മുഹമ്മദ് ഷഹാബുദ്ദീൻ ചുപ്പു പുതിയ ബംഗ്ലാദേശ് പ്രസിഡന്‍റ്

ബംഗ്ലാദേശില്‍ ഏറ്റവും കൂടുതൽ കാലം പ്രസിഡന്‍റായിരുന്ന ഹമീദിന്‍റെ കാലാവധി ഏപ്രിൽ 23ന് അവസാനിക്കും

Update: 2023-02-14 04:56 GMT
Editor : Jaisy Thomas | By : Web Desk

മുഹമ്മദ് ഷഹാബുദ്ദീൻ ചുപ്പു 

ധാക്ക: മുൻ ജഡ്ജിയും സ്വാതന്ത്ര്യ സമര സേനാനിയുമായ മുഹമ്മദ് ഷഹാബുദ്ദീൻ ചുപ്പു ബംഗ്ലാദേശിന്‍റെ 22-ാമത് പ്രസിഡന്‍റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് അബ്ദുൾ ഹമീദിന്‍റെ പിന്‍ഗാമിയായിട്ടാണ് 74കാരനായ ചുപ്പു സ്ഥാനമേല്‍ക്കുന്നത്.

ബംഗ്ലാദേശില്‍ ഏറ്റവും കൂടുതൽ കാലം പ്രസിഡന്‍റായിരുന്ന ഹമീദിന്‍റെ കാലാവധി ഏപ്രിൽ 23ന് അവസാനിക്കും, ഭരണഘടന പ്രകാരം അദ്ദേഹത്തിന് മൂന്നാം തവണയും തുടരാനാവില്ല. മുതിർന്ന അവാമി ലീഗ് നേതാവും ഏഴ് തവണ നിയമസഭാംഗവുമായ ഹമീദ് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018 ഏപ്രില്‍ 24നാണ് അദ്ദേഹം രണ്ടാം തവണ പ്രസിഡന്‍റായി അധികാരമേറ്റത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചുപ്പുവിനെ ഹമീദ് ഫോണിൽ അഭിവാദ്യം ചെയ്യുകയും തിങ്കളാഴ്ച വിജയാശംസകൾ നേരുകയും ചെയ്തതായി പ്രസിഡന്‍റിന്‍റെ പ്രസ് സെക്രട്ടറി യുഎൻബിയോട് പറഞ്ഞു.

Advertising
Advertising

ജില്ലാ സെഷൻസ് ജഡ്ജിയായി വിരമിച്ച ശേഷം, സ്വതന്ത്ര അഴിമതി വിരുദ്ധ കമ്മീഷൻ കമ്മീഷണർമാരിൽ ഒരാളായി ചുപ്പു സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് രാഷ്ട്രീയത്തിൽ ചേരുകയും മുതിർന്ന പാർട്ടി നേതാക്കളും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന അവാമി ലീഗ് ഉപദേശക സമിതിയിൽ അംഗമാവുകയും ചെയ്തു.രാജ്യത്തിന്‍റെ തലവനാകാൻ ചുപ്പുവിന് പാർട്ടി സ്ഥാനം ഉപേക്ഷിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. വടക്കുപടിഞ്ഞാറൻ പബ്‌ന ജില്ലയിൽ ജനിച്ച ചുപ്പു, 1960-കളുടെ അവസാനത്തിലും 1970-കളുടെ തുടക്കത്തിലും അവാമി ലീഗിന്‍റെ വിദ്യാർഥി യുവജന വിഭാഗങ്ങളുടെ നേതാവായിരുന്നു. 1971ലെ വിമോചനയുദ്ധത്തിലും അദ്ദേഹം പങ്കെടുക്കുകയും 1975 ഓഗസ്റ്റ് 15-ന് ബംഗ്ലാദേശ് സ്ഥാപകൻ ബംഗബന്ധു ഷെയ്ഖ് മുജിബുർ റഹ്മാന്റെ വധത്തെത്തുടർന്ന് ഒരു പ്രതിഷേധം നടത്തിയതിന് തടവിലാക്കപ്പെട്ടിട്ടുണ്ട്.

1996-ലെ തെരഞ്ഞെടുപ്പിൽ അവാമി ലീഗ് അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ ബംഗബന്ധു വധക്കേസിന്‍റെ കോർഡിനേറ്ററായി ചുപ്പു പ്രവർത്തിച്ചു.ഭാര്യ റെബേക്ക സുൽത്താന സർക്കാരിന്‍റെ മുൻ ജോയിന്‍റ് സെക്രട്ടറിയാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News