ഹമാസ് ബന്ദിയാക്കിയവരുടെ പോസ്റ്ററുകള്‍ വലിച്ചുകീറി; ഫ്ലോറിഡയില്‍ ദന്തഡോക്ടറെ പുറത്താക്കി
സൗത്ത് ഫ്ലോറിഡയിലെ ഡോക്ടറായ അഹമ്മദ് എൽകൗസയുടെ ജോലിയാണ് തെറിച്ചത്
ഡോക്ടര്‍ എല്‍കൗസയും സുഹൃത്തും
ഫ്ലോറിഡ: ഹമാസ് ബന്ദിയാക്കിയ ഇസ്രായേലികളുടെ ഫോട്ടോയുള്ള പോസ്റ്ററുകള്‍ വലിച്ചുകീറിയതിനെ തുടര്‍ന്ന് ദന്ത ഡോക്ടറെ ജോലിയില്‍ നിന്നും പുറത്താക്കിയതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൗത്ത് ഫ്ലോറിഡയിലെ ഡോക്ടറായ അഹമ്മദ് എൽകൗസയുടെ ജോലിയാണ് തെറിച്ചത്. നഗരത്തിലെ വംശീയ വിദ്വേഷം ശമിപ്പിക്കാനാണ് താനങ്ങനെ ചെയ്തതെന്ന് ഡോക്ടര്‍ പറഞ്ഞു.
ട്രെൻഡി ബ്രിക്കെൽ പരിസരത്താണ് ഹമാസ് ബന്ദിയാക്കിയ 200 പേരുടെ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ഇത് വലിച്ചുകീറിയ രണ്ടു പേരില്‍ ഒരാളാണ് ഡോ.എല്‍കൗസ. കീറിയ പോസ്റ്ററുകളുമായി ഇവര്‍ തിരക്കേറിയ തെരുവിലൂടെ നടക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധത്തിന് കാരണമായി. ഇതിനു പിന്നാലെ എല്‍കൗസയെ കോറൽ ഗേബിൾസ് ഡെന്‍റിസ്ട്രിയിലെ സ്ഥാനത്ത് നിന്ന് പുറത്താക്കി.എൽകൗസയുടെ പ്രവർത്തനങ്ങളെ തങ്ങൾ പിന്തുണയ്ക്കുന്നില്ലെന്ന് ഡെന്‍റല്‍ ഓഫീസ്, സിജി സ്മൈൽ വ്യക്തമാക്കി. അവർ തീവ്രവാദ ഗ്രൂപ്പുകളെയോ പ്രവർത്തനങ്ങളെയോ പിന്തുണക്കാരെയോ അംഗീകരിക്കുന്നില്ലെന്ന് ഊന്നിപ്പറഞ്ഞു. തുടർന്ന് അദ്ദേഹത്തെ അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും ഗ്രൂപ്പുകളിൽ നിന്നും നീക്കം ചെയ്തു.
എന്നാല്‍ തന്‍റെ പ്രവര്‍ത്തനം സദുദ്ദേശ്യത്തോടെയുള്ളതാണെന്ന് ഡോ.എൽകൗസ അവകാശപ്പെട്ടു. പോസ്റ്ററുകളെക്കുറിച്ചുള്ള തന്‍റെ ആശങ്കകൾ അറിയിക്കാൻ ഡോ. എൽകൗസ പൊലീസിനെ വിളിച്ച് ഒന്നുകിൽ കൗണ്ടർ പോസ്റ്ററുകൾ സ്ഥാപിക്കാനോ നിലവിലുള്ളവ നീക്കം ചെയ്യാനോ അഭ്യര്‍ഥിച്ചുവെന്ന് എൽകൗസയുടെ പ്രതിനിധിയും മുസ്‍ലിം ലീഗല്‍ ലീഡ് അറ്റോർണിയുമായ ഹസൻ ഷിബ്ലി പറയുന്നു. ''വിദ്വേഷ കുറ്റകൃത്യങ്ങൾ അല്ലെങ്കിൽ തുടർന്നുള്ള സംഘർഷങ്ങൾ തടയാൻ കഴിയുമെന്ന് വിശ്വസിച്ചുകൊണ്ട്, അവ നീക്കം ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വധഭീഷണിയും ശല്യപ്പെടുത്തുന്ന കോളുകളും ഉൾപ്പെടെയുള്ള പ്രകോപനത്തിലേക്ക് നയിച്ചു. അത് എന്താണോ അദ്ദേഹം ഉദ്ദേശിച്ചത്...അതിനെതിനായിരുന്നു'' ഷിബ്‍ളി വിശദീകരിച്ചു. എല്‍കൗസയുടെ ഉദ്ദേശം ആരെയും ദ്രോഹിക്കാന്‍ ഉദ്ദേശിച്ചതുള്ളതല്ലെന്നും ജൂതര്‍ക്ക് സംഭവിച്ചതില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Full View