10 മക്കളുടെ അമ്മക്ക് 13 ലക്ഷവും മെഡലും; 'മദർ ഹീറോയിനെ' തേടി റഷ്യ

യുക്രൈൻ അധിനിവേശത്തിന് ശേഷം ജനസംഖ്യയിൽ ഉണ്ടായ കുറവ് നികത്തുന്നതിനായാണ് ഈ നീക്കം

Update: 2022-08-19 16:11 GMT
Editor : banuisahak | By : Web Desk
Advertising

മോസ്‌കോ: പത്തോ അതിൽ കൂടുതലോ കുട്ടികളുള്ള അമ്മമാരെ ആദരിക്കാൻ റഷ്യ. സോവിയറ്റ് കാലഘട്ടത്തിലെ ഓണററി പദവിയായ 'മദർ ഹീറോയിൻ' പുനരുജ്ജീവിപ്പിക്കാനാണ് തീരുമാനം. 10 റഷ്യൻ പൗരന്മാർക്ക് ജന്മം നൽകുകയും വളർത്തുകയും ചെയ്യുന്ന സ്ത്രീകൾക്ക് അവാർഡ് നൽകുന്നതിനുള്ള ഉത്തരവിൽ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഈ ആഴ്ച ഒപ്പുവച്ചതായി സിഎൻബിസി റിപ്പോർട്ട് ചെയ്തു. ഒരു ദശലക്ഷം റഷ്യൻ റൂബിളും (13.62 ലക്ഷം രൂപ) മെഡലുമാണ് 'മദർ ഹീറോയിന്' ലഭിക്കുക.

ആരോഗ്യം, വിദ്യാഭ്യാസം, ശാരീരികവും ആത്മീയവും ധാർമ്മികവുമായ വികസനത്തിന് അനുയോജ്യമായ തലത്തിലുള്ള പരിചരണം എന്നിവ കുട്ടികൾക്ക് ഉറപ്പാക്കുന്നവർക്കാണ് അവാർഡിന് അർഹത. യോഗ്യത നേടുന്ന സ്ത്രീകൾ ഒരു മൂല്യനിർണ്ണയ പ്രക്രിയക്ക് വിധേയരാകേണ്ടതുണ്ട്. എന്നാൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എല്ലാ കുട്ടികളും ജീവിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്. എന്നാൽ, സൈനിക, ഔദ്യോഗിക, പൗരസേവനത്തിനിടയിലോ തീവ്രവാദി ആക്രമണത്തിനിടയിലോ മക്കൾ മരണപ്പെട്ട അമ്മമാർക്ക് ഈ നിബന്ധന ബാധകമല്ല.

രണ്ടാം ലോകമഹായുദ്ധസമയത്ത് വൻതോതിലുള്ള ജനസംഖ്യാ തകര്‍ച്ച കാരണം 1944ൽ ജോസഫ് സ്റ്റാലിനാണ് 'മദർ ഹീറോയിൻ' എന്ന പദവി ആദ്യമായി സ്ഥാപിച്ചത്. 1991ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ഇത് നിർത്തലാക്കുകയായിരുന്നു. റഷ്യയിലെ ഔദ്യോഗിക പദവികളായ 'ഹീറോ ഓഫ് റഷ്യ', 'ഹീറോ ഓഫ് ലേബർ' തുടങ്ങിയവക്ക് സമാനമായ പദവിയാണ് 'മദർ ഹീറോയിനും'.

റഷ്യയുടെ ശിശുദിനമായ ജൂൺ ഒന്നിനാണ് മദർ ഹീറോയിൻ പദവി പുനഃസ്ഥാപിക്കാൻ പുടിൻ ആദ്യമായി നിർദ്ദേശം നൽകിയതെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, 2022 ജനുവരി മുതൽ മെയ് വരെ റഷ്യയിലെ ജനസംഖ്യ പ്രതിമാസം 86,000 വരെ കുറഞ്ഞുവെന്നായിരുന്നു സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്സ് ഏജൻസി റോസ്സ്റ്റാറ്റ് പുറത്തുവിട്ട കണക്കുകൾ. 2002ൽ രേഖപ്പെടുത്തിയ പ്രതിമാസം 57,000 പേരുടെ കുറവായിരുന്നു ഇതിന് മുമ്പത്തെ റെക്കോർഡ്. 2020നെ അപേക്ഷിച്ച് റഷ്യയുടെ ജനസംഖ്യയിലെ കുറവ് 2022 ആയപ്പോഴേക്കും മൂന്നിരട്ടിയായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News