26 വര്‍ഷമായി ഒറ്റയ്ക്ക്; ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യന്‍ വിടവാങ്ങി

'മാന്‍ ഒഫ് ദ ഹോള്‍ ' ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യന്‍' എന്നീ വിശേഷണങ്ങളില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ക്ക് ഏകദേശം 60 വയസുണ്ടെന്നാണ് കരുതുന്നത്

Update: 2022-09-01 02:36 GMT
Editor : Jaisy Thomas | By : Web Desk
Advertising

റിയോ ഡി ജനീറോ: പുറംലോകവുമായി ബന്ധമില്ലാതെ 26 വര്‍ഷമായി ആമസോണ്‍ വനാന്തരങ്ങളില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്ന ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യന്‍ അന്തരിച്ചു. 'മാന്‍ ഒഫ് ദ ഹോള്‍ ' ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യന്‍' എന്നീ വിശേഷണങ്ങളില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ക്ക് ഏകദേശം 60 വയസുണ്ടെന്നാണ് കരുതുന്നത്.

വന്യമൃഗങ്ങളെ കെണിയില്‍ വീഴ്ത്താനും ഒളിക്കാനുമായി കാട്ടില്‍ ഇയാള്‍ ആഴത്തിലുള്ള കുഴികള്‍ ഉണ്ടാക്കിയിരുന്നു. അതുകൊണ്ടാണ് 'മാന്‍ ഓഫ് ദ ഹോള്‍' എന്നറിയപ്പെട്ടിരുന്നത്. ആഗസ്ത് 23ന് അദ്ദേഹത്തിന്‍റെ വൈക്കോല്‍ കുടിലിനു പുറത്താണ് മൃതദേഹം കണ്ടെത്തിയത്. പതിവ് പട്രോളിംഗിനിടെയാണ് ഫുനായി ഏജന്‍റ് അൾട്ടെയർ ജോസ് അൽഗയർ മൃതദേഹം കണ്ടത്. സ്വഭാവിക മരണമാണെന്നാണ് നിഗമനം. അക്രമം നടന്നതിന്‍റെ ലക്ഷണങ്ങളൊന്നുമില്ല. മൃതശരീരത്തിനു ചുറ്റും തൂവലുകളും ഉണ്ടായിരുന്നു. താന്‍ മരിക്കാന്‍ പോവുകയാണെന്ന് അറിഞ്ഞ് അയാള്‍ തന്‍റെ മേൽ തൂവലുകൾ വച്ചതായിരിക്കാമെന്ന് തദ്ദേശീയ വിദഗ്ധനായ മാർസെലോ ഡോസ് സാന്‍റോസ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. 50ലധികം കുടിലുകളാണ് കഴിഞ്ഞ 26 വര്‍ഷങ്ങള്‍ക്കിടയില്‍ അയാള്‍ നിര്‍മിച്ചത്. മൂന്നു മീറ്റര്‍ ആഴമുള്ള കുഴികളും ഉണ്ടാക്കിയിട്ടുണ്ട്.


ബൊളീവിയയുടെ അതിർത്തിയായ റൊണ്ടോണിയ സംസ്ഥാനത്തിലെ തനാരു തദ്ദേശീയ പ്രദേശത്ത് താമസിക്കുന്ന ഒരു തദ്ദേശീയ സംഘത്തിലെ അവസാനത്തെ ആളായിരുന്നു ആ മനുഷ്യൻ. ഇയാളുടെ ഗോത്രത്തിലെ ഭൂരിഭാഗം പേരും 1970കളില്‍ തന്നെ വേട്ടക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ശേഷിക്കുന്ന ഇയാളെക്കുറിച്ച് ബ്രസീലിന്‍റെ തദ്ദേശീയ കാര്യ ഏജൻസി (ഫുനായി) 1996 മുതല്‍ നിരീക്ഷിച്ചുവരികയായിരുന്നു.

1995ല്‍ അവശേഷിച്ച ആറ് അംഗങ്ങള്‍ അനധികൃത ഖനന മാഫിയകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ ഇദ്ദേഹം വനത്തില്‍ ഒറ്റപ്പെടുകയായിരുന്നു. അധികൃതര്‍ മൃതദേഹം കണ്ടെത്തുന്നതിന് 40- 50 ദിവസം മുമ്പ് ഇദ്ദേഹം മരിച്ചെന്ന് കരുതുന്നു. മരണ കാരണം കണ്ടെത്താന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. 2018ല്‍ അധികൃതര്‍ക്ക് ഇദ്ദേഹത്തിന്‍റെ അവ്യക്തമായ ചിത്രം പകര്‍ത്താന്‍ കഴിഞ്ഞിരുന്നു. അതിന് ശേഷം ഇയാള്‍ മനുഷ്യരുടെ മുന്നിലെത്തിയിരുന്നില്ല.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News