ഇറാനില്‍ മൊസാദ് വേട്ട; പിടിയിലായത് 700 ചാരന്മാര്‍

യുദ്ധത്തിനും സംഘര്‍ഷത്തിനും താല്‍ക്കാലിക വിരാമമായതോടെ ഇറാന്‍ ശുദ്ധീകരണ പ്രക്രിയയിലേക്കു കടക്കുകയാണ്. യുദ്ധത്തിലെ സ്ട്രാറ്റജിക്കല്‍ വീഴ്ചകള്‍ പരിഹരിച്ചു പഴുതടയ്ക്കുകയാണു മുന്നിലുള്ള വലിയൊരു ലക്ഷ്യം. പരിഹാരക്രിയകളുടെ ഭാഗമായി ഇറാന്‍ സൈന്യവും പൊലീസും വിപ്ലവ ഗാര്‍ഡുമെല്ലാം ചേര്‍ന്നുള്ള ഊര്‍ജിതമായ പരിശോധനകളും റെയ്ഡുകളുമാണ് രാജ്യത്തുടനീളം നടക്കുന്നത്

Update: 2025-06-27 05:49 GMT
Editor : Shaheer | By : Web Desk

ജൂണ്‍ 13നു പുലര്‍ച്ചെ, 200 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇറാനിലെ 100ഓളം കേന്ദ്രങ്ങളില്‍ വന്‍ വ്യോമാക്രമണം നടത്തി ഇസ്രായേല്‍ ലോകത്തെ ഞെട്ടിച്ചതിനു പിന്നാലെ 'ടൈംസ് ഓഫ് ഇസ്രായേല്‍' ഒരു എക്‌സ്‌ക്ലൂസീവ് വാര്‍ത്ത പുറത്തുവിടുന്നുണ്ട്. Mossad set up drone base in Iran, UAVs took out missile launchers overnight എന്നായിരുന്നു ആ വാര്‍ത്തയുടെ തലക്കെട്ട്. അതായത് മൊസാദും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സും ചേര്‍ന്നു വര്‍ഷങ്ങളായി നടത്തിയ അതീവ രഹസ്യമായ ആസൂത്രണത്തിന്റെ പിന്‍ബലത്തിലാണ് ഇറാന്‍ ആക്രമണം നടത്തുന്നതെന്ന്. ഡ്രോണുകളും ആയുധ സാമഗ്രികളും ഐഡിഎഫ് ഐകമാന്‍ഡോകളെ വരെ അതീവരഹസ്യമായി ഇറാനിലെത്തിച്ചു. അവിടെ ഡ്രോണ്‍ താവളങ്ങള്‍ നിര്‍മിച്ചു എന്നെല്ലാമായിരുന്നു വെളിപ്പെടുത്തല്‍. ഈ റിപ്പോര്‍ട്ട് ശരിവയ്ക്കുന്ന ഏതാനും ദൃശ്യങ്ങള്‍ മൊസാദ് തന്നെ പിന്നീട് പുറത്തുവിട്ടു. ഇറാനികളെ തന്നെ ഉപയോഗിച്ചായിരുന്നു മൊസാദ് ഇറാന്റെ മണ്ണില്‍ ഈ പറഞ്ഞ രഹസ്യനീക്കങ്ങളും ചാരപ്രവര്‍ത്തനങ്ങളുമെല്ലാം നടത്തിയത്.

Advertising
Advertising
Full View

ഒരേസമയം ഞെട്ടലും തിരിച്ചറിവുമായിരുന്നു ഇറാന് ഈ വെളിപ്പെടുത്തലുകള്‍. ആക്രമണം നടന്നു മണിക്കൂറുകള്‍ക്കകം അവര്‍ ഇസ്രായേലില്‍ പ്രത്യാക്രമണം ആരംഭിച്ചു. അതേസമയത്തുതന്നെ സ്വന്തം മണ്ണിലും ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടിരുന്നു ഇറാന്‍. ഇസ്രായേല്‍ ചാരസംഘത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നവരെ ലക്ഷ്യമിട്ടുള്ള വ്യാപകമായ റെയ്ഡിനു തുടക്കമിട്ടു.

