Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
സാലിഹ് അൽജഫറാവി | Photo: Al Jazeera
ഗസ്സ: ഗസ്സ നഗരത്തിൽ ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഫലസ്തീൻ മാധ്യമപ്രവത്തകൻ സാലിഹ് അൽജഫറവിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നീക്കം ചെയ്ത് അമേരിക്കൻ കമ്പനി മെറ്റാ. കഴിഞ്ഞ രണ്ട് വർഷമായി ഗസ്സയിലെ ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങൾ കൃത്യമായി സോഷ്യൽ മീഡിയ അകൗണ്ടുകൾ വഴി സാലിഹ് പങ്കുവെച്ചിരുന്നു. 4.5 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള സാലിഹിന്റെ വെരിഫൈഡ് ഇൻസ്റ്റാഗ്രാം അകൗണ്ടാണ് മെറ്റാ നീക്കം ചെയ്തത്.
'അപകടകരമായ സംഘടന, അപകടകാരികളായ വ്യക്തി' എന്ന കാരണം കാണിച്ചാണ് മെറ്റാ അകൗണ്ട് നീക്കം ചെയ്തതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സാഹചര്യമോ തെളിവോ നൽകാൻ മെറ്റാ തയ്യാറായിട്ടില്ല. സാലിഹ് ഉൾപ്പെടെയുള്ള ഗസ്സയിലെ മറ്റ് നിരവധി ഫലസ്തീൻ മാധ്യമപ്രവർത്തകരെ ഹമാസിൽ പെട്ടവരാണെന്ന് ഇസ്രായേൽ യാതൊരു തെളിവും നൽകാതെ നിരന്തരം ആരോപിച്ചിരുന്നു.
ഫലസ്തീനെ പിന്തുണക്കുകയും ഫലസ്തീനികളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള കണ്ടെന്റുകളും അനാവശ്യമായി നീക്കം ചെയ്യുന്നത് ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും സ്വന്തമാക്കിയിരിക്കുന്ന മെറ്റക്ക് പതിവായിരുന്നു എന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് (HRW) റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.