2024 ന്റെ ആരംഭം മുതൽ സുഡാനിൽ ബലാത്സംഗം ചെയ്യപ്പെട്ടത് 200 ലധികം കുട്ടികൾ, അതിജീവിതരിൽ ഒരു വയസിന് താഴെയുള്ളവരും: യുണിസെഫ്

ബലാത്സംഗം ഉൾപ്പെടെയുള്ള ലൈംഗിക അതിക്രമങ്ങൾ സുഡാനിൽ യുദ്ധതന്ത്രമായി ഉപയോഗിക്കുന്നു എന്ന് യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ

Update: 2025-03-04 11:20 GMT
Editor : സനു ഹദീബ | By : Web Desk

ഖാർത്തൂം: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ 2024 ന്റെ ആരംഭം മുതൽ 200 ലധികം കുട്ടികൾ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ ഏജൻസിയായ യുണിസെഫ്. ഒരു വയസിൽ താഴെ പ്രായമുള്ള കുട്ടികൾ പോലും ക്രൂരമായ ലൈംഗിക അതിക്രമങ്ങൾക്കിരയായെന്ന് യുണിസെഫിന്റെ റിപ്പോർട്ട് പറയുന്നു. ബലാത്സംഗം ഉൾപ്പെടെയുള്ള ലൈംഗിക അതിക്രമങ്ങൾ സുഡാനിൽ യുദ്ധതന്ത്രമായി ഉപയോഗിക്കുന്നു എന്ന് യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ റിപ്പോർട്ടിൽ പറഞ്ഞു.

യുണിസെഫിന്റെ കണക്കുകൾ പ്രകാരം, ആൺകുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് 221 കുട്ടികളെ ആയുധധാരികളായ പുരുഷന്മാർ ബലാത്സംഗം ചെയ്തിട്ടുണ്ട്. ഇതിൽ 66 ശതമാനം പെൺകുട്ടികളും ബാക്കി ആൺകുട്ടികളുമാണ്. അതിജീവിതരിൽ 16 പേർ അഞ്ച് വയസ്സിന് താഴെയുള്ളവരും നാല് പേർ ഒരു വയസ്സിന് താഴെയുള്ളവരായിരുന്നു.

Advertising
Advertising

ബലാത്സംഗങ്ങൾ ഉൾപ്പടെ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 77 അധിക കേസുകൾ യുണിസെഫിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

2023 ഏപ്രിലിലാണ് സുഡാനിൽ ആഭ്യന്തരയുദ്ധം ആരംഭിച്ചത്. സൈന്യവും അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിൽ തലസ്ഥാനമായ ഖാർത്തൂമിൽ ഉൾപ്പടെ രാജ്യത്തുടനീളം ഏറ്റുമുട്ടലുകൾ നടന്നിരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം, 20,000 പേരെങ്കിലും ആഭ്യന്തരയുദ്ധത്തിൽ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. അനൗദ്യോഗിക കണക്കുകൾ ഇതിലും വളരെ കൂടുതലാണ്. 14 ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തിട്ടുണ്ട്.യുദ്ധം ആരംഭിച്ചതിനുശേഷം 61,800 കുട്ടികൾ ആന്തരികമായി കുടിയിറക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News