യുദ്ധത്തിനും സംഘര്‍ഷത്തിനും താല്‍ക്കാലിക വിരാമമായതോടെ ഇറാന്‍ ശുദ്ധീകരണ പ്രക്രിയയിലേക്കു കടക്കുകയാണ്. യുദ്ധത്തിലെ സ്ട്രാറ്റജിക്കല്‍ വീഴ്ചകള്‍ പരിഹരിച്ചു പഴുതടയ്ക്കുകയാണു മുന്നിലുള്ള വലിയൊരു ലക്ഷ്യം. അതില്‍ പരമപ്രധാനം രാജ്യത്തെ തകര്‍ന്നുകിടക്കുന്ന ഇന്റലിജന്‍സ് സംവിധാനത്തിന്റെ ഉടച്ചുവാര്‍ക്കല്‍ തന്നെയാണ്. പരിഹാരക്രിയകളുടെ ഭാഗമായി ഇറാന്‍ സൈന്യവും പൊലീസും വിപ്ലവ ഗാര്‍ഡുമെല്ലാം ചേര്‍ന്നുള്ള ഊര്‍ജിതമായ പരിശോധനകളും റെയ്ഡുകളുമാണ് രാജ്യത്തുടനീളം നടക്കുന്നത്. ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം 700 മൊസാദ് ചാരന്മാരാണ് 12 ദിവസത്തിനകം ഇറാനില്‍ പിടിയിലായിരിക്കുന്നത്. അതില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മൂന്നുപേരുടെ വധശിക്ഷയും നടപ്പാക്കിക്കഴിഞ്ഞു.

മൊസാദിന്റെ വര്‍ഷങ്ങള്‍ നീണ്ട രഹസ്യ ഓപറേഷനുകളുടെ ആത്മവിശ്വാസത്തിലാണ് ഇസ്രായേല്‍ ഇറാനില്‍ കയറി ആക്രമിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്റെ ആഭ്യന്തര സുരക്ഷാ വലയത്തില്‍ നുഴഞ്ഞുകയറി, അവിടെയൊരു രഹസ്യ നെറ്റ്‌വര്‍ക്ക് വികസിപ്പിച്ചെടുത്തതായിരുന്നു മൊസാദ് ഓപറേഷന്‍. മൊസാദ് ഏജന്റുമാര്‍ ഇറാനിലേക്ക് ഡ്രോണുകളും നൂതന ആയുധങ്ങളും ഒളിച്ചുകടത്തി. സ്യൂട്ട്‌കേസുകളിലും ഷിപ്പിങ് കണ്ടെയ്‌നറുകളിലും ട്രക്കുകളിലുമെല്ലാമായിരുന്നു ഈ ഡ്രോണുകളും ആയുധ സാമഗ്രികളും ഒരു ഈച്ച പോലും അറിയാതെ ഇറാനിലെത്തിച്ചത്.

പിന്നാലെ മൊസാദ് ഇറാനില്‍ ഒരു ഡ്രോണ്‍ ബേസ് സ്ഥാപിച്ചുവെന്നും 'ടൈംസ് ഓഫ് ഇസ്രായേല്‍' റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. താവളത്തില്‍നിന്ന് ഡ്രോണുകള്‍ വിട്ട് ഇറാന്റെ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ മൊസാദിന് സാധിച്ചു. ഇറാന്റെ റഡാര്‍ സംവിധാനങ്ങള്‍ നിര്‍വീര്യമാക്കാനും മൊസാദ് ഏജന്റുമാര്‍ കൃത്യമായി പദ്ധതി ആസൂത്രണം ചെയ്തു. സാധാരണ ചരക്കു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ മുതല്‍ ഇറക്കുമതി തൊഴിലാളികള്‍ വരെയുള്ളവരെ ഇതിനായി ഇസ്രായേല്‍ ചാരസംഘം ഉപയോഗിച്ചു.

ഓപറേഷനു തുടക്കമിടുംമുന്‍പ്, ഇറാന്റെ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ മൊസാദ് ഏജന്റുമാര്‍ ഇസ്രായേലിനു കൈമാറിയിരുന്നു. ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കിടയില്‍ വരെ മൊസാദിന്റെ കമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ ചാരവൃത്തി നടത്തിയെന്ന് ഒരു വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഒരു എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ഏകദേശം മൂന്നു വര്‍ഷത്തോളം എടുത്താണ് ഇറാന്‍ ലക്ഷ്യമിട്ടുള്ള വിപുലമായ ആക്രമണത്തിനുള്ള തന്ത്രപരമായ അടിത്തറ മൊസാദ് ഒരുക്കുന്നത്.

