മാഞ്ചസ്റ്ററിലേത് ഭീകരാക്രമണമെന്ന് സ്ഥിരീകരണം; അക്രമിയുടെ വിശദാംശങ്ങൾ പുറത്ത്‌

അക്രമിയെ പൊലീസ് വെടിവെച്ച് വീഴ്ത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. അക്രമി കൊല്ലപ്പെട്ടതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അറിയിച്ചു.

Update: 2025-10-03 05:33 GMT
Editor : rishad | By : Web Desk
അക്രമം നടന്ന സ്ഥലത്തെ പൊലീസ് കാവല്‍ | Photo- AFP|

മാഞ്ചസ്റ്റര്‍: വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ജൂതദേവാലയത്തിലുണ്ടായ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. അക്രമിയെ പൊലീസ് വെടിവെച്ച് വീഴ്ത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. അക്രമി കൊല്ലപ്പെട്ടതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അറിയിച്ചു.

ജിഹാദ് അൽ-ഷാമിയാണ് അക്രമം നടത്തിയതെന്നാണ് മാഞ്ചസ്റ്റർ പൊലീസ് അറിയിക്കുന്നത്. 35 വയസ്സുള്ള ഇയാൾ സിറിയൻ വംശജനായ ബ്രിട്ടീഷ് പൗരനാണെന്ന് പൊലീസ് പറയുന്നു. കൊച്ചുകുട്ടിയായിരിക്കെയാണ് അദ്ദേഹം ബ്രിട്ടനിലെത്തിയതെന്നും 2006ലാണ് പൗരത്വം ലഭിച്ചതെന്നുമാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം അക്രമിക്ക് ഇതിന് മുമ്പ് ക്രിമിനല്‍ പശ്ചാത്തലം ഉള്ളതായി പറയുന്നില്ല.

Advertising
Advertising

ആൾകൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റുകയായിരുന്നു അക്രമി. സംഭവം തീവ്രവാദി ആക്രമണമായി കണക്കാക്കുന്നുവെന്ന് യുനൈറ്റഡ് കിങ്ഡം പൊലീസ് അറിയിച്ചു. 

വ്യാഴാഴ്ച രാവിലെയായിരുന്നു ആക്രമണം. ജൂത കലണ്ടറിലെ പുണ്യദിനമായ യോം കിപ്പൂരിലായിരുന്നു സംഭവം. ജൂതദേവാലയത്തിനു പുറത്ത് ആളുകള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ അക്രമി ആളുകളെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കുത്തേറ്റാണ് രണ്ടു പേര്‍ മരിച്ചതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.  

മാഞ്ചെസ്റ്ററില്‍ ജൂതന്മാര്‍ കൂടുതലുള്ള പ്രദേശത്താണ് ആക്രമണം നടന്നത്. അതേസമയം അക്രമിയുടെ ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തെ അപലപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. യുകെയിലുടനീളമുള്ള സിനഗോഗുകളില്‍ കൂടുതല്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചതായും സ്റ്റാര്‍മര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് സ്റ്റാര്‍മര്‍ ഡെന്മാര്‍ക്ക് സന്ദര്‍ശനം അവസാനിപ്പിച്ചു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News