'യുദ്ധം വേണ്ട': പൂക്കളുമായി എംബസിയിലെത്തിയ കുഞ്ഞുങ്ങളെ റഷ്യന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

കുട്ടികളുടെ കൈകളില്‍ റഷ്യന്‍ പതാകയും യുക്രൈന്‍ പതാകയും ഉണ്ടായിരുന്നു.

Update: 2022-03-03 07:21 GMT

റഷ്യയിലെ യുക്രൈന്‍ എംബസിയിലേക്ക് പൂക്കളുമായെത്തിയ അഞ്ച് കുട്ടികളെയും രണ്ട് സ്ത്രീകളെയും മോസ്കോ പൊലീസ് കസ്റ്റഡിയിലെടുത്തു. യുദ്ധം വേണ്ട എന്നെഴുതിയ പോസ്റ്ററുകളുമായാണ് കുഞ്ഞുങ്ങളെത്തിയത്. കുട്ടികളുടെ കൈകളില്‍ റഷ്യന്‍ പതാകയും യുക്രൈന്‍ പതാകയും ഉണ്ടായിരുന്നു.

7നും 11നും ഇടയിൽ പ്രായമുള്ള കുട്ടികളെയും അവരുടെ അമ്മമാരെയുമാണ് പൊലീസ് വാനില്‍ കയറ്റി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. വാനിലിരുന്ന് കുട്ടികള്‍ കരയുന്ന ദൃശ്യം പുറത്തുവന്നു. നമ്മള്‍ യുദ്ധത്തിന് എതിരാണെന്ന് ലോകത്തെ അറിയിക്കുകയാണ് ഈ പ്രതിഷേധത്തിലൂടെയെന്ന് അമ്മ കുട്ടികളിലൊരാളോട് പറയുന്നത് ദൃശ്യത്തില്‍ കാണാം. മണിക്കൂറുകള്‍ കഴിഞ്ഞാണ് ഇവരെ വിട്ടയച്ചത്.

Advertising
Advertising

കസ്റ്റഡിയിലെടുത്ത സ്ത്രീകളെ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് അലക്സാണ്ഡ്ര അർഖിപോവ എന്ന നരവംശ ശാസ്ത്രജ്ഞ പറഞ്ഞു. അവർ വിചാരണയും പിഴയും നേരിടേണ്ടിവരും. മാതാപിതാക്കൾ ഭയത്തിലാണെന്നും അർഖിപോവ കൂട്ടിച്ചേര്‍ത്തു.

യുദ്ധത്തിനെതിരെ റഷ്യയില്‍ ഒരാഴ്ചയായി പ്രതിഷേധം തുടരുകയാണ്. 14 വയസ് വരെയുള്ള കുട്ടികളെ മൂന്ന് മണിക്കൂറിൽ കൂടുതൽ കസ്റ്റഡിയില്‍ വെയ്ക്കുന്നത് നിയമവിരുദ്ധമാണ്. യുക്രൈനെതിരായ യുദ്ധം കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നതിന്‍റെ തെളിവാണിതെന്ന് റഷ്യയിലെ കുട്ടികളുടെ പ്രതിഷേധത്തിന്‍റെ ചിത്രം പങ്കുവെച്ച് യുക്രൈന്‍ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബ പറഞ്ഞു.

"പുടിൻ കുട്ടികളുമായി യുദ്ധത്തിലാണ്. കിന്റർഗാർട്ടനുകളിലും അനാഥാലയങ്ങളിലും അദ്ദേഹത്തിന്റെ മിസൈലുകൾ പതിച്ചു. റഷ്യയിലും അങ്ങനെ തന്നെ. യുദ്ധം വേണ്ടെന്ന് പറഞ്ഞതിന് 7 വയസുള്ള ഡേവിഡും സോഫിയയും 9 വയസുള്ള മാറ്റ്വിയും 11 വയസുള്ള ഗോഷയും ലിസയും ഒരു രാത്രി അഴിക്കുള്ളിലായി"- എന്നാണ് ഡിമിട്രോ കുലേബയുടെ ട്വീറ്റ്.

സെന്റ് പീറ്റേഴ്‌സ്ബർഗിൽ യുദ്ധത്തിനെതിരെ പ്രതിഷേധിക്കുന്നതിനിടെ 77കാരിയായ കലാകാരിയും ആക്ടിവിസ്റ്റുമായ യെലേന ഒസിപോവയെയും അറസ്റ്റ് ചെയ്തു. പിഴയും അറസ്റ്റും വിചാരണയും നേരിടേണ്ടി വരുമെന്ന പൊലീസിന്‍റെ മുന്നറിയിപ്പ് വകവെയ്ക്കാതെ ആയിരങ്ങള്‍ റഷ്യയില്‍ പ്രതിഷേധിക്കുകയാണ്. 33 നഗരങ്ങളിലാണ് പ്രധാനമായും പ്രതിഷേധം നടക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ 6840 പേരെ പൊലീസ് തടവിലാക്കി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News