യുദ്ധക്കെടുതിയുടെ ആദ്യ പകുതി, രണ്ടാം ഇന്നിങ്സിൽ ​ഗംഭീര തിരിച്ചുവരവ്

അതിർത്തികളിൽ യുദ്ധം കൊടുമ്പിരികൊള്ളുമ്പോൾ അതിരുകളില്ലാത്ത ക്രിക്കറ്റ് ലോകത്തേക്ക് ആ ബാലൻ പതിയെ കാലെടുത്തുവെക്കുകയായിരുന്നു. യുദ്ധകാലത്ത് ദുർബലമായ സമാധാനം 2000 -ൽ പുനഃസ്ഥാപിക്കപ്പെട്ടതോടെ കുടുംബം അഫ്​ഗാനിസ്താനിലേക്ക് മടങ്ങി. അവിടെ മുഹമ്മദ് ഷെഹ്സാദ്, ഷപൂർ സദ്രാൻ, തുടങ്ങിയ പ്രതിഭകളോടൊപ്പം നബി തന്റെ കഴിവുകൾ മിനുക്കി. ഒരേ സമയം യു​ദ്ധവും സമാധാനവും പെയ്തിറങ്ങിയ പിച്ചിൽ കളി പഠിച്ച ആ ​ഗള്ളി ക്രിക്കറ്റർ ഒരുനാൾ തന്റെ രാഷ്ട്രത്തെ ആ​ഗോളവേദിയിലേക്ക് നയിക്കുമെന്ന് അവനറിയില്ലായിരുന്നു.

Update: 2025-09-19 10:22 GMT

പെഷവാറിലെ പൊടിപടലമുയരുന്ന അഭയാർത്ഥി ക്യാമ്പുകളിൽ, ന​ഗരത്തിന്റെ മുക്കും മൂലയും യുദ്ധക്കെടുതികൾ നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ്, പത്തു വയസ്സുകാരനായ മുഹമ്മദ് നബി എന്ന ബാലൻ ആദ്യമായി ഒരു ക്രിക്കറ്റ് ബാറ്റ് കയ്യിലേന്തുന്നത്. 1985 ജനുവരി 1-ന് അഫ്​ഗാനിസ്ഥാനിലെ ലോ​ഗർ പ്രവിശ്യയിലെ സമ്പന്നമായ ഒരു വ്യവസായ കുടുംബത്തിലായിരുന്നു അവന്റെ ജനനം. കളിച്ചു നടക്കേണ്ട കുരുന്നുബാല്യം, പക്ഷേ സോവിയറ്റ്- അഫ്​ഗാൻ യുദ്ധത്തിന്റെ മടിത്തട്ടിലിലാണ് പിച്ചവെച്ചു തുടങ്ങിയത്. 1980-കളുടെ അവസാനമായപ്പോഴേക്കും ജന്മനാട്ടിൽ രക്ഷയില്ലാതെ കുടുംബസമേതം പാക്കിസ്താനിലേക്ക് കുടിയേറേണ്ടിവന്നു. പെഷവാറിലെ താൽക്കാലിക പിച്ചുകളിൽ കളിച്ചു തുടങ്ങുന്നത് അങ്ങനെയാണ്. സ്മൃതിമണ്ഡലത്തിൽ ഉരുകിയൊലിക്കുന്ന ജന്മനാടിന്റെയും സ്വന്തക്കാരുടെയും ഓർമകൾക്കിടയിൽ ക്രിക്കറ്റ് അവന് ആശ്വാസമേകി. അതിർത്തികളിൽ യുദ്ധം കൊടുമ്പിരികൊള്ളുമ്പോൾ അതിരുകളില്ലാത്ത ക്രിക്കറ്റ് ലോകത്തേക്ക് ആ ബാലൻ പതിയെ കാലെടുത്തുവെക്കുകയായിരുന്നു. യുദ്ധകാലത്ത് ദുർബലമായ സമാധാനം 2000 -ൽ പുനഃസ്ഥാപിക്കപ്പെട്ടതോടെ കുടുംബം അഫ്​ഗാനിസ്താനിലേക്ക് മടങ്ങി. അവിടെ മുഹമ്മദ് ഷെഹ്സാദ്, ഷപൂർ സദ്രാൻ, തുടങ്ങിയ പ്രതിഭകളോടൊപ്പം നബി തന്റെ കഴിവുകൾ മിനുക്കി. ഒരേ സമയം യു​ദ്ധവും സമാധാനവും പെയ്തിറങ്ങിയ പിച്ചിൽ കളി പഠിച്ച ആ ​ഗള്ളി ക്രിക്കറ്റർ ഒരുനാൾ തന്റെ രാഷ്ട്രത്തെ ആ​ഗോളവേദിയിലേക്ക് നയിക്കുമെന്ന് അവനറിയില്ലായിരുന്നു.

