Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
വാഷിങ്ടൺ: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം നീട്ടിവച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജൂലൈ ഒൻപത് വരെയാണ് സമയം നീട്ടിയിരിക്കുന്നത്. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നുമായുള്ള ചർച്ചയെ തുടർന്നാണ് തീരുമാനം.
വ്യാപാര കരാർ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്നും ധാരണയായിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര ചർച്ചകളിൽ ഒരു പുരോഗതിയുമില്ലെന്ന് കഴിഞ്ഞ ദിവസം ട്രംപ് അറിയിച്ചിരുന്നു. ചർച്ചകളിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിൽ തീരുവ ചുമത്തലുമായി മുന്നോട്ട് പോകുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റുമായുള്ള ചർച്ച.
കരാറിലെത്താൻ കൂടുതൽ സമയം ആവശ്യമാണെന്ന് ഉർസുല വോൺ ഡെർ ലെയ്‌ൻ ഫോൺ കോളിലൂടെ ട്രംപിനെ അറിയിച്ചു. 'യൂറോപ്യൻ യൂണിയനുമായി ബന്ധപ്പെട്ട 50 ശതമാനം താരിഫിൽ, ജൂൺ ഒന്നിന് നിശ്ചയിച്ചിരുന്ന സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നിൽ നിന്ന് ഇന്ന് എനിക്ക് ഒരു കോൾ ലഭിച്ചു. എന്റെ പ്രത്യേക അധികാരം ഉപയോഗിച്ചുകൊണ്ട് ഞാൻ അതിന് സമ്മതിച്ചു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം ജൂലൈ ഒൻപത് വരെ നീട്ടിയിരിക്കുന്നു' -ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ജൂണ്‍ ഒന്ന് മുതല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കെതിരെ 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നായിരുന്നു ട്രംപ് നേരത്തെ അറിയിച്ചിരുന്നത്. ട്രംപിന്‍റെ ഭീഷണിക്ക് പിന്നാലെ യുഎസ് സ്റ്റോക്ക് മാർക്കറ്റ് കുത്തനെ ഇടിഞ്ഞിരുന്നു. യൂറോപ്യൻ ഓഹരി വിപണികളിലും വലിയ നഷ്ടമുണ്ടായി.