നേരത്തെ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ കൊലപാതകങ്ങള്‍ ഇറാന്റെ ഇന്റലിജന്‍സ് ദൗര്‍ബല്യം പരസ്യമാക്കിയതാണ്. എന്നാല്‍, മൊസാദ് താവളങ്ങള്‍ സ്വന്തം മണ്ണില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം ഇറാന് ശരിക്കും ഞെട്ടലായിരുന്നു. അങ്ങനെയാണ് ഇസ്രായേല്‍ ആക്രമണത്തിനുള്ള പ്രത്യാക്രമണത്തിനു സമാന്തരമായി ഇറാനില്‍ തന്നെ വന്‍ തോതിലുള്ള 'മൊസാദ് വേട്ട'യ്ക്ക് അവര്‍ തുടക്കമിടുന്നത്. ഇറാന്‍ വിപ്ലവ ഗാര്‍ഡിന്റെ നേതൃത്വത്തില്‍, മൊസാദിനായി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്നവരെയെല്ലാം വ്യാപകമായി അറസ്റ്റ് ചെയ്തു. ടൈംസ് ഓഫ് ഇസ്രയേലിന്റെ റിപ്പോര്‍ട്ട് പ്രകാരം, 700ലധികം പേര്‍ ഇതിനോടകം അറസ്റ്റിലായി. ഇവരില്‍ മൂന്ന് പേര്‍ക്ക്, ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്നും ഉന്നത നേതാക്കളുടെ കൊലപാതക ഗൂഢാലോചനയില്‍ പങ്കാളിയായെന്നും ആരോപിച്ച് വധശിക്ഷ നടപ്പാക്കി.

ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലും ഹമദാന്‍ പോലുള്ള നഗരങ്ങളിലും വിപ്ലവ ഗാര്‍ഡ് വ്യാപകമായ റെയ്ഡുകള്‍ നടത്തുന്നുണ്ട്. മൊസാദിന്റെ ഒരു പ്രധാന കമാന്‍ഡ് സെന്റര്‍ തകര്‍ത്തതായും ഒട്ടേറെ സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തതായും ഗാര്‍ഡ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.

അര്‍ധസൈനിക വിഭാഗമായ ബസീജ് യുദ്ധാനന്തരമുള്ള ഇറാന്റെ പ്രതീകമാണ്. പുറത്തുനിന്നുള്ള ശത്രുവിന്റെ ഭീഷണിക്കുമുന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കുകയായിരുന്നു ഇറാനികള്‍. എല്ലാ ഭിന്നതകളും മറന്നു ദേശീയത എന്ന ഒറ്റ വികാരത്തില്‍ ഭരണകൂടത്തെ അവര്‍ പിന്തുണച്ചു. ഇപ്പോഴിതാ ബസീജില്‍ അണിനിരക്കാനായി യുവാക്കള്‍ കൂട്ടമായി എത്തുകയാണെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വയം സന്നദ്ധരായി ആയിരങ്ങളാണ് പാരാമിലിട്ടറിയില്‍ ചേരുന്നത്.

മൊസാദ് ഏജന്റുമാരെ ലക്ഷ്യമിട്ടുള്ള വ്യാപകമായ പരിശോധനയും രഹസ്യാന്വേഷണങ്ങളുമാണ് ബസീജിന്റെ പുതിയ ദൗത്യം. നഗരങ്ങളിലും ഗ്രാമങ്ങളിലും മുഴുവന്‍ സംഘം പിടിമുറുക്കുകയാണ്. എസ്‌യുവികളും ട്രക്കുകളും ലോറികളും വാനുകളുമെല്ലാം തടഞ്ഞു നിര്‍ത്തി പരിശോധന നടത്തുന്നു. പലയിടത്തുനിന്നും സ്‌ഫോടക വസ്തുക്കളും ഡ്രോണ്‍ സാമഗ്രികളുമെല്ലാം പിടിച്ചെടുക്കുന്നു. ലക്ഷങ്ങള്‍ വാങ്ങി മൊസാദിനും ഇസ്രായേലിനും വേണ്ടി ചാരവൃത്തി നടത്തുന്ന നിരവധി പേരെ ബസീജ് സംഘം സൈന്യത്തിനു കൈമാറിയതായും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News