Advertising
Advertising

 

തെരുവിൽ നിന്ന് ക്രീസിലേക്ക്

2006-ൽ നടന്ന ഇന്ത്യയുമായുള്ള പര്യടനത്തിലാണ് മുഹമ്മദ് നബിയിലെ പ്രതിഭയിലെ ലോകമറിയുന്നത്. മേരിൽബോൺ ക്രിക്കറ്റ് ക്ലബിനെതിരെ(എംസിസി) നേടിയ സെഞ്ച്വറിയിലൂടെ മുൻ ഇം​ഗ്ലണ്ട് നായകൻ മൈക്ക് ​ഗാറ്റിങ്ങിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഇത് ഇം​ഗ്ലണ്ടിലെ യംങ് ക്രിക്കറ്റേഴ്സ് പ്രോ​ഗ്രാമിലേക്കും 2007-ൽ ശ്രീലങ്ക എ-യ്ക്കെതിരെ എംസിസിക്ക് വേണ്ടി ആദ്യ ഫസ്റ്റ് ക്ലാസ് മത്സരത്തിലേക്കും നയിച്ചു. ആ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 43 റൺസുമായി ടോപ് സ്കോററായി. തിരികെ അഫ്​ഗാനിലെത്തുമ്പോൾ അവിടെ ക്രിക്കറ്റ് ശൈശവ​​ദശയിലായിരുന്നു. ഐസിസി വേൾഡ് ക്രിക്കറ്റ് ലീ​ഗിന്റെ ഡിവിഷൻ ഫൈവിൽ നിന്ന് തുടങ്ങി. നബി അവിടെയും ടീമിന്റെ ജീവനാഡിയായിരുന്നു. 2008-ൽ ഡിവിഷൻ ഫോറും ഫൈവും വിജയിപ്പിച്ചെടുക്കാൻ അദ്ധേഹത്തിനായി. അടുത്ത വർഷം അഫ്​ഗാൻ ടീമിനെ വൺഡേ ഇന്റർനാഷണൽ പ​ദവിയിലേക്കും എത്തിക്കാനായി. 2009-ലെ അന്താരാഷ്ട്ര ക്രിക്കറ്റ് ലീ​ഗ് ഡിവിഷൻ ത്രീയിൽ 11 വിക്കറ്റ് വീഴ്ത്തുകയും വേൾഡ്കപ്പ് യോ​ഗ്യതാമത്സരങ്ങളിലേക്ക് അഫ്​ഗാനെ എത്തിക്കാനാകുകയും ചെയ്തത് മുഹമ്മദ് നബിയുടെ ക്രിക്കറ്റ് ജീവിതത്തിലെ നാഴികക്കല്ലായിരുന്നു.

ലോകത്തിന്റെ നെറുകയിലേക്ക് രാജകീയമായ രം​ഗപ്രവേശനം

2009 ഏപ്രിൽ 19-ന് സ്കോട്ട്ലൻഡിനെതിരെയായിരുന്നു അഫ്​ഗാനിസ്ഥാന്റെ ആദ്യ ഏകദിന മത്സരം. നബി അവിടെയുണ്ടായിരുന്നു. ഏക​ദിന ക്രിക്കറ്റ് ജീവിതത്തിൽ പിന്നീടൊരു തിരിഞ്ഞുനോട്ടമുണ്ടായിരുന്നില്ല. 2010 ഫെബ്രുവരിയിൽ അയർലൻഡിനെതിരെ ടി20 യിൽ അരങ്ങേറ്റം നടത്തി, അഫ്​ഗാനിസ്താൻ ടി20 ടീമിലെ അഞ്ചാമത്തെ ക്യാപ് നേടിയ താരമായി. ആക്രമണോത്സുകമായ വലംകൈ ബാറ്റിങ്ങും തന്ത്രശാലിയായ ഓഫ് ബ്രേക്ക് ബോളിങ്ങും പുറത്തെടുത്തതോടെ കളിക്കളത്തിൽ പ്രതിഭയുടെ കാര്യത്തിൽ നബി മറ്റു പലരേക്കാളും ഒരുപടി മുകളിലായിരുന്നു. 2014 ഏഷ്യാകപ്പ്, 2015 ഏകദിന ലോകകപ്പ്, 2010, 2012, 2014 വർഷങ്ങളിലെ കുട്ടിക്രിക്കറ്റ് ലോകമാമാങ്കത്തിലും നബി ടീമിന്റെ സാരഥ്യം വഹിക്കുകയുണ്ടായി.

