടും കിരീടമെടുത്ത് നിലത്തെറിഞ്ഞു. തുടര്‍ന്ന പരിപാടിയുടെ സംഘാടകര്‍ ഇയാളെ സ്റ്റേജില്‍ നിന്നും വലിച്ചിഴച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ''ഫലപ്രഖ്യാപനം അംഗീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. മാത്രമല്ല, പരിപാടി തടസപ്പെടുത്തുകയും നാശനഷ്ടമുണ്ടാക്കുകയും ചെയ്തു'' മത്സരത്തിന്റെ കോർഡിനേറ്റർ മലോൺ ഹെനിഷ് പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തെ ശക്തമായി അപലപിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.മത്സരത്തിന്റെ വിധികർത്താക്കൾ ബെലിനിയെ വിജയിയായി പ്രഖ്യാപിച്ചത് ന്യായമാണെന്ന് സംഘാടകർ തറപ്പിച്ചുപറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News