‘ഗസ്സയിൽ ഒരൊറ്റ ദിവസം കൊല്ലപ്പെട്ടത്​ 130ലേറെ കുഞ്ഞുങ്ങൾ’; ദൃശ്യങ്ങൾ ഭയാനകമെന്ന്​ യുനിസെഫ്​

‘ഉറങ്ങിക്കിടന്ന കുട്ടികൾക്ക്​ നേരെയും ആക്രമണമുണ്ടായി’

Update: 2025-03-19 04:54 GMT

ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ നടത്തിയ ക്രൂരമായ വ്യോമാക്രമണങ്ങളെ യുഎൻ ചിൽഡ്രൻസ് ഫണ്ട് (യുനിസെഫ്) മേധാവി കാതറിൻ റസ്സൽ അപലപിച്ചു. ഒരു വർഷത്തിനിടെ ഒരൊറ്റ ദിവസം ഏറ്റവുമധികം കുഞ്ഞുങ്ങൾ കൊല്ലപ്പെട്ട സംഭവമാണിതെന്ന്​​ അവർ പറഞ്ഞു.

‘ഗസ്സ മുനമ്പിൽനിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകളും ചിത്രങ്ങളും ഭയാനകമാണ്. 130ലധികം കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്’ -കാതറിൻ റസ്സൽ പ്രസ്താവനയിൽ പറഞ്ഞു.

ആക്രമണങ്ങൾ ജീവൻ അപഹരിക്കുക മാത്രമല്ല ചെയ്യുന്നത്​, ഇതിനകം തന്നെ ദുർബലരായ ജനങ്ങളുടെ ദുരിതം വർധിപ്പിക്കുകയുമാണ്​. ഉറങ്ങിക്കിടന്ന കുട്ടികളും കുടുംബങ്ങളും താമസിക്കുന്ന താൽക്കാലിക ഷെൽട്ടറുകൾക്ക്​ നേരെയും ആക്രമണമുണ്ടായി​. ഗസ്സയിൽ ഒരിടവും സുരക്ഷിതമല്ല എന്നതിന്റെ മറ്റൊരു മാരകമായ ഓർമപ്പെടുത്തൽ കൂടിയാണിത്​.

Advertising
Advertising

മാനുഷിക സഹായവുമായുള്ള അവസാന ട്രക്ക് ഗസ്സയിലേക്ക് വന്നിട്ട് 16 ദിവസമായി. കൂടാതെ, പ്രധാന ഡീസലൈനേഷൻ പ്ലാന്റിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കപ്പെട്ടു, ഇത് കുടിവെള്ളത്തിന്റെ അളവ് ഗണ്യമായി കുറച്ചു. 15 മാസത്തിലധികം നീണ്ട യുദ്ധം സഹിച്ചവ ഗസ്സയിലെ പത്ത് ലക്ഷം കുട്ടികൾ വീണ്ടും ഭയത്തിന്റെയും മരണത്തിന്റെയും ലോകത്തേക്ക് തള്ളിവിടപ്പെട്ടിരിക്കുന്നു. ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും കാതറിൻ റസ്സൽ ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര മാനുഷിക നിയമം എല്ലാ കക്ഷികളും മാനിക്കണം. മാനുഷിക സഹായം ഉടനടി നൽകാനും സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും അനുവദിക്കണമെന്നും ഇവർ കൂട്ടിച്ചേർത്തു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News