Writer - നൈന മുഹമ്മദ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിലെ വിടവാങ്ങല്‍ ചടങ്ങിന് ഇലോണ്‍ മസ്‌ക് എത്തിയത് മുഖത്ത് കറുത്ത പാടുകളുമായി. മസ്‌കിന്റെ മുഖത്തെ പാട് വലിയ തരത്തിലുളള ചോദ്യങ്ങൾക്കും ഊഹാപോഹങ്ങൾക്കും കാരണമായി.
ഇതേക്കുറിച്ചുളള ചോദ്യത്തിന് മസ്‌ക് നല്‍കിയ മറുപടിയാണ് രസകരം. തന്റെ മകന്‍ എക്സ് മുഖത്ത് ഇടിച്ചതിന്റെ പാടാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞത്.
'ഞാന്‍ എന്റെ മകന്‍ എക്‌സിനൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു, തമാശയ്ക്ക് ഞാന്‍ അവനോട് എന്റെ മുഖത്ത് ഇടിക്കാൻ പറഞ്ഞു. അവന്‍ ഞാന്‍ പറഞ്ഞത് പോലെ അനുസരിച്ചു. എന്റെ മുഖത്ത് ഇടിച്ചു. ഒരു അഞ്ചുവയസുകാരന്റെ ഇടിക്ക് ഇത്രയും ആഘാതമുണ്ടാകുമെന്ന് ഞാന്‍ കരുതിയില്ല. അവന്‍ ഇടിച്ച സമയത്ത് വേദനയൊന്നുമില്ലായിരുന്നു. പക്ഷെ ഇപ്പോഴത് മുഖത്ത് പാടായി മാറി'- ഇലോണ്‍ മസ്‌ക് പറഞ്ഞു.
ഡോജിന്റെ മേധാവിയായുളള അവസാന ദിനത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മസ്‌ക് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. സര്‍ക്കാരിന്റെയും ഡോജിന്റെയും സുഹൃത്തും ഉപദേഷ്ടാവുമായി തുടരുമെന്ന് മസ്‌ക് അറിയിച്ചു. 2024-ല്‍ ട്രംപിനായുളള തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഇലോണ്‍ മസ്‌ക് ലഹരി ഉപയോഗിച്ചിരുന്നു എന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ റിപോർട്ട് പുറത്ത് വന്നിരുന്നു.
മസ്‌കിന്റെ മുഖത്തെ പാടിനെക്കുറിച്ചുളള ചോദ്യത്തിന് താനത് ശ്രദ്ധിച്ചില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.
ഈ അഞ്ചുവയസ്സുകാരൻ്റെ പ്രവർത്തികൾ മുന്നേയും വാർത്തയായിരുന്നു.