ബന്ദികളായ അമ്മയെയും കുഞ്ഞിനെയും ഹമാസ് മോചിപ്പിച്ചു

പ്രഥമ പരിഗണന ഹമാസിനറെ പിടിയിലുള്ള അമേരിക്കൻ ബന്ദികളെ വിട്ടുകിട്ടുന്നതിനെന്നാണ് ജോ ബൈഡൻ നേരത്തെ പറഞ്ഞിരുന്നു

Update: 2023-10-20 18:48 GMT
Advertising

ഗസ്സ സിറ്റി: രണ്ട് ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്. അമേരിക്കൻ പൗരൻമാരായ അമ്മയെയും മകളെയുമാണ് ഖത്തറിന്റെ മധ്യസ്ഥതയിൽ മോചിപ്പിച്ചത്. 198ലധികം പേർ ബന്ദികളായി ഹമാസിന്റെ കൈകളിലുണ്ടെന്ന് ഇസ്രായേൽ പറഞ്ഞിരുന്നു. അതേസമയം, 250 ബന്ദികളുണ്ടെന്ന് ഹമാസും പറഞ്ഞു. അമേരിക്കയുടെ പിന്തുണയോടെയാണ് ഖത്തർ ചർച്ചകൾക്ക് നേതൃത്വം നൽകിയത്. മാനുഷിക പരിഗണനയുടെ പേരിൽ അമ്മയെയും കുഞ്ഞിനെയും വിട്ടയച്ചതായി ഹമാസ് സൈനിക വക്താവാണ് അറിയിച്ചത്. ഇവരെ ഗസ്സയിലെ റെഡ്‌ക്രോസിന് കൈമാറുമെന്നാണ് വിവരം. പ്രഥമ പരിഗണന ഹമാസിനറെ പിടിയിലുള്ള അമേരിക്കൻ ബന്ദികളെ വിട്ടുകിട്ടുന്നതിനെന്നാണ് ജോ ബൈഡൻ നേരത്തെ പറഞ്ഞിരുന്നു.

ബന്ദികളോട് നല്ല രീതിയിലാണ് പെരുമാറുന്നതെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. മോചിതരായ പലരും ഇക്കാര്യം ശരിവെക്കുന്ന പ്രതികരണമാണ് നടത്തിയിരുന്നത്. എന്നാൽ ഹമാസിനെ കുറിച്ച് പല വ്യാജ വാർത്തകളും പ്രചരിച്ചിരുന്നു.

അതേസമയം, ഗസ്സയിലേക്കുള്ള റഫാ അതിർത്തി ഈജിപ്ത് ഇതുവരെ തുറന്നില്ല. അതിർത്തി ഇന്ന് തുറക്കുമെന്നും 20 ട്രക്കുകൾ കടത്തിവിടുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ലോകം. പക്ഷേ ഈ സമയം വരെ ഈജിപ്ത് അതിർത്തി തുറന്നിട്ടില്ല. യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറെസ് നേരിട്ട് റഫാ അതിർത്തിയിലെത്തിയിട്ടുണ്ട്. ഗസ്സ ജീവിതത്തിനു മരണത്തിനും ഇടയിലാണെന്നും എത്രയും പെട്ടെന്ന് റഫാ അതിർത്തി തുറക്കുന്നതിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ഗുട്ടറെസ് പറഞ്ഞു.

അതിനിടെ, ഫലസ്തീനിലെ പുരാതനമായ ഗ്രീക്ക് ഓർത്തഡോക്‌സ് ചർച്ചായ ഗസ്സ സിറ്റിയിലെ സെയ്‌റ് പോർഫിരിയൂസ് ചർച്ചിനു നേരെയും ഇസ്രായേൽ ബോംബിട്ടു. ഇവിടെ 16 ക്രിസ്തുമത വിശ്വസികൾ ഉൾപ്പെടെ നിരവധി പേർ കെല്ലപ്പെട്ടു. ഇവരുടെ സംസ്‌കാരച്ചടങ്ങുകളും തുടങ്ങി.

അതേസമയം, ഗസ്സയിൽ 7 പ്രധാന ആശുപത്രികളുടെ പ്രവർത്തനം നിലച്ചതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിരവധി ആരോഗ്യ കേന്ദ്രങ്ങളും പൂട്ടി. ഗസ്സയിൽ അവസാന മണിക്കൂറിൽ മാത്രം ഇസ്രായേൽ തകർത്തത് 10 റസിഡൻഷ്യൽ കോംപ്ലക്‌സുകളാണ്. ഗസ്സയിലെ മരണസംഖ്യ 4137 ആയി. ഇതിൽ 16 പേർ യുഎൻ ഉദ്യോഗസ്ഥരാണ്. വെസ്റ്റ്ബങ്കിലും ഇസ്രായേലിന്റെ കൂട്ടക്കൊല തുടരുകയാണ്. 81 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. അതിനിടെ, ജറൂസലേമിലെ മസ്ജിദുൽ അഖ്സയുടെ പരിസരത്തേക്ക് കൂടുതൽ സൈനികരെ നിയോഗിച്ചു ഇസ്രായേൽ. ഹിസ്ബുല്ല കേന്ദ്രത്തിന് നേരെ ഇന്നും ഡ്രോൺ ആക്രമണം നടത്തിയതായി ഇസ്‌റായേൽ സൈന്യം അറിയിച്ചു.


Full View


Mother and baby held hostage by Hamas freed

Tags:    

Similar News