സുപ്രധാനമായ ചില നാഴികക്കല്ലുകൾ

1. 2015 ഏകദിന ലോകകപ്പ്

സ്കോട്ട്ലൻ‍ഡിനെതിരായ ഐതിഹാസിക വിജയത്തിൽ നിർണായകമായ സാന്നിധ്യമായി നബി ടീമിലുണ്ടായിരുന്നു. മിന്നും പ്രകടനങ്ങളോടെ ക്രിക്കറ്റ് മാമാങ്കത്തിലെ അഫ്​ഗാൻ ​ഗർജനം ലോകത്തിന് കാണിച്ചുകൊടുത്തു.

2. 2016 ടി20 ലോകകപ്പ്

സിംബാബ് വേക്കെതിരെയും ഹോങ്കോങിനെതിരെയുമുള്ള അഫ്​ഗാൻ വീരഗാഥകളിൽ നിർണായക ഇടപെടലുകൾ

3. 2018-ൽ ടെസ്റ്റ് അരങ്ങേറ്റം

ഇന്ത്യയ്ക്കെതിരായ അഫ്​ഗാന്റെ ആദ്യ പര്യടനത്തിൽ മൂന്ന് മത്സരങ്ങളിൽ നിന്നായി ഏഴ് വിക്കറ്റുകൾ നേടി. 2019-ൽ ഏക​ദിനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ടെസ്റ്റിൽ നിന്ന് വിരമിച്ചു.

4. 2024 ടി20 ലോകകപ്പ്

സംഭവബഹുലമായ ഈ ലോകമാമാങ്കത്തിൽ കരുത്തരായ ഓസീസിനെ അട്ടിമറിച്ചാണ് 15 വർഷത്തിനുശേഷം അഫ്​ഗാനിസ്ഥാൻ സെമിയിലെത്തുന്നത്. ആ മത്സരത്തോടെ പുതിയ കാലത്തെ കറുത്ത കുതിരകളെന്ന് ഖ്യാതി നേടിയ ടീം അത്യപൂർവമായ പല നേട്ടങ്ങളിലേക്കും കുതിക്കുകയുണ്ടായി.

ഒരു ക്രിക്കറ്റ് താരം എത്രമാത്രം ക്ഷമാശീലമുള്ളവനായിരിക്കണമെന്നത് മുഹമ്മ​ദ് നബിയുടെ ജീവിതം പരിശോധിക്കുന്ന ഏതൊരാൾക്കും അറിയാനാകും. 300-ലധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച നബി ഏകദിനത്തിൽ നിന്നായി 27.2 ശരാശരിയിൽ മൂവായിരത്തിലേറെ റൺസും നൂറിലേറെ വിക്കറ്റും നേടിയിട്ടുണ്ട്. ഒരുകാലത്ത് ക്രിക്കറ്റ് ഭൂപടത്തിൽ ഒന്നുമല്ലാതിരുന്ന അഫ്​ഗാനിസ്ഥാൻ ടീമിന് തന്റെ പോരാട്ടവീര്യം കൊണ്ട് സ്വന്തമായൊരു മേൽവിലാസമേകിയതിന് ക്രിക്കറ്റ് ഇതിഹാസം കെവിൻ പിറ്റേഴ്സൺ ദി പ്രസിഡന്റ് എന്നാണ് വിശേഷിപ്പിക്കുകയുണ്ടായത്.

