ചെയ്യാത്ത കുറ്റത്തിന് 32 വർഷം ജയിലിൽ; 65കാരന് 100 കോടി നഷ്ടപരിഹാരം
1982ൽ നടന്ന തീപിടിത്തത്തിൽ അകപ്പെട്ടവരെ രക്ഷിക്കാനിറങ്ങിയ റൊസാരിയോയെ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു
ന്യൂയോർക്ക്: ചെയ്യാത്ത കുറ്റത്തിന് 32 വർഷത്തോളം ജയിലിൽ കിടക്കേണ്ടിവന്ന വയോധികന് 13 മില്യൻ ഡോളർ(ഏകദേശം നൂറുകോടി രൂപ) നഷ്ടപരിഹാരം. യു.എസിലെ മസാച്യുസെറ്റ്‌സിലുള്ള ലോവൽ സ്വദേശിയായ വിക്ടർ റൊസാരിയോയ്ക്കാണ് വൻതുക നഷ്ടപരിഹാരം ലഭിച്ചത്. 1982ൽ നടന്ന തീപിടിത്തത്തിലാണ് ഇദ്ദേഹത്തിനെതിരെ കുറ്റംചുമത്തി ജയിലിലടച്ചത്.
ലോവലിലെ ഒരു കെട്ടിടത്തിൽ തീപിടിത്തം നടക്കുമ്പോൾ റൊസാരിയോയ്ക്ക് 24 വയസായിരുന്നു പ്രായം. യുവാവ് കെട്ടിടത്തിന് തീവയ്ക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അഞ്ചു കുട്ടികളടക്കം എട്ടുപേർ തീപിടിത്തത്തിൽ മരിച്ചിരുന്നു. തീപിടിത്തത്തിൽ അകപ്പെട്ടവരെ രക്ഷിക്കാനായി മുന്നിട്ടിറങ്ങിയ റൊസാരിയോയെ അന്വേഷണസംഘം പിടികൂടി കുറ്റം ചുമത്തുകയായിരുന്നു.
യുവാവിനെ അറസ്റ്റ് ചെയ്ത അന്വേഷണസംഘം മണിക്കൂറുകൾ ചോദ്യംചെയ്തു. കുറ്റം സമ്മതിക്കാൻ നിർബന്ധിച്ചെങ്കിലും റൊസാരിയോ വഴങ്ങിയില്ല. ഒടുവിൽ പൊലീസ് നൽകിയ രേഖയിൽ ഒപ്പുവച്ചാൽ വെറുതെവിടാമെന്ന് അറിയിച്ചു. സ്പാനിഷ് വംശജനായ റൊസാരിയോയ്ക്ക് ഇംഗ്ലീഷിലുണ്ടായിരുന്ന കുറ്റസമ്മതം വായിക്കാനായിരുന്നില്ല. പൊലീസിന്റെ ആവശ്യപ്രകാരം ഒപ്പുവച്ചെങ്കിലും കേസ് കോടതിയിലെത്തിയപ്പോൾ റൊസാരിയോയുടെ കുറ്റസമ്മത രേഖയായാണ് ഇത് അവതരിപ്പിക്കപ്പെട്ടത്.
കേസിൽ കോടതി റൊസാരിയോയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തു. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2014ലാണ് ജയിൽമോചിതനാകുന്നത്. 2019ൽ ലോവൻ നഗരഭരണകൂടത്തിനും പൊലീസുകാർക്കും അഗ്നിരക്ഷാപ്രവർത്തകർക്കുമെതിരെ വിക്ടർ റൊസാരിയോ ഫെഡറൽ കോടതിയെ സമീപിച്ചു. കേസിൽ ദിവസങ്ങൾക്കുമുൻപാണ് നൂറുകോടി രൂപ നഷ്ടപരിഹാരം നൽകാൻ യു.എസ് കോടതി ഉത്തരവിട്ടത്. നഷ്ടപരിഹാരത്തുക നൽകാൻ ലോവൻ നഗരസഭാ ഭരണകൂടം തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
ജയിലിലടച്ചവരൊടെല്ലാം താൻ പൊറുത്തിരിക്കുന്നുവെന്നാണ് കോടതിവിധിക്കുശേഷം വിക്ടർ റൊസാരിയോ പ്രതികരിച്ചത്. 32 വർഷമാണ്, ജീവിതത്തിന്റെ പകുതിയിലേറെയാണ് മസാച്യുസെറ്റ്‌സ് കോടതിയിൽ കഴിയേണ്ടിവന്നത്. എങ്ങനെ പൊറുക്കാമെന്നാണ് ഇക്കാലയളവിൽ താൻ പഠിച്ചെടുത്തതെന്നും റൊസാരിയോ വാർത്താസമ്മേളനത്തിൽ മനസ്സുതുറന്നു.
Summary: A Massachusetts man who spent 32 years in prison after he was wrongfully convicted of setting a fire that killed eight people will receive $13 million from the city where he was arrested