ഗസ്സയിലെ അവശിഷ്ടങ്ങളില്‍ രക്ഷിതാക്കളെ തിരയുന്ന കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് എൻ്റെ മനസ്: ഗ്വാര്‍ഡിയോള

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ നിലപാട് ആവര്‍ത്തിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബാള്‍ ക്ലബ് പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള

Update: 2026-01-30 04:06 GMT

ബാഴ്‌സലോണ: ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ നരകയാതന അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്കായി വീണ്ടും ശബ്ദമുയര്‍ത്തി മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബാള്‍ ക്ലബ് പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. ബാഴ്‌സലോണയില്‍ ഫലസ്തീന്‍ ചാരിറ്റി സംഘടനയുടെ സംഗീതപരിപാടിയിലാണ് ഗ്വാര്‍ഡിയോള ഐക്യദാര്‍ഢ്യ നിലപാട് ആവര്‍ത്തിച്ചത്. ഗസ്സയില്‍ കൊല്ലപ്പെട്ട രക്ഷിതാക്കളെ തിരയുന്ന കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് തന്റെ മനസ്സെന്ന്  അദ്ദേഹം പറഞ്ഞു.

കറുപ്പും വെളുപ്പും നിറത്തിലുള്ള ഫലസ്തീന്‍ കഫിയ്യ ധരിച്ചാണ് ഗ്വാര്‍ഡിയോള പരിപാടിയില്‍ പങ്കെടുത്തത്. 'രണ്ടുവര്‍ഷമായി ഒരു കുഞ്ഞ് 'എന്റെ അമ്മ എവിടെ' എന്ന് ചോദിച്ച് കെട്ടിടാവശിഷ്ടങ്ങളില്‍ തിരയുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും ടിവിയിലും കാണുമ്പോള്‍ നമ്മള്‍ എന്താണ് ചിന്തിക്കുന്നത്. ആ കുഞ്ഞിന് ഇപ്പോഴും അറിയില്ല അമ്മ എവിടെയെന്ന്. അവര്‍ എന്താകും ചിന്തിക്കുകയെന്ന് ഞാന്‍ ആലോചിക്കാറുണ്ട്. നമ്മള്‍ അവരെ ഒറ്റയ്ക്കാക്കിയിരിക്കുകയാണ്. ഉപേക്ഷിച്ചിരിക്കുകയാണ്. ശക്തരെന്ന് വിളിക്കുന്നവര്‍ ഭീരുക്കളാണ്. കാരണം നിരപരാധികളായ ജനങ്ങളെ കൊല്ലാന്‍ നിരപരാധികളായ ജനങ്ങളെ അയക്കുന്നവരാണവര്‍. അവര്‍ വീട്ടില്‍ ഇരുന്ന് തണുപ്പില്‍ ചൂടേല്‍ക്കുകയും ചൂടില്‍ എസിയില്‍ ഇരിക്കുകയും ചെയ്യുന്നു. ഇതെല്ലാം മനുഷ്യാവകാശത്തെ കുറിച്ചാണ്. ഫലസ്തീനില്‍ സംഭവിക്കാത്തതും അതാണ്' -മൂന്ന് മിനിറ്റ് നീണ്ട പ്രസംഗത്തില്‍ ഗ്വാര്‍ഡിയോള പറഞ്ഞു.

Advertising
Advertising

നമ്മള്‍ ഒരുപടി മുന്നോട്ട് വെക്കണം. നമ്മുടെ സാന്നിധ്യം പോലും വലിയ മാറ്റമുണ്ടാക്കും. ബോംബുകള്‍ ലക്ഷ്യമിടുന്നത് നിശ്ശബ്ദതയാണ്. നാം അതിനോട് മുഖം തിരിക്കാതിരിക്കുക. നമ്മള്‍ മുന്നോട്ട് ചുവടുവെക്കരുതെന്നാണ് അവരുടെ ലക്ഷ്യം. അതാണ് നാം പ്രതിരോധിക്കേണ്ടത്. നമ്മള്‍ മുഖം തിരിക്കാതെ പങ്കാളികളാവുകയും ഇടപെടുകയും വേണം. നമ്മള്‍ ദുര്‍ബലരുടെ പക്ഷത്താണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കണം. ഇവിടെ അത് ഫലസ്തീനാണ്. എന്നാല്‍ എപ്പോഴും ഫലസ്തീന്‍ മാത്രമല്ല. ഇത് ഫലസ്തീന് വേണ്ടിയുള്ള ശബ്ദമാണ്. ഇത് മാനവികതയ്ക്കു വേണ്ടിയുള്ള ശബ്ദമാണ് -ഗ്വാര്‍ഡിയോള പറഞ്ഞു.

നേരത്തെയും പലവട്ടം ഗ്വാര്‍ഡിയോള ഗസ്സക്ക് വേണ്ടി ശബ്ദമുയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് ഓണററി ബിരുദം സ്വീകരിച്ച ശേഷം നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. ഗസ്സയിലെ കാഴ്ചകള്‍ അങ്ങേയറ്റം വേദന നിറഞ്ഞതാണെന്നും ലോകം മൗനം തുടരരുതെന്നുമാിരുന്നു ഗ്വാര്‍ഡിയോളയുടെ ആഹ്വാനം. 'ഗസ്സയില്‍ നമ്മള്‍ കാണുന്ന കാഴ്ചകള്‍ അങ്ങേയറ്റം വേദന നിറഞ്ഞതാണ്. അത് എന്നെയാകെ വേദനിപ്പിക്കുന്നുണ്ട്. നാലുവയസ്സ് മാത്രം പ്രായമുള്ള കുട്ടികള്‍ ബോംബിനാല്‍ കൊല്ലപ്പെടുന്നത് നമ്മള്‍ കാണുകയാണ്. ആശുപത്രി എന്ന് വിളിക്കാന്‍ പോലും പറ്റാത്ത ആശുപത്രികളില്‍ കൊല്ലപ്പെടുകയാണ്. എന്നാല്‍, അതൊന്നും നമ്മെ ബാധിക്കുന്ന കാര്യമല്ലെന്ന് നമ്മള്‍ കരുതുന്നു. ഒരു കാര്യം ശ്രദ്ധിക്കണം. അടുത്തത് നമ്മളായിരിക്കാം. അടുത്തതായി കൊല്ലപ്പെടുന്ന നാലോ അഞ്ചോ വയസ്സുള്ള കുഞ്ഞുങ്ങള്‍ നമ്മുടേതായിരിക്കാം. ഗസ്സയിലെ ഈ ദുസ്വപ്നം ആരംഭിച്ചതു മുതല്‍ എല്ലാദിവസവും രാവിലെ ഞാന്‍ എന്റെ കുഞ്ഞുങ്ങളായ മരിയയെയും മാരിയസിനെയും വലന്റീനയെയും കാണുകയാണ്. ഞാന്‍ അങ്ങേയറ്റം ഭയപ്പെടുകയാണ്' -അന്ന് ഗ്വാര്‍ഡിയോള പറഞ്ഞിരുന്നു. 

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News