 

ലോകമറിഞ്ഞ പ്രതിഭ

ക്രിക്കറ്റിനോടുള്ള മു​​ഹമ്മദ് നബിയുടെ അഭിനിവേശത്തിന്റെ തെളിവാണ് ലോകകമെമ്പാടുമുള്ള ടി20 ലീ​ഗുകളുടെ സീലുകളാൽ നിറഞ്ഞിരിക്കുന്ന അദ്ദേ​​​​ഹത്തിന്റെ പാസ്പോർട്ട്. 2017-ൽ ഐപിഎല്ലിലെ ആദ്യ അഫ്​ഗാൻ താരമായി തിരഞ്ഞെടുക്കപ്പെട്ട സൺറൈസേഴ്സ് ഹൈദരാബാദ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യൻസ് തുടങ്ങിയ ടീമുകൾക്കായി കളത്തിലിറങ്ങിയിട്ടുണ്ട്. പാക്കിസ്താൻൻ സൂപ്പർ ലീ​ഗിലും കരീബിയൻ പ്രീമിയർ ലീ​ഗിലും ബി​ഗ് ബാഷിലുമടക്കം പല ടീമിലും കളിക്കാനിറങ്ങിയ താരം വലിയ പല വിജയങ്ങളുടെയും ഭാ​ഗമായിട്ടുമുണ്ട്. കളിച്ചുണ്ടാക്കിയ പല നേട്ടങ്ങളിലും സ്വന്തം രാജ്യത്തെയും ഭാവി വാ​ഗ്ദാനങ്ങളെയും ചേർത്തു കെട്ടുകയെന്നതായിരുന്നു നബിയുടെ ആ​ഗ്രഹം. കളിയോടുള്ള തന്റെ അടങ്ങാത്ത അഭിലാഷത്തെ രാജ്യത്തിന്റെ മുഴുവൻ ഇന്ധനമാക്കി മാറ്റിയെടുക്കാനുള്ള നിദാന്ത പരിശ്രമങ്ങളും അദ്ധേഹത്തിന്റെ ഭാ​ഗത്തു നിന്നുണ്ടായിരുന്നു.

പരിചയസമ്പന്നനായ ക്യാപ്റ്റൻ

ഒരുവശത്ത് മിന്നുംപ്രകടനങ്ങളുമായി യുവതാരങ്ങൾ അരങ്ങേറുകയും പല്ലുകൊഴിഞ്ഞ സിംഹങ്ങൾ വിടപറയുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴും നാൽപ്പതാം വയസ്സിൽ മുഹമ്മദ് നബി കാലത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്. 2025-ലെ ഏഷ്യാകപ്പിൽ ശ്രീലങ്കക്കെതിരായ മത്സരത്തിൽ അഫ്​ഗാനിസ്താൻ 112/6 എന്ന നിലയിൽ പതറുമ്പോൾ 22 പന്തിൽ 60 റൺസുമായി ക്രിക്കറ്റ് പ്രേമികളെ ഒന്നടങ്കം ത്രസിപ്പിച്ചിരിക്കുകയാണ് താരം. മത്സരത്തിൽ ശ്രീലങ്ക വിജയിച്ചെങ്കിലും നബിയുടെ പ്രകടനം ടീമിന്റെ പോരാട്ടവീര്യത്തിന് പ്രചോദനമേകുന്നതായിരുന്നു.

ക്രിക്കറ്റ് ഭൂപടത്തിലൂടെ മുഹമ്മദ് നബി നടത്തിയ പ്രയാണങ്ങൾ അഫ്​ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റേത് കൂടിയാണ്. യുദ്ധത്തിന്റെ നിഴലുവീണ മണ്ണിൽ നിന്ന് ക്രിക്കറ്റിന്റെ പ്രകാശമാനമായ പിച്ചിലേക്ക്, പരീക്ഷണങ്ങളെ ക്ഷമയോടെ നേരിട്ട് ബൗണ്ടറി കടത്തിയ അതിജീവനത്തിന്റെ നീണ്ടു കിടക്കുന്ന ഒരു യാത്ര. അനിവാര്യമായ ഒരു തിരിഞ്ഞുനടത്തത്തിനുള്ള സമയമടുത്തെങ്കിലും എക്കാലവും നിലനിൽക്കുന്ന പൈതൃകം അയാൾ പിൻ​ഗാമികൾക്കായി ബാക്കിവെച്ചിട്ടുണ്ട്. ക്രിക്കറ്റ് ജ്വരം അവസാനിക്കാത്തിടത്തോളം കാലം ക്ഷണികമായ നായകന്മാരുടെ കായിക ലോകത്ത് നബി ശാശ്വതനായിരിക്കും.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - അന്‍ഫസ് എന്‍.

Media Person